രചന : കെ. ഗോപി.✍
പണ്ടൊരുനാളിൽ ഇന്ദ്രസദസ്സിൽ
ദേവന്മാരുടെ യോഗം ചേർന്നു.
സീറോഅവറിൽ ഇന്ദ്രൻതന്നെ
സഭയുടെ ശ്രദ്ധക്ഷണിച്ചൊരു വിഷയം
ഇതുവരെ നമ്മെ പ്രണനുതുല്യം
നാഥാ എന്നു വിളിച്ചവർ ചിലരിൽ
ഈയിടെയായി ചെറിയൊരു മാറ്റം
അങ്കിൾ എന്നു വിളിച്ചുതുടങ്ങി!
ജരയും നരയും കണ്ടുതുടങ്ങി
വയസ്സൻമാരായെന്നൊരു തോന്നൽ
അടിയന്തിരമായതിനിഹ വേണം
പരിഹാരം എന്നറിയുക നിങ്ങൾ.
ചർച്ചകളങ്ങനെ പലവഴി നീണ്ടു
പലരും പലവിധ ന്യായം ചൊല്ലി
പാൽക്കടലൊന്നുകടഞ്ഞെ ന്നാകിൽ
അമൃത് ലഭിക്കും എന്നതിനാലെ
നമ്മുടെ യൗവ്വനമെന്നും തുടരാൻ
മറ്റൊരുമാർഗം തേടുക വേണ്ടാ!
ശക്തി ക്ഷയിച്ചതിനാലിനി നമ്മൾ
ക്കൊറ്റയ്ക്കാപണിചെയ്യാനെളുതോ?
പറ്റുകയില്ലെന്നറിയാമതിനാൽ
മുറ്റും സഖ്യം കൂടുക വേണം
പറ്റിയ കക്ഷികളാരുണ്ടതിനെ-
ന്നുറ്റവരെല്ലാംചിന്ത തുടങ്ങി
നരനുണ്ടവനൊരു ഗുണമില്ലതി-
നാലവനെ നമ്മൾക്കിതിനിഹ വേണ്ട!
പിന്നീടുള്ളത് അസുരന്മാരാ-
ണവരോ നമ്മുടെ വൈരികളാണ്!
കാര്യംകാണാൻ കഴുതക്കാലും
നേരെയങ്ങു പിടിക്കുക വേണം
ഒട്ടുമമാന്തം വേണ്ടായതിനാൽ
മുട്ടുക അസുരന്മാരുടെ വാതിൽ….
ദേവന്മാരും അസുരന്മാരും
അങ്ങനെ പാൽക്കടലൊത്തു കടഞ്ഞു.
സംശയമിരുകൂട്ടർക്കും ഉള്ളിൽ
എപ്പൊഴുമൊഴിയാതുണ്ടിഹ കൂടെ
കുൽസിതചിന്തയൊടിരുകൂട്ടരുമേ
ഉത്സവമേളത്തോടെ കടഞ്ഞു
തമ്മിൽ ശക്തന്മാരസുരന്മാർ
അമൃതുംകൊണ്ടുകടന്നു കളഞ്ഞു…
മോഹിനിയായുടൻ വിഷ്ണുവണഞ്ഞു
മോഹിപ്പിച്ചു വശംവദരാക്കി.
അവളിലലിഞ്ഞാനിർവൃതി നുകരാൻ
അസുരന്മാർക്കാവേശമുയർന്നു
ഉരസിജമുടലും ചുണ്ടും മിഴികൾ
പുരുഷനു നിദ്രകെടുത്താൻ പോരും
മോഹിനിതന്നുടെ മോഹന രൂപം
അകമേപാർത്തവർ മിഴികളടച്ചു!
മണ്ടന്മാരവർ കണ്ണുമടച്ച്
മിണ്ടാപ്രാണികണക്കെയിരുന്നു.
മോഹിനിതന്നുടെയുടലിനു മേന്മ
കുടമതിലുള്ളൊരു അമൃതിനു മേലെ!
കുടിലതയാലവളമൃത് കവർന്ന്
ദേവന്മാർക്കുകൊടുത്തിഹ വേഗാൽ….
‘ഹന്ത: നാരീമണിസൗന്ദര്യധാമത്തി
നെന്തുമാകാമെന്നുകാട്ടി ക്കൊടുത്തവൾ.’
അന്നുതുടങ്ങീട്ടിന്നുവരേക്കും
എന്നല്ലായിനി നാളെയുമങ്ങനെ
ശക്തിക്കുറവൊരുകാരണ മായാൽ
ഒത്തുപിടിക്കാനൈക്യമൊരുക്കും.
ഒത്തുകഴിഞ്ഞാൽ പിന്നവരെല്ലാം
ഒത്തകണക്കെ പലതും ചെയ്യും!
അന്നമൃതെങ്കിൽ ഇന്നൈക്യത്തിന്
അപ്പപ്പോൾ പുതുഹേതു പിറക്കും
ഇനിയും പലപല വേദികളിൽ വച്ച്
ഐക്യംപലതും പിറവിയെടുക്കും!
അവയുടെപിന്നിലെ ലക്ഷ്യം എന്തെ-
ന്നറിയാൻ പാഴൂർപടിയിൽ പോണോ?.
