രാജാ….യെന്നൊരു വിളിയോടെ
രാത്രിയിലുമ്മറ വാതിൽക്കൽ
ദൂരത്തേക്ക് മിഴി നട്ടെൻ
കാത്തിരിപ്പിന്നില്ലല്ലോ……..!
രാക്കിളി പാടും നേരത്തും
വയൽക്കിളി പാറും നേരത്തും
പാതി ചന്ദ്രനുദിക്കുമ്പോളും
പടി വാതിൽക്കൽ നിൽപ്പല്ലോ…
നിദ്രയിലേവരുമാറാടും
നീല നിശീഥിനി പെയ്യുമ്പോൾ
പൊരി വെയിലേറ്റ് തളർന്നോന്റെ
തളർമിഴിയെന്നെ തേടിടും…..
കനൽ മഴയേറ്റ് കരിഞ്ഞോന്റെ
കുളിർ നിനവെന്നെ പുണരുമ്പോൾ
കണ്ണീരുപ്പ് കനക്കുന്നെൻ
കണ്ഠമിറങ്ങും കനി വറ്റിൽ….
ഉള്ളു നിറയ്ക്കും വാത്സല്യം
നെഞ്ചു തകർത്തു പറന്നപ്പോൾ
എന്നിലെ എന്നെയുമങ്ങകലെ
അന്തി ചോപ്പ് കടം കൊണ്ടോ…..?
നാഴിക മണിതൻ ആരവമെൻ
മിഴികളിൽ നനവ് പടർത്തുമ്പോൾ
അകലെയിരുട്ടിൻ മറ നീക്കി
ആർദ്ര നിലാവ് പൊഴിയുന്നോ….? എൻ
ആർദ്ര നിലാവ് പൊഴിയുന്നോ…..???!!!

By ivayana