അതുവരേം:
ദാരിദ്രത്തിൽ ജനിച്ചു
ദാരിദ്ര്യത്തിൽ ഓടി കളിച്ചു വളർന്ന എന്നെ വിവാഹത്തിന്റെ അന്ന് സ്വന്തം വീട്ടുകാർ തന്നെ അതീവസമ്പന്നയാക്കി മാറ്റി.
ഒരു പൊട്ടുകമ്മലിന് വേണ്ടി കൊതിച്ചിട്ടുണ്ട്
കിട്ടിയിട്ടില്ല
ഒരു സ്വർണ്ണനൂലിടാൻ കൊതിച്ചിട്ടുണ്ട്
ലഭിച്ചിട്ടില്ല
എന്നാൽ വിവാഹത്തിന്റെ അന്ന് അൻപത് പവന്റെ അല്ല അൻപത്തി ഒന്ന് പവന്റെ സ്വർണ്ണാഭരണം അണിഞ്ഞു നിന്നപ്പോൾ ഞാൻ ആകേ മതിമറന്നു പോയി…
കാലിൽ സ്വർണ്ണപ്പാദസ്വരം!
കൈകൾ നിറഞ്ഞു കവിഞ്ഞു വീർപ്പുമുട്ടി കിടന്നു വളകൾ!
കഴുത്തിൽ ഇളക്കത്താലി അഭിമാനത്തോടെ ഇടി മിന്നി..
ഒരു സ്വർണഗോപുരനർത്തകി ശില്പമായി ഞാൻ എന്നെ ഇമാബി ഹാളിലെ നിലക്കണ്ണാടിയിൽ വീണ്ടും വീണ്ടും നോക്കി നിന്നു…
എന്റെ മുന്നിലപ്പോൾ :
ഒരു പെൺകുട്ടി അതൊക്കെ കൊതിയോടെ ഉറ്റ് നോക്കുന്നതും,അടുത്ത് വന്നു, തന്റെ മെലിഞ്ഞ കുഞ്ഞു കൈകൾ കൊണ്ട് ന്റെ വളകൾ ഓരോന്നായി എണ്ണിയെണ്ണി തെറ്റിപ്പോകുന്നതും, വീണ്ടും എണ്ണി തളരുന്നതും കണ്ട് ഞാൻ പൊട്ടിചിരിച്ചു :ഒപ്പം അവളും…
അവളുടെ
എണ്ണ തേയ്ക്കാത്ത തലമുടിയും
നിറം കെട്ട വസ്ത്രങ്ങളും എവിടുന്നൊക്കെയോ പെറുക്കി കോർത്തെടുത്ത പല മുത്തുകൾ ഉള്ള മാലയും എന്നിൽ പരിഹാസവും വെറുപ്പും ഉണർത്തി..
ഞാൻ അവളെ ദൂരേക്ക് തള്ളി മാറ്റി.
നിലതെറ്റിയവൾ മറിഞ്ഞു വീണു…
ഞാൻ അതു ശ്രദ്ധിക്കാതെ ആഭരണങ്ങൾ കിലുക്കി വില കൂടിയ പട്ടു സാരിയും ചുറ്റി തല നിറയേ മുല്ലപ്പൂവും ചൂടി കടന്നു പോയി…
അവിടെ എന്നെ ആനയിക്കാൻ താലം ഏന്തിയവർ കാത്തു നിന്നു.
അവരെല്ലാം എനിക്കൊപ്പം നടന്നു.തകിലും നാഗസ്വരവും മുഴങ്ങി.
ഞാൻ വിവാഹിതയാകാൻ പോകുന്നു..
സ്വന്തക്കാരും ബന്ധുക്കളും നാട്ടാരും, കൂട്ടാരും ഹാൽ മുഴുവൻ നിറഞ്ഞിരുന്നു.പക്ഷേ ഒരാളേം ഞാൻ കണ്ടില്ല..കണ്ണിനു മുന്നിൽ വെറും മഞ്ഞ വെളിച്ചം മാത്രം!
ഞാൻ എന്നേം കണ്ടില്ല!
വിവാഹം കഴിഞ്ഞ്
വിരുന്നിന് ചെന്നപ്പോൾ…
കമലചേച്ചി പറഞ്ഞു…
“ഇനി നിനക്കീ വീട്ടിൽ ഒരു അധികാരോം ഇല്ല കിതികാരോം ഇല്ല!
നിന്റെ പുരയിടം ഒപ്പിട്ട് കൊടുത്തതോടെ
നിന്റെ ഈ സ്വന്തം വീട് ആണ് ശരിക്കും നിനക്കിനി
‘അന്യ വീട് ‘കേട്ടല്ലോ “
ഒരു വിദ്യാഭ്യാസവും ഇല്ലാത്ത വെറുമൊരു പച്ചക്കറി വില്പനക്കാരിയായ അവർ ചിരിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ
എന്നെ
അപ്പാടെ തറ പറ്റിച്ചു…
ഞാൻ ഓടി എന്റെ മുറിയിൽ കയറി
അവിടെ എന്റേതായി ഒന്നും ഉണ്ടായിരുന്നില്ല..
വിവാഹതലേന്ന് വരേം ഞാൻ അണിഞ്ഞിരുന്ന ഒറ്റ വസ്ത്രങ്ങൾ പോലും അലമാരയിൽ കണ്ടില്ല..
എന്റെ പുസ്തകങ്ങൾ.. ഡയറികൾ
മുടിപ്പിന്നുകൾ… ഇല്ല
എന്റേതായി ഒന്നും അവിടെയെങ്ങും ഉണ്ടായിരുന്നില്ല…
വീടാകേ ഒരു ശുദ്ധികലശം നടത്തിയിരിക്കുന്നതായി എനിക്ക് തോന്നി…
അമ്മ മാത്രം ഒരറ്റത്തിരുന്നു.. ശ്വാസം മുട്ടി വലിച്ചു കൊണ്ട് ഒരു പൊതി എനിക്ക് നേരെ വച്ചു നീട്ടി..
അത് എനിക്കേറെ ഇഷ്ടമുള്ള
മഴവില്ലിന്റെ കല്ല് പതിച്ച കറുപ്പ് നിറത്തിലുള്ള ചുരിദാർ ആയിരുന്നു…
അത് വാങ്ങി,
ആ കുട്ടിയെ അണിയിക്കാൻ അവിടേം ഇവിടേം എല്ലാടോം ഞാൻ അവളെ തിരഞ്ഞു..കിട്ടിയതൊന്നിനും പരാതിയും പരിഭവവും പറയാത്ത.. ഉള്ളത് കൊണ്ട് സ്വർഗം കണ്ടെത്തിയ ആ പെൺകുട്ടിയെ
മാത്രം എങ്ങും
കണ്ടില്ല…
ഞാനന്ന്,
എന്നെ തന്നെയാണ്
തള്ളി മറിച്ചിട്ട്,
:ചവിട്ടി
കടന്നു പോയത്,
എന്ന് വേദനയോടെ പിന്നിം പിന്നിം ഞാനറിഞ്ഞു!!
അപ്പോഴേക്കും
ഒരിക്കലും മടങ്ങി വരാത്ത വിധം :
അവൾ എന്നിൽ നിന്നും എന്നന്നേക്കുമായി പടി ഇറങ്ങി പൊയ്ക്കഴിഞ്ഞിരുന്നു…

വത്സല ജിനിൽ

By ivayana