രചന : ഹരിദാസ് കൊടകര✍️
മുറിവുകൾ മറവിയെ
ചുംബിച്ചതെന്ന് ?
പ്ലാശിൻ വനത്തിലെ
തീ തീരുവോളം..
അന്നവിടെ ഇരുളിന്-
അതിരു മുളച്ച നാൾ..
വിരൽവെച്ചു വായിച്ച
ശീഘ്രങ്ങളൊക്കെയും
ഗർഭരസങ്ങളാൽ
ഹരിതകണങ്ങളിൽ.
വെയിലിലുണക്കിയ
ജപമാലസഞ്ചികൾ-
പിൻപറ്റി മിഴിവുമായ്
ആരണ്യരശ്മിയിൽ.
ഇതുമാത്രമല്ല..
വെളിച്ചം കുറഞ്ഞ
വഴിയമ്പലത്തിലെ
സന്ധിയിലെത്താത്ത
ഉദ്ഗതികളെത്രയോ..
ഉൾക്കൺ വെളിച്ചമേ..
വിത്തിലെ വീര്യമോ
നൂറുഷസ്സിൻ മലർ
വൃക്ഷശീലങ്ങളിൽ.
പാതിരയാകണം
വട്ടം കിടത്തിയ
കാട്ടുമരങ്ങളെ
നാവേറ് ചൊല്ലുവാൻ
രാവേറെയാകുന്നു
കാനനപ്പാതയിൽ
നൽവിളക്കേതും
പറിച്ചു നടേണ്ടു ഞാൻ.
ഉള്ളോളമുള്ള
പാത നിരപ്പിലെ
വാസനാപ്പാതിയും
വാർന്നു നല്കേണ്ടു നീ.
മുളപ്പു നീളുവാൻ
വേരിറക്കം വരെ
ചുവരുചാരാതെ
ഏറ്റു ചൊല്ലേണ്ടു ഞാൻ
