മകരമെത്തുന്നൂ, മനസ്സിനു കുളിരു കോരീടാൻ
മഞ്ഞു വന്നല്ലോ, ആഹാ, മാവു പൂത്തല്ലോ
മലരണിക്കാവിൽ, പൂക്കൾ മഞ്ഞണിഞ്ഞല്ലോ
മധുരസ്വപ്നങ്ങൾ, സ്വന്തം, അറ തുറന്നല്ലോ
മരന്ദഗന്ധവുമായ്,പയ്യെ, മധുപനെത്തുമ്പോൾ
മുരളികയൂതി, മെല്ലെ, പവനനെത്തുമ്പോൾ
മകരമഞ്ഞിൻ കുളിരുമേറ്റീ, മഹിയൊരുങ്ങുമ്പോൾ
മധുരമൊരുഗാനം, മൂളി, പ്രകൃതി നില്ക്കുമ്പോൾ….
അതിമനോഹര ചിത്ര ചാരുത മനസ്സിലെത്തീയെൻ
അലസചിന്തകളൊഴിവാക്കാൻ താളമേകുമ്പോൾ
അവസരങ്ങളെയരുകിലാക്കി, നില്ക്കുമാത്മജർ തൻ
അതിവിമോഹക്കനവുകളീ ചിത്തിലുറയുന്നൂ
ഇവിടെ നമ്മൾ കണ്ടിടുന്ന പ്രകൃതി തൻ ശോഭ
ഇവിടെ നമ്മൾ കേട്ടിടുന്ന പ്രകൃതി തൻ രാഗം
ഇവിടെ നമ്മൾ കേട്ടിടാത്ത പ്രകൃതി തൻ താളം
ഇവിടെയുള്ളയരങ്ങിലെത്തി നാട്യമാടുമ്പോൾ
ഉരുവിടുന്ന ശബ്ദമെല്ലാം മന്ത്രമാകുന്നൂ
ഉരുവിടാത്ത മോഹഭംഗം ലയവുമാകുന്നു
ഉണരുമെന്ന ചിന്തയോടെയുറങ്ങിടുന്നോർ നാം
ഉലകിനായി പാട്ടു പാടാൻ നേരമായില്ലേ
എവിടെയാണാ വീണയുമാ വേണുവും കാണ്മാൻ
എരിപൊരി കൊണ്ടാഞ്ഞു നില്ക്കും മനുജരല്ലേ നാം
എവിടെയെൻ്റെ തൂലികയെന്നോർത്തു മാഴ്കുന്ന
എവിടെയുമൊരു ശബ്ദമില്ലാതൊതുങ്ങിടല്ലേ നാം
മകരമാസക്കുളിരതേറ്റു മനമുണർന്നീടും
മനസ്സിലാകെ മധുരമോഹത്തിരകൾ പൊങ്ങീടും….🌤️

കൃഷ്ണമോഹൻ കെ പി

By ivayana