ഇനിയുമൊരു ജന്മ്മമുണ്ടെങ്കിൽ.. നീ –
ബാല്യം പിന്നിട്ടൊരാ മാളിക വീടിൻ
പിന്നാമ്പുറത്തെ ചോന്ന
ചെമ്പക മര ചോട്ടിൽ
കീറ നിക്കറും അരയിൽ ചുറ്റി കുത്തി നിന്ന്
മറ്റാരും കാണാതെ
നിനക്കായ് നൽകാനെൻ
ചളി പുരണ്ട കൈകളിൽ സൂക്ഷിച്ച
പൂഴി മണലിലെ വെള്ളാരം കല്ലുമായ്
എനിക്ക് നിന്നെ ഒരു നോക്കു കാണണം….
നിന്റെ തങ്ക കൊലുസ്സിന്റെ കൊഞ്ചൽ കേൾക്കണം….!
നീയെന്ന പച്ച പട്ടു പാവാടക്കാരിയെ കാണണം….!!
എന്നെ കാണ്കേ നീ
ഞാൻ നീട്ടിയ കരിം കൈകളിൽ നിന്നും
മുത്തുകൾ പെറുക്കുവാൻ വെമ്പി
ഓടിയടുക്കും നേരം
മുത്തശ്ശി തൻ “ബാലെ “വിളി കേട്ട് ഭയന്ന്
പിന്നിലേക്ക് തിരിച്ചോടും നിന്നെ കാണണം….
എനിക്കാ ഇടയ ചെറുക്കാ വിളി കേൾക്കണം…
ആ തെണ്ടി ചെറുക്കനായ് കൂടെണ്ടെന്നതും കേൾക്കണം… എങ്കിലും
പിന്നെയും എന്നെ തിരഞ്ഞെത്തും
ആ കുഞ്ഞു മിഴികൾ തൻ തിളക്കം കാണണം….
എനിക്കാ വെള്ളാരം കല്ലുകൾ തരണമേയെന്ന –
ദീനമാം നോട്ടവും കാണണം….
പട്ടു പാവാടയിൽ പക്ഷ്‌ണി മറക്കണം…
ചോരുന്ന കൂരയിൽ സ്വർണ്ണ
കിനാവുകൾ നെയ്യണം….
ആടിമാസ കാറ്റിൽ ആഞ്ഞെത്തുമാ മഴ നേരത്തും
നിന്നെ കാണാൻ കൊതിക്കണം….
അമ്പിളി പ്പൂവിനെ നേടാൻ കൊതിക്കണം…
നിനക്കായത് തരാൻ… നിൻ
മാളിക വീടിൻ പിന്നാമ്പുറത്തെ
ചോന്ന ചെമ്പക മര ചോട്ടിൽ
വീണ്ടും, വീണ്ടും കാത്തു നിൽക്കണം….!
നിന്റെ തങ്ക കൊലുസ്സിന്റെ കൊഞ്ചൽ
കേൾക്കണം…..
ഒരു കുറി കൂടി നീയെന്ന പച്ച പട്ടു
പാവാടക്കാരിയെ കാണണം……!!♥️♥️♥️

രാജു വിജയൻ

By ivayana