രചന : മേരിക്കുഞ്ഞ്. ✍
ചോരയേക്കാൾ
ലഹരിയില്ലേതു
കഞ്ചാവിനും രാസ
സംയുക്തത്തിനും
ഒഴുകുന്ന ചോരയിൽ
നിന്നുയിർക്കുന്നു
പാപമാചനം
പിടയുന്ന ചോരയിൽ
വിടരുന്നു മഹാ
കവിതകൾ ….
ഇതിഹാസങ്ങൾ
പതയുന്ന ചോരയിൽ
ഉയർന്നു പൊന്തുന്നൂ
വിശ്വമോഹന
മഹാചരിത്ര ലഹരികൾ
അമ്മ മാത്രം ചെഞ്ചോര
ലഹരി നീറ്റി
ഉപ്പൂറ്റി മാററി
വെൺ പാൽ മധുരമായ്
ജീവൻ ചുരത്തിടുന്നു
അതിനാൽ…..
കഷ്ടം
അമ്മയ്ക്കു കഥയുടെ
ലോകചരിത്ര ശക്തിയില്ല
ഇതിഹാസ ഭംഗിയില്ല
അതുധ്വനന
പ്രതിഭാസമല്ലാത്തൊ
രിക്കിളിക്കഥ
വൃഥാ പിറന്നു
മണ്ണിൽ വേരു
പറിഞ്ഞുണങ്ങുമൊരുണ്മ
