ആട്ടിടയന്മാരുടെ ഗോത്രത്തിൽ നിന്ന് ധീരരായ പോരാളികളെ സൃഷ്ടിച്ച തുർക്കിയുടെ ചരിത്രം അശ്വമേധത്തിന്റെ ചരിത്രമാണ് . മരുഭൂമികൾ , നദികൾ , കൊടുങ്കാടുകൾ , മലയിടുക്കുകൾ , താണ്ടി കുതിച്ചു പാഞ്ഞ തുർക്കിയുടെ ധീര യോദ്ധാക്കളായ കുതിര പടയാളികൾ …..

‌ പേർഷ്യ – അറേബ്യ വഴി ദക്ഷിണേന്ത്യയിലെ കായൽ പട്ടണത്തിലൂടെ സെൽജുക് തുർക്കികളായ ചില അശ്വസൈനികർ തമിഴ്നാട്ടിൽ എത്തിച്ചേർന്നതായും ഇവിടെ താമസമുറിപ്പിച്ചതായും ചരിത്രമുണ്ട് . ഇവിടെ കൂടിയവർ സ്വദേശികളായ സ്ത്രീകളെ വിവാഹം ചെയ്തു . ഇവരിലെ പിന്മുറക്കാരിൽ നിന്നാണ് തുളുക്കപ്പട എന്ന് വിളിക്കപ്പെട്ടിരുന്ന റാവുത്തർമാരുടെ ചരിത്രം തുടങ്ങുന്നത് …….

* ഈ പോസ്റ്റ് നിങ്ങൾക്ക് ഷെയർ ചെയ്യാം എന്റെ പേരൊഴിവാക്കാതെ . അത് കൂടുതൽ വിവരങ്ങൾ /അഭിപ്രായങ്ങൾ ലഭിക്കുന്നതിനായാണ് – മൻസൂർ നൈന *

AD 1040 അഥവാ പതിനൊന്നാം നൂറ്റാണ്ടിൽ മധ്യപൂർവേഷ്യയിൽ നിന്നുള്ള ഒരു മുസ്ലിം മത പണ്ഡിതനായ നാദിർഷ ഷാ അഥവാ നാഥർ വാലി ട്രിച്ചിയിൽ കടന്നു വന്നതായുള്ള കഥകളോടെയുള്ള ചില സംഭവങ്ങൾ പറയുന്നുവെങ്കിലും . AD 1297 – ൽ കുലശേഖര പാണ്ഡ്യൻ സെൽജുക് തുർക്കികളെ ക്ഷണിച്ചു വരുത്തിയതിലൂടെയാണ് തെന്നിന്ത്യയിൽ ഇവരുടെ ശക്തമായ കടന്നു വരവുണ്ടായതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു . കുത്തനെല്ലൂർ , പോടക്കുടി , മുത്തുപേട്ട , കാരക്കൽ എന്നീ പ്രദേശങ്ങളിലാണ് ഇവർ തുടക്കത്തിൽ സെറ്റിൽ ചെയ്തതായി പറയപ്പെട്ടുന്നത് . പാണ്ഡ്യരാജ വംശത്തിനായി ശത്രുക്കൾക്കെതിരെ മികച്ച അശ്വസൈനികരായ ഇവർ ജീവൻമരണ പോരാട്ടങ്ങൾ നടത്തിയതായും ചരിത്രം . മംഗോളിയർക്കെതിരെയുള്ള ഇവരുടെ പോരാട്ട ചരിത്രവും യുദ്ധ തന്ത്രങ്ങളും ശത്രുക്കൾക്ക് പേടി സ്വപ്നമായിരുന്നു .

പാണ്ഡ്യ രാജാക്കന്മാർക്കായി മധുര മീനാക്ഷി ക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങൾ സംരക്ഷിച്ചു നിർത്തിയത് മുസ്ലിം സമുദായത്തിലെ റാവുത്തർ കുതിരപ്പടയാണെന്നും ചരിത്രം . വടക്കൻ തമിഴ്നാട്ടിലും ആന്ദ്രാ പ്രദേശിന്റെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ‘ ദ്രൗപതി അമ്മ ‘ ക്ഷേത്രങ്ങളിലെ രക്ഷാധികാരികളിൽ ഒരാൾ മുസ്ലിം സമുദായത്തിലെ റാവുത്തർ എന്ന യുദ്ധപ്രഭുവാണ് .

AD 1341 – ലെ മഹാപ്രളയത്തിന് ശേഷം കൊച്ചി മനോഹരമായ ഒരു ഉദ്യാനമായി മാറി . വ്യത്യസ്ഥ വർണ്ണങ്ങളും , സുഗന്ധങ്ങളുമുള്ള പൂക്കൾ ഒന്നായി വിരിഞ്ഞു നിൽക്കുന്നത് പോലെ വ്യത്യസ്ഥ
മത – ജാതി – ഭാഷാ – വേഷ – സംസ്ക്കാരങ്ങൾ ഒന്നായി വിരിഞ്ഞ് ഉല്ലസിച്ചു നിൽക്കുന്ന മനോഹരമായൊരു ഉദ്യാനം . കൊച്ചിയിലെ വ്യത്യസ്ഥ വിഭാഗങ്ങൾക്കിടയിൽ നിന്നും മുസ്ലിം സമുദായത്തിലുള്ള റാവുത്തർ വിഭാഗത്തെ കുറിച്ചാണ് ഇവിടെ ഇപ്പോൾ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് .

‘ മദ്രാസ് മുസ്ലിംകൾ ‘ എന്നൊരു വിളിപ്പേര് കൂടി പണ്ടു കാലത്ത് കൊച്ചിയിൽ റാവുത്തർമാർക്കുണ്ടായിരുന്നു . ഓട്ടോമൻ ടർക്കി സാമ്രാജ്യത്തിലെ തുർക്കികളാണ് ഇവരുടെ പൂർവ്വികർ എന്ന് ചരിത്രം . തമിഴ്നാടിന്റെ സംസ്കാരത്തിലേക്ക് ലയിച്ചു ചേർന്ന ഇവരുടെ സംസാര ഭാഷ തമിഴ് തന്നെയാണ് . തുർക്കി – തെന്നിന്ത്യൻ സങ്കര പാരമ്പര്യമാണ് റാവുത്തർമാരുടേത് . വന്നെത്തിയ ഇവിടുത്തെ മണ്ണിന്റെ സംസ്കാരത്തോട് ഇവർ പൂർണ്ണമായി അലിഞ്ഞു ചേർന്നുവെങ്കിലും .ചില അടയാളങ്ങൾ മാത്രം ബാക്കിയായി . ഇവർ ഇപ്പോഴും ഇവരുടെ പിതാക്കന്മാരെ ‘ അത്ത ‘ എന്നും മാതാവിനെ അമ്മ എന്നും വിളിക്കുന്നു . ‘അത്ത ‘ എന്നത് തുർക്കിയുടെ ശേഷിപ്പാണ് . തുർക്കിയിൽ പിതാവിനെ വിളിക്കുക അത്ത എന്നാണ് . ഇവർ പിതാവിനോടുള്ള സ്നേഹത്താലും ബഹുമാനത്താലും തുർക്കിയിലെ ‘ അത്ത ‘ എന്ന വിളി നിലനിർത്തുകയും . മാതാവിനോടുള്ള സ്നേഹം നിമിത്തം ദ്രാവിഡിയൻ പദമായ
‘ അമ്മ ‘ എന്ന വിളി ഇവർ ഹൃദയത്തിലേറ്റുകയും ചെയ്തു . ചില തുർക്കി വാക്കുകൾ ഇപ്പോഴും തമിഴിലും മലയാളത്തിലുമായി കലർന്നു കിടക്കുന്നു . ‘ താറുമാറ് ‘ അതുപോലെ ‘തുറമുഖം ‘ എന്നീ വാക്കുകൾ തുർക്കിയുടെ സംഭാവനയാണെന്ന് നിഗമനം . തുർക്കിപ്പടയിൽ നിന്നാണ് തുളുക്കപ്പട പരിണമിച്ച് എത്തിയതെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു .
ഏഷ്യാ മൈനർ എന്നറിയപ്പെട്ടിരുന്ന തുർക്കിയുടെ ഏഷ്യൻ പ്രദേശമായ അനറ്റോളിയുടെ പുരാതന ശിലാലിഖിതങ്ങൾ ചെന്നൈ മ്യൂസിയത്തിലെ ആർക്കിയോളജി വിഭാഗത്തിലുണ്ട് .

കേരളത്തിലേക്ക് ഇവർ എത്തിച്ചേർന്ന ചില ചരിത്രങ്ങളുണ്ട് . മീനച്ചിലാറ്റിനും പമ്പയാറിനും ഇടയിലായി
AD 1750 വരെ നിലനിന്നിരുന്ന ഒരു സ്വതന്ത്ര രാജ്യമുണ്ട് . ‘ കറുത്ത പൊന്ന് ‘ എന്ന കുരുമുളക് വിളയച്ചിരുന്ന ‘ തെക്കുംകൂർ ‘ എന്ന നാട്ടുരാജ്യം .
ചങ്ങനാശ്ശേരി , കാഞ്ഞിരപ്പള്ളി , തിരുവല്ല , കോട്ടയം താലൂക്കുകളും . മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗവും . കോട്ടയം ജില്ലയിലെ ഹൈറേഞ്ചും ഇവ ചേർന്ന പണ്ടത്തെ വെമ്പൊലി നാടിന്റെ തെക്കൻ ഭാഗങ്ങളായിരുന്നു
‘ തെക്കുംകൂർ രാജ്യം ‘ . തിരുവതാംകൂറിനും കൊച്ചിക്കും ഇടയിലെ ഈ സ്വതന്ത്ര രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി അന്നത്തെ രാജാവ് ‘തുളുക്കപ്പട ‘ എന്ന റാവുത്തർമാരെ തമിഴ്നാട്ടിൽ നിന്നു വിളിച്ചു വരുത്തുകയായിരുന്നു . തിരുവതാംകൂറിന്റെ മഹാനായ ചക്രവർത്തി മാർത്താണ്ടവർമ്മ തന്റെ ശത്രുക്കൾക്ക് എതിരെ യുദ്ധം ചെയ്യാൻ ഇവരെ എത്തിച്ചതോടെ കേരളത്തിൽ റാവുത്തർമാർ വ്യാപകമായി .

കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലും ഇവരുണ്ടെങ്കിലും കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇവർ ധാരാളം . ചങ്ങനാശ്ശേരിയിൽ ഇവരുടെ പ്രബല കുടുംബങ്ങളാണ് ‘പറക്കവെട്ടി ‘ , ‘ അക്കരയിൽ ‘ , ‘തോപ്പിൽ ‘ , ‘ ആലയിൽ ‘ എന്നീ കുടുംബങ്ങൾ . ചങ്ങനാശ്ശേരിയിൽ ഇവരിലെ പൂർവ്വികർക്കായി രാജാവ് അനുവദിച്ചു നൽകിയ സ്ഥലത്താണ് ഇന്നത്തെ പഴയ പള്ളി സ്ഥിതി ചെയ്യുന്നത് . പരസ്പര സൗഹാർദ്ദത്തിനായി രാജാവ് അടുപ്പ് ക്കൂട്ടിയത് പോലെ തൊട്ടടുത്ത് ഒരു അമ്പലവും , ഒരു ചർച്ചും കൂടി അനുവദിച്ചു , പുത്തൂർ പള്ളി മേലെ പറഞ്ഞ നാല് കുടുംബങ്ങൾ ചേർന്നു നിർമ്മിച്ചതാണ് .

പത്തനംതിട്ട , പന്തളം , കോന്നി , മൂവാറ്റുപുഴ , തൊടുപുഴ , ഈരാറ്റുപേട്ട , പാലക്കാട് എന്നീ പ്രദേശങ്ങളിൽ ഇവരെ ധാരാളമായി കാണാൻ കഴിയും . പത്തനംതിട്ടയിൽ ‘ ‘ ‘മേപ്പുറത്ത് ‘ , ‘ അണ്ണാ വീട് ‘ , ‘ മുരിപ്പിൽ ‘ എന്നിവ പ്രബല കുടുംബങ്ങളാണ് . പത്തനംതിട്ടയിൽ മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇവരുടെ പൂർവ്വികരാൽ സ്ഥാപിക്കപ്പെട്ട ജുമഅ മസ്ജിദും കാണാം . ഇവർ ബഹുഭൂരിപക്ഷവും മതത്തിൽ ഹനഫി മദ്ഹബിനെ പിന്തുടരുന്നവരാണ് .

കല്യാണ ചടങ്ങുകൾ ……


കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇവർക്കിടയിൽ കാണുന്ന ചില കല്യാണ ചടങ്ങുകളുണ്ട് . നിക്കാഹിന്
പുതിയ പെണ്ണ് ധരിക്കേണ്ടത് പുതിയാപ്ലയുടെ വിട്ടിൽ നിന്നു കൊണ്ടു വന്ന വസ്ത്രമായിരിക്കണം . താലികെട്ടുന്നതിനുള്ള ആഭരണവും , അവകാശവും പുതിയാപ്ലയുടെ സഹോദരിക്കാണ് . പുതിയാപ്ല നിക്കാഹിന് എത്തുമ്പോൾ പുതിയ പെണ്ണിന്റെ സഹോദരന്മാർ ആരെങ്കിലും കിണ്ടിയിൽ വെള്ളമൊഴിച്ച് പുതിയാപ്ലയുടെ കാൽ കഴുകും അപ്പോൾ കാൽ കഴുകുന്നയാൾക്ക് പുതിയാപ്ല ഒരു സ്വർണ്ണ മോതിരം നൽകും . പെണ്ണ് പുതിയാപ്ലയുടെ വീട്ടിലെത്തുമ്പോൾ ഒരു കലത്തിൽ വെള്ളം നിറച്ച് അടുക്കളയിൽ കൊണ്ടു വെക്കാൻ പറയും . ഭക്ഷണ വിഭവങ്ങളിൽ മറ്റു പ്രത്യേകതകൾ ഒന്നുമില്ലെങ്കിലും ‘രസം ‘ എന്നു വിളിക്കുന്ന പുളിഞ്ചാറ് ഇവരുടെ സ്പെഷ്യലാണ് . ആദ്യകാലങ്ങളിൽ തമിഴ്നാട്ടിലും മറ്റും ഇവരിൽ പുതിയാപ്ല ഒരു യോദ്ധാവിനെ പോലെ കുതിരപ്പുറത്തേറിയാണ് വരിക.

കൊച്ചിയിലും ഇവരുണ്ട് . ഇന്ന് ഇവരെല്ലാം കച്ചവട രംഗത്ത് ആധിപത്യം പുലർത്തുന്നു . ജൗളി വ്യാപാര രംഗത്താണ് ഇവർ ഏറെയും . വിദ്യഭ്യാസ രംഗത്ത് ഇവർ വളരെ മുന്നിലാണി . കലാരംഗത്തും ഇവർ ഇവരുടെതായ മുദ്ര പതിപ്പിക്കുന്നു . കൊച്ചിയിലെ തോപ്പുംപടിയിൽ പാദരക്ഷ കച്ചവട രംഗത്തും ഹോം അപ്ലയൻസ് കച്ചവട രംഗത്തും
റാവുത്തറായ അബ്ദുൾ റസാക്ക് അണ്ണനും അദ്ദേഹത്തിന്റെ കുടുംബവും , ബന്ധുമിത്രാധികളും നിറസാന്നിദ്ധ്യമായി നിൽക്കുന്നു . തോപ്പുപടിയിലെ കിങ്ങ് ഷൂ മാർട്ട് റാവുത്തരായ മജീദ് അണ്ണന്റെതാണ് . എറണാകുളം ബ്രോഡ്വേയിലെ ‘കിങ്ങ് ഷൂ മാർട്ട് ‘
എന്ന സ്ഥാപനം മുഹമ്മദ് മൊയ്തീൻ റാവുത്തർ ആരംഭിച്ചതാണ് അത് പിന്നീട് മകൻ അബ്ദുൾ ഖുദ്ദൂസ് നോക്കി നടത്തിയിരുന്നു ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ഷിജുവും ഷാജുവം നടത്തുന്നു മൂന്നു തലമുറയിലൂടെ നൂറു വയസ്സ് കഴിയുന്നു ഇന്ന് ഈ സ്ഥാപനത്തിന് . പ്രശസ്ത സംവിധായകൻ ഫാസിലിന്റെ സഹോദരിയേയാണ് അബ്ദുൽ ഖുദ്ദൂസ് വിവാഹം ചെയ്തിട്ടുള്ളത് .

കേരളത്തിന് സൗന്ദര്യം നൽകുന്ന പട്ടണം റഷീദ് …………

മലയാള ചലചിത്ര രംഗത്തെ പ്രശസ്ത മേക്കപ്പ്മാൻ പട്ടണം റഷീദ് , റാവുത്തറാണ് . ഇദ്ദേeഹം കൊച്ചി പനയപ്പിള്ളിയിലാണ് ജനിച്ചതും വളർന്നതും . നിരവധി മലയാളം , തമിഴ് , കന്നട , ഹിന്ദി സിനിമകളിലും , ഡാം 999 എന്ന ഹോളീവുഡ് ചിത്രത്തിനും ഇദ്ദേഹം ചമയങ്ങളൊരുക്കി . ദേശീയ ചലിചിത്ര പുരസ്ക്കാര ദാന ചടങ്ങിൽ മികച്ച മേക്കപ്പ്മാനുള്ള പുരസ്ക്കാരവും , നിരവധി സംസ്ഥാന ചലചിത്ര പുരസ്ക്കാരങ്ങളും ഇദ്ദേഹം നേടി . 2011 – ൽ എറണാകുളം കലൂരിൽ ഇദ്ദേഹം ആരംഭിച്ച കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ മേക്കപ്പ് അക്കാഡമിയാണ് ‘ പട്ടണം ഡിസൈനറി ‘ . സഹോദരൻ പട്ടണം ഷാ , സഹോദരി റുഷിദയും ഈ രംഗത്ത് തന്നെ പ്രവർത്തിക്കുന്നു . പട്ടണം ഷാ 36 വർഷത്തോളം കലാരംഗത്ത് പ്രവർത്തിക്കുന്നു അദ്ദേഹം നാടക രംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തുന്നത് . കേരള സംസ്ഥാന അവാർഡും കേരള സംഗീത നാടക അക്കാഡമി അവാർഡും നിരവധി പുരസ്ക്കാരങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് . ഇവരുടെ പിതാവ് ഹുസൈൻ റാവുത്തർ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡിൽ ഫയർ സർവ്വീസിലായിരുന്നു . ഒരു കാലത്ത് യേശുദാസിന്റെ ഓർക്കസ്ട്രേയിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമായിരുന്നു . കൊച്ചിയുടെ ഭായി എച്ച് . മെഹ്ബൂബ് , സീറൊ ബാബു , സി.ഒ. ആന്റൊ എന്നിവരുടെ പരിപാടികളിലേയും സ്ഥിരസാന്നിദ്ധ്യമായിരുന്നു . ഭായിയുടെ അടുത്ത സുഹൃത്തായിരുന്ന ഹുസൈൻ റാവുത്തർ .

കേരളം അറിയാതെ പോയതൊ മറന്നുപോയതൊ ……

റാവുത്തറായ ഒരു കലാകാരൻ കൊച്ചിയിൽ ജീവിച്ചിരുന്നു . സംഗീത സംവിധാന രംഗത്ത് മാന്ദ്രിക സ്പർശമുണ്ടായിരുന്നു . കൊച്ചി ചുള്ളിക്കലിൽ താമസിച്ചിരുന്ന , പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അഫ്സലിന്റെ പിതാവ് S.M. ഇസ്മായിൽ . എഴുപതുകളുടെ അവസാനത്തിൽ കൊച്ചിയിലെ രണ്ടു നക്ഷത്രങ്ങൾ ഒന്നു ചേർന്നപ്പോൾ പിറവിയെടുത്ത ഒരു സംഗീത ആൽബമുണ്ടായി . പ്രശസ്ത എഴുത്തുകാരനും , ഗാന രചയിതാവും , മുതിർന്ന പത്രപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടിയുടെ വരികളിൽ എസ.എം. ഇസ്മായിലിക്ക സംഗീത സംവിധാനം നിർവ്വഹിച്ച ‘അന്ത്യ പ്രവാചകൻ ‘ എന്ന സംഗീത ആൽബം . ജൻസി ടീച്ചർ , കൊച്ചിൻ ഇബ്രാഹിം , കോറസ് പീറ്റർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു .

” മക്കാ നഗരമേ കരയൂ ”
” യത്തീമിൻ കൈ പിടിക്കാൻ പിറന്ന മുത്തേ ”
” ഇലാഹി നിന്നെ അറിയുന്നേൻ ഈ വിജനതയിൽ ”
” ഉടയ്ക്കുവിൻ എറിഞ്ഞെറിഞ്ഞു ഉടയ്ക്കുവിൻ
ശിലകളെ ”
” അന്ത്യപ്രവാചകാ സലാം അലൈക്കും ”
” കഅബ മന്ദിര വാതിൽക്കലണയും ”
” അറേബ്യയിൽ നിന്നൊഴുകി വരുന്നൊരു വിപ്ലവ ഗാനം ”

മാപ്പിള / ഇസ്ലാമിക ഗാനങ്ങളിൽ നിന്നും നാലര പതിറ്റാണ്ടു മുൻപ് ഒഴുകിയ ഈ ഗാനങ്ങൾ വേറിട്ടു നിന്നു . ഇന്നും ഇത്തരമൊന്ന് പിറന്നിട്ടില്ല . അന്ന് മലയാളികളുടെ ചുണ്ടുകളിൽ മൂളി നിന്നു ഈ ഗാനങ്ങൾ . 1998 ൽ എസ്.എം. ഇസ്മായിൽ യാത്രയായി .

ചലചിത്ര പിന്നണി ഗാന രംഗത്തും………….

എസ്.എം. ഇസ്മായിലിക്കയുടെ മക്കളും പേരക്കുട്ടികളും ഇന്ന് സംഗീത ലോകത്ത് അവരുടെതായ കഴിവുകളിലൂടെ ശ്രദ്ധ നേടി കഴിഞ്ഞു . അഫ്സൽ ഇന്ന് ഇരുന്നൂറ്റി അമ്പതോളം സിനിമകളിൽ പാടി കഴിഞ്ഞു . ചലചിത്ര പിന്നണി ഗാനരംഗത്ത് അഫ്സൽ ശക്തമായ സാന്നിദ്ധ്യമായി . SP ബാലസുബ്രമണ്യത്തിന്റെ പാട്ടുകൾ അതെ ശബ്ദത്തിലൂടെ അഫ്സൽ ആലപിച്ചിരുന്നതിനാൽ ആദ്യകാലങ്ങളിൽ
‘ ജൂനിയർ എസ്.പി. ‘ എന്നൊരു പേരു കൂടി അദ്ദേഹത്തിന് ലഭിച്ചു . അമേരിക്ക , ഓസ്ത്രേലിയ , ആഫ്രിക്ക , യൂറോപ്പ് , ഗൾഫ് രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് സ്റ്റേജ് പ്രോഗ്രാമുകളിൽ അഫ്സൽ തന്റെ സാന്നിദ്ധ്യമറിയിച്ചു . അഫ്സലിന്റെ സഹോദരന്മാരായ അൻസാർ , ഷക്കീർ പിന്നെ മൂത്ത സഹോദരൻ അഷറഫിന്റെ മകൻ യാസിർ എന്നിവർ സംഗീത രംഗത്ത് സജീവമാണ് . നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ ഒട്ടനവധി പ്രശസ്തരോടൊപ്പം ഇവർ വേദി പങ്കിട്ടു കഴിഞ്ഞു .

മുഹമ്മദ് റഫി സാഹിബിന് താളം പിടിച്ച കൊച്ചീക്കാരൻ ………

ഒരുകാലത്ത് കൊച്ചിയുടെ താളമായിരുന്നു മൊയ്തീൻ പിച്ച റാവുത്തർ .കൊച്ചിയിലെ സംഗീത സദസ്സുകളിൽ നിറസാന്നിദ്ധ്യമായിരുന്നു മൊയ്തീൻ പിച്ച . കൊച്ചിയുടെ ജനകീയ ഗായകൻ
എച്ച് . മെഹ്ബൂബ് ഭായിക്കു വേണ്ടി കേരളത്തിനു അകത്തും പുറത്തുമായി നിരവധി ഗാനസദസ്സുകളിൽ പിച്ച റാവുത്തർ താളം പിടിച്ചു . പ്രശസ്ത ഗായകൻ മുഹമ്മദ് റഫി സാഹിബിന്റെ ഒരു സംഗീത പരിപാടി കൊച്ചി തോപ്പുംപടിയിലെ പട്ടേൽ ടാക്കീസിൽ ( ഇന്ന് മറീന മാൾ ) വെച്ചു നടന്നിരുന്നു . പ്രസ്തുത സംഗീത പരിപാടിയുടെ റിഹേഴ്സൽ ചടങ്ങുകൾ അകമ്പടിയായത് പിച്ച റാവുത്തറിന്റെ താളമാണ് . 1994 – ൽ കൊച്ചിയിൽ ‘ ഇഖ്ബാൽ മ്യൂസിക്കൽ ക്ലബ്ബ് ‘ ആരംഭിക്കാൻ മുൻകൈയ്യെടുത്തവരുടെ കൂട്ടത്തിൽ മൊയ്തീൻ പിച്ച റാവുത്തറും ഉണ്ടായിരുന്നു . എൻ.കെ.എ. ലത്തീഫ് , എസ്.എം. ഇസ്മായിൽ , നടൻ റിസാ ബാവയുടെ പിതാവ് മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ ‘ഇഖ്ബാൽ മ്യൂസിക്കൽ ക്ലബ്ബിന്റെ ‘ അമരത്തുണ്ടായിരുന്നു . അമ്മാട്ടി ഉസ്താദിലൂടെയാണ് മൊയ്തീൻ പിച്ച റാവുത്തർ തബല അഭ്യസിച്ചത് .


കൊച്ചി കപ്പലണ്ടി മുക്കിൽ ഹനീഫ്ക്ക നടത്തിയിരുന്ന ഒരു തുണിക്കടയുണ്ടായിരുന്നു ‘ മെട്രൊ ‘ എന്നായിരുന്നു കടയുടെ പേര് . ഹനീഫ്ക്കയുടെ സഹോദരൻ ഇസ്മായിൽ ഒരു നാടക നടനായിരുന്നു . മെട്രൊ ഹനീഫ്ക്ക കൊച്ചിയിൽ അന്നുണ്ടായിരുന്ന ‘ഹാസ്യ കല തിയറ്റേർസിനു ‘ വേണ്ടി സ്ക്രിപ്റ്റ് എഴുതിയ ‘ എന്നിട്ടും കുറ്റം പള്ളിക്ക് ‘ എന്ന നാടകം നിരവധി വേദികളിൽ അരങ്ങേറിയിട്ടുണ്ട് . പിന്നീട് ഇദ്ദേഹം മുസ്ലിം സമുദായത്തിലെ നവോത്ഥാന പ്രസ്ഥാനം രംഗത്ത് മുൻനിരയിലുണ്ടായിരുന്നു .

കൊച്ചിയിൽ നിന്നു തെന്നിന്ത്യ വരെ………


മെട്രൊ ഹനീഫ്ക്കയുടെ മകൻ അബ്ദുൽ കലാം ആസാദ് പട്ടണം , കൊച്ചിയുടെ മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുത്തു വളർന്നു വന്നു ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ് . ബാംഗ്ലൂർ ആസ്ഥാനമായ ഇന്ത്യ ഫൗണ്ടേഷൻ ഫോർ ആർട്ടും , ഇംഗ്ലണ്ട് ആസ്ഥാനമായ ചാൾസ് വാലസ് അവാർഡും ഇദ്ദേഹത്തെ തേടിയെത്തി . ഇപ്പോൾ ‘ ഏക ലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി ‘ യുടെ ചെയർമാനാണ് . ഇദ്ദേഹത്തിന്റെ പിതാവിന്റെ സഹോദര പുത്രനാണ് പട്ടണം റഷീദ് . ഇപ്പോൾ ആസാദ് വയനാട് കൽപ്പറ്റയിൽ താമസിക്കുന്നു .

പരമോന്നത നീതി ന്യായ പീഠത്തിൽ ………

ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീം കോടതിയിലെ പ്രഥമ മുസ്ലിം വനിതാ ജഡ്ജിയാണ് ജസ്റ്റിസ് : ഫാത്വിമ ബീവി . പത്തനംതിട്ടയിൽ അണ്ണാ വീട്ടിൽ റാവുത്തർ കുടുംബത്തിൽ ജനിച്ച ജസ്റ്റിസ് : ഫാത്വിമ ബീവി 1997 മുതൽ 2001 വരെ തമിഴ്നാട് ഗവർണ്ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

റാവുത്തറായ നിത്യഹരിത നായകൻ ……

അബ്ദുൽ ഖാദിർ എന്ന പ്രേംനസീർ റാവുത്തറാണ് . അകോട് ഷാഹുൽ ഹമീദിന്റെയും അസ്മാബീവിയുടെയും മകനായി ചിറയിൻ കീഴിൽ ജനിച്ചു .
520 സിനിമകളിൽ നായകനായി അഭിനിയച്ചിതിന്റെ പേരിലും , 130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചിതിന്റെ പേരിലും , രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു . എൺപത് നായികമാർക്കൊപ്പം അഭിനയിച്ചതിനും. ഒരേ വർഷം , 30 പ്രധാന വേഷങ്ങളിൽ അഭിനയിച്ചതിന്റെ പേരിലും മറ്റ് രണ്ട് അഭിനയ റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായതിന് ഗിന്നസ് റക്കോർഡിൽ പ്രവേശിച്ചു . 672 മലയാളം , 56 തമിഴ് , 21 തെലുങ്ക് , 32 കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . നിരവധിയാളുകളെ സാമ്പത്തികമായി സഹായിച്ചിട്ടുള്ള പ്രേംനസീർ കാരുണ്യത്തിന്റെ ആൾരൂപം എന്നു വിശേഷിപ്പിക്കപ്പെടുന്നു .

റാവുത്തർമാരുടെ സംവിധാനത്തിൽ ………..

ആലപ്പുഴയിലെ കുരുമുളക് വ്യാപാരി അബ്ദുൽ ഹമീദ് റാവുത്തറുടെയും ഉമൈബാന്റെയും മകനായി ജനിച്ച പ്രശസ്ത സംവിധായകൻ മുഹമ്മദ് ഫാസിൽ എന്ന ഫാസിൽ നിരവധി തവണ മികച്ച ജനപ്രീതിയുള്ള ചലചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി . ഏറ്റവും മികച്ച ചിത്രത്തിനും , മികച്ച സംവിധായകനുമുള്ള സംസ്ഥാന അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചു .
‘ മണിചിത്രതാഴ് ‘ എന്ന ചിത്രത്തിന്
നാഷ്ണൽ അവാർഡും സ്വന്തമാക്കി . ഒൻപത് തമിഴ് , രണ്ടു തെലുങ്കു , ഒരു ഹിന്ദി സിനമയും ഇദ്ദേഹം സംവിധാനം ചെയ്തു.
നടൻ ഫഹദ് ഫാസിൽ മകനാണ് .

പ്രശസ്ത സംവിധായകൻ സിദ്ദീഖ് , റാവുത്തർ കുടുംബാംഗമാണ് . ലാലുമായി ചേർന്ന് സിദ്ദീഖ് ലാൽ എന്ന പേരിൽ നിരവധി ഹാസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു . ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായ സിദ്ദീഖ് സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം ഹൈസ്ക്കൂളിൽ ജോലി ചെയ്തിട്ടുണ്ട് . ചലച്ചിത്ര രംഗത്ത് നിന്ന് നിരവധി അവാർഡുകൾ സ്വന്തമാക്കി . 1990 ൽ ‘ ഇൻ ഹരിഹർ നഗർ ‘
ജനപ്രിയ ചിത്രത്തിനുള്ള ഫിലിം ക്രിറ്റിക്സ് അവാർഡും , 1991 ൽ ‘ ഗോഡ് ഫാദർ ‘ ജനപ്രിയ അപ്പീലും ആർസ്തെറ്റിക് മൂല്യവുമുള്ള ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് അവാർഡും , 2012-ൽ ‘ ബോഡി ഗാർഡ് ‘
മുംബൈ ബിസിനസ് അവാർഡും കരസ്ഥമാക്കി .

2001- 2010 കാലഘട്ടത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങൾ സൃഷ്ടിച്ച ഷാഫി എന്ന റഷീദ് എം.എച്ച് സംവിധായകൻ സിദ്ദീഖിന്റെ പിതാവ് ഇസ്മായിൽ ഹാജിയുടെ സഹോദരി പുത്രനാണ്. വൺ മാൻ ഷോ , കല്യാണരാമൻ , പുലിവാൽ കല്യാണം , തൊമ്മനും മക്കളും , നാലു വർഷത്തിനിടെ തുടർച്ചയായ ഹിറ്റുകൾ മലയാള സിനിമയിൽ ഷാഫി ഒരുക്കി . മായാവി , ചോക്ലേറ്റ് , ചട്ടമ്പിനാട് , മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളും ഷാഫിയുടെ സംവിധാനത്തിൽ പിറന്നതാണ് .

പ്രശസ്ത സംവിധായകന്മാരായ റാഫി – മെക്കാർട്ടിനിലെ റാഫി സംവിധായകൻ ഷാഫിയുടെ സഹോദരനാണ് . റാഫി -മെക്കാർട്ടിൻ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകൾ പിറന്നു . പഞ്ചാബി ഹൗസ് , സൂപ്പർമാൻ , തെങ്കാശിപട്ടണം , പാണ്ടിപ്പട , ചൈനാടൗൺ , പുതുക്കോട്ടയിലെ പുതുമണവാളൻ …. മലയാള സിനിമാ സംവിധാന രംഗത്ത് ഒരു കുടുംബത്തിന്റെ , റാവുത്തർ വിഭാഗത്തിന്റെ ശക്തമായ സാന്നിദ്ധ്യം വലിയ സംഭാവനകളാണ് നൽകിയത് .

കാവ്യ ചന്ദ്രിക എന്ന ഫിലിം പ്രൊഡക്ഷൻ കമ്പിനിയുടെ അസീസ് റാവുത്തർ പ്രശസ്ത സംവിധായകൻ സിദ്ദീഖിന്റെ പിതൃസഹോദരനാണ് . കാബൂളിവാല , സൂപ്പർമാൻ , ഹിറ്റ്ലർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ ഇദ്ദേഹം കേരള ഫിലിം ചേമ്പറിന്റെ സെക്രട്ടറി , ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട് . സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറിന്റെ മെമ്പറുമാണ് .
സംവിധായകൻ സിദ്ദീഖിന്റെ പിതാവ ഇസ്മായിൽ ഹാജി റാവുത്തറുടെ ജേഷ്ടന്റെ മകനാണ് കൊച്ചിൻ കോർപ്പറേഷൻ കമ്മീഷണറായിരുന്ന ലത്തീഫ .

ഒരു പക്ഷെ ഇനിയും
പ്രശസ്തരായ റാവുത്തർമാരായ ചില വ്യക്തികളെ നിങ്ങൾക്ക് ചൂണ്ടി കാണിക്കാനുണ്ടാകും അത് കമൻറുകളുടെ കൂട്ടത്തിൽ പറയുക . ഇവിടെ റാവുത്തർമാരുടെ ചരിത്രം പറഞ്ഞിടത്ത് ചില വ്യക്തികളെ കൂടി ഉൾപ്പെടുത്തി എന്നു മാത്രം . ഒരു പാട് ആളുകളെ നമുക്കിതിൽ ഉൾക്കൊള്ളിക്കുക പ്രയാസകരമാവും അറിയാമല്ലൊ .

കൊച്ചിയിലെ കാറ്റിനുമുണ്ട് കഥകൾ പറയാൻ . ഇന്നലെകൾ ഇന്നിന്റെ ചരിത്രമായി കൊച്ചിക്കത് അലങ്കാരമായി …… എന്തു കൊണ്ടു കൊച്ചി ഒരു ജനതയുടെ വികാരമായി എന്നു ചോദിച്ചാൽ ….. വിവിധ ഭാഷകളാലും – വേഷങ്ങളാലും – മതങ്ങളാലും സംസ്കാരങ്ങളാലും സമ്പന്നം . പരസ്പരം സഹായിച്ചും , സ്നേഹിച്ചും , കളിതമാശകളാലും ജീവിക്കുന്ന ഒരു ജനത . സ്വന്തം കണ്ണീര് പുറത്തു കാണിക്കാതെ മറ്റൊരുവന്റെ കണ്ണീരിനെ ഒപ്പാൻ ശ്രമിക്കുന്ന ഒരു ജനത . ബാങ്കുവിളിയും – മണിയടിയും – കീർത്തനങ്ങളും പിന്നെ ഹിന്ദുസ്ഥാനിയും , കർണ്ണാടിക്കും …… അതെ കൊച്ചി ഒരു ജനതയുടെ വികാരം തന്നെയാണ് .

മൻസൂർ നൈന.

By ivayana