രചന : മംഗളൻ. എസ് ✍
കണ്ടുമുട്ടും ഞങ്ങൾ കാലത്തും വൈകിട്ടും
കണ്ടത്തിൻ ജലചക്രത്തിൻ ചാരെ നിത്യം
കണ്ടുകാര്യങ്ങൾ പറഞ്ഞിരിക്കും പിന്നെ
കണ്ടത്തിൻ ജലചക്രമൊന്നായ് ചവിട്ടും!!
കണ്ടാക്കൊതിവരുമാനെഞ്ചിൽ ഞാനെൻ്റെ
കാതൊന്നുചേർത്തപ്പോൾ കേട്ട സംഗീതം
കടലല പോലുള്ളിലിളകും സ്വരം
കരളിൽ തുടികൊട്ടും പ്രണയരാഗം!!
കാലങ്ങളായെൻ്റെ മാനസ ചോരൻ്റെ
കൽക്കണ്ടം പോലുള്ള നെഞ്ചകത്തിൻ
കനിവേറും കരളിലുടുക്കു കൊട്ടും
കടലിരമ്പും പോലെൻ മനമിളകും!!
കടലെന്നും കരയെ പുണരും പോലെ
കരലാളനത്താലവനെന്നെ മൂടും
കടലിൽ ലയിച്ചേഴുകടല് താണ്ടിയെൻ
കള്ളൻ്റെ നെഞ്ചിൽ കടന്നേറും ഞാൻ!!