രചന : വർഗീസ് വഴിത്തല✍
കറുപ്പിന് വല്ലാത്ത ലഹരിയാണ്..
കറുപ്പ് തിന്ന് മത്തുപിടിച്ചാൽ
കണ്ണുകൾക്ക് മയക്കം, തലയ്ക്കകത്തു പെരുക്കം..
കറുപ്പിന് പല വകഭേദങ്ങൾ
എന്റെ കറുപ്പ്, നിന്റെ കറുപ്പ്,
അവന്റെ കറുപ്പ്, അവരുടെ കറുപ്പ്..
ചിലതിനു തീവ്രത കൂടും..
വീര്യം കൂടുതലുള്ള കറുപ്പ്
വളരെ പെട്ടെന്ന് എല്ലായിടത്തും വ്യാപിക്കുന്നു..
ജനതയെ അടിമകളാക്കി
രാജ്യം പിടിച്ചടക്കുന്നു..
രാജാവിനെ നിശ്ചയിക്കാനും
ഉടമ്പടികൾ റദ്ദ് ചെയ്യാനും അവയ്ക്ക് കെല്പുണ്ട്..
വീര്യം കുറഞ്ഞ കറുപ്പ്
വീര്യം കൂടിയ കറുപ്പുമായി
സന്ധി ചെയ്ത് കപ്പം കൊടുക്കുകയും
കൂട്ടത്തിൽ ദുർബലരെ ഒറ്റുകയും ചെയ്യുന്നു..
കറുപ്പ് ഒരു അനിവാര്യതയാകുമ്പോൾ വിശന്നു മരിക്കുന്നവരും
ഉണ്ടുമടുത്തവരും ഒന്നുപോലെ കറുപ്പിന് അടിമകളാവുകയും
അപദാനങ്ങൾ പാടി പുകഴ്ത്തുകയും ചെയ്യും..
പാമരന്റെ വീട്ടിലും പരമസമ്പന്നന്റെ വീട്ടിലും
കറുപ്പ് പൂജനീയബിംബമായി മാറും.
കറുപ്പ് തിന്നുന്നവരുടെ രാജാവ്
വിഷം തുപ്പുകയും,
ചോര കുടിക്കുകയും,
നടാത്തത് പറിക്കുകയും,
വിതക്കാത്തത് കൊയ്യുകയും ചെയ്യും..
കറുപ്പ് തിന്നാത്തവരെ അപഹസിക്കുകയും,
ഞെരുക്കുകയും ചവിട്ടിമെതിക്കുകയും ചെയ്യും..
സ്വയം ആരാധനാവസ്തുവായി മാറി ദൈവമാണെന്ന് പ്രഖ്യാപിക്കും..
ഒടുവിൽ, കറുപ്പ് തിന്നാത്തവർ ഒരുമിച്ചുകൂടി വലിയ കാഹളം മുഴക്കും..
അതോടെ എല്ലാം തീരും..