ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

തെരുവോരത്തൊരു
പേരാൽ താമസിക്കുന്നു.
തെരുവോരത്തെ
പേരാലിന് പേരില്ല.
തെരുവോരത്തെ
പേരാലിന് നാടുമില്ല.
തെരുവോരത്തെ
പേരാലിന്
ഉറച്ച ഉടലാണ്.
ഒരുപാടൊരുപാട്
കൈകളാണ്.
ഒരുപാടൊരുപാട്
വിരലുകളാണ്.
തെരുവോരത്തെ
പേരാൽ
കാക്കത്തൊള്ളായിരം
ഇലകളെ പ്രസവിക്കുന്നു.
തെരുവോരത്തെ
പേരാലിന്
മാനം മുട്ടുന്ന
പൊക്കമാണ്.
ഇലകൾ സദാ
സാന്ത്വനമന്ത്രങ്ങളുരുവിട്ട്
നാട്ടാർക്ക്
കുളിര് പകരുന്നു.
ഇലകൾ വാചാലരാണ്.
കാലാകാലങ്ങളിൽ
പേരാൽ
ഇലകളെ പ്രസവിക്കുന്നു.
കാലാകാലങ്ങളിൽ
ഇലകൾ ഒന്നൊന്നായി
മരിച്ചുവീഴുന്നു.
പേരാൽ പകരം
ഇലകളെ പ്രസവിക്കുന്നു,
താലോലിക്കുന്നു.
ഋതുഭേദങ്ങൾ
നാട്ടാർക്ക്
കനിവിന്റെ മധുരക്കനികൾ
വിളമ്പുന്നു.
തെരുവോരത്തെ
പേരാൽ
പക്ഷികൾക്ക് കൂട് പണിത്
പാർപ്പിക്കുന്നു.
പക്ഷികളുടെ
സംഗീതക്കച്ചേരി നടത്തുന്നു.
തെരുവോരത്തെ
പേരാൽ
പഥികരെ
ചേർത്ത് പിടിക്കുന്നു.
വിയർപ്പൊപ്പുന്നു.
വിശ്രമത്തിന്റെ
തണൽപ്പായ വിരിക്കുന്നു.
തെരുവോരത്തെ പേരാലിന്
നൂറിലേറെ പ്രായം.
ഘടികാരത്തിൽ
സമയസൂചികൾ
എത്ര വട്ടം
പിന്നോട്ട് തിരിച്ചാലും
കാലത്തിന്റെ സൂചികകൾ
മുന്നോട്ട് തന്നെ
ചലിക്കുന്നു,
വിശ്രമമറിയാതെ.
കാലം
ഒരു യാഗാശ്വമാണ്.
കാലഭൈരവൻ വിളിച്ചാൽ
ആരും, ഏതും
പിന്നാലെ പോയേ
പറ്റൂ.
തെരുവോരത്തെ
പേരാലും…..

കെ.ആർ.സുരേന്ദ്രൻ

By ivayana