ഒരുഇരട്ടപേര് വീണാൽ പിന്നെ അത് മാറ്റാൻ പാടാണ്. പക്ഷേ ഈ പേരിടീൽകാരെ സമ്മതിക്കണം. അപാരഭാവന അതിന് പിന്നിൽ ഉണ്ടാകും. വെറുതെ ഒരു പേരൊന്നു പരിശോധിക്കുക. ആ പേരിൽ അയാളുടെ സ്വഭാവത്തിന്റെ എല്ലാ അംശങ്ങളും ഉണ്ടായിരിക്കും….
എല്ലാ നാട്ടിലും അമിട്ട് ചന്ദ്രനെ പോലുള്ള ആൾക്കാർ ഉണ്ടായിരിക്കും. അവർ വിചാരിച്ചാൽ മാറ്റാൻ കഴിയാത്ത സ്വഭാവസവിശേഷതകൾ അവർക്കുണ്ടായിരിക്കും.അവരും കൂടിചേർന്നതാണല്ലോനാടും, ജീവിതവും
ഇവിടെ ഈ പേരിന് അർഹനായ ചന്ദ്രൻ ഒരു പട്ടാളക്കാരൻ ആയിരുന്നു. പട്ടാളക്കാരുടെ ഇല്ലാക്കഥകൾ നാട്ടുകാർക്ക് എല്ലാംപകൽ പോലെ സുപരിചിതമാണല്ലോ!.
ഇവിടെ ചന്ദ്രന് മറ്റൊരു പേര് കൂടിയുണ്ട്. നെഗറ്റീവ് ചന്ദ്രൻ. ചന്ദ്രൻ ഒരാളെ കുറിച്ചും നല്ലത് പറഞ്ഞിട്ടില്ല,പറയുകയുമില്ല അത് പോകട്ടെ ഇല്ലാത്തത് ഒപ്പിച്ചെടുത്തു നടന്ന സംഭവം ആക്കിക്കളയും ചന്ദ്രൻ. കള്ളത്തരത്തിന് ഒരു ഓസ്‌കാർ ഉണ്ടെങ്കിൽ അത് ചന്ദ്രന് തന്നെ. നൂറ് ശതമാനം ഉറപ്പ്…..

ഇപ്പോൾ ചന്ദ്രൻ കവലയിലെ ഒരു ചായക്കടയിൽ ആണ്. നാലഞ്ച് പേർ അടങ്ങുന്ന ചെറിയ സദസ്സാണ്. വാസു ചെരുപ്പ് ലത്തീഫിനോട് വളരെ പതുക്കെ ചോദിച്ചു . “ആരായിരിക്കും ഇന്നത്തെ ഇര!.”?…..
വലിയ താമസം ഉണ്ടായില്ല മത്തായി ആരോടെന്നില്ലാതെ പറഞ്ഞു.”അറിഞ്ഞോ നമ്മുടെ ഭാസ്കരൻ മാഷിന്റെ മകന്റെ വിവാഹം കഴിഞ്ഞു. പെണ്ണ് അമേരിക്കയിൽ ഡോക്ടർ ആണ്. വിമാനത്തിൽ വെച്ചുള്ള പരിചയം ആണ് “….
വന്നു അമിട്ട് ചന്ദ്രന്റെ മറുപടി.”എടൊ മത്തായി നാട്ടിൽ കൊള്ളാത്തവൻ വിദേശത്തുപോകും. തെണ്ടിതിരിഞ്ഞുനടന്നിട്ട് ചോദിക്കാനും പറയാനും ആരുമില്ലാത്ത ഏതെങ്കിലും ഒരുമ്പെട്ടവളെ കെട്ടും… എന്നിട്ട് പറയും ഡോക്ടർ, എഞ്ചിനീയർ,….. എന്തായാലും നാസയിലെ ശാസ്ത്രജ്ഞ എന്ന് പറഞ്ഞില്ലല്ലോ അത് ഭാഗ്യം… ആര് തിരക്കുന്നു?. സത്യം ആർക്കറിയാം.!!”

ഇനി ഒരു കല്യാണആലോചന വന്നെന്ന് കരുതുക അമിട്ട് ചന്ദ്രനോട് ആണ് തിരക്കിയതെങ്കിൽ “കട്ടപൊക”…….ഉത്തരം ഇങ്ങനെയാകും….. ഓ നമ്മുടെ സദാശിവന്റെ മോനോ?നല്ല പയ്യനാ..ഇപ്പൊ കുഴപ്പം ഒന്നുമില്ല… നേരുത്തെ ബാംഗ്ലൂർ ആയിരുന്നപ്പോ അവിടുള്ള ഒരു പെണ്ണിനെ കെട്ടിയെന്നോ….ഇല്ലെന്നോ..ഒഴിഞ്ഞെന്നോ…. ചുമ്മാ അസൂയക്കാർ പറയുന്നതാ…. നല്ല പയ്യനാ…”
എങ്ങനെയുണ്ട്. വന്നയാൾ ഇനി ആ പഞ്ചായത്തിലേ വരാൻ സാധ്യതയില്ല..
സുലോചനയുടെ മകൾ അഭിരാമിയെ പറ്റി അമിട്ട് ഇങ്ങനെ അഭിപ്രായം രേഖപെടുത്തി… “പുറ ത്തായിരുന്നു പഠിത്തം. വലിയ പഠിത്തമാ….. ഐ. ഐ. റ്റി യിലോ മറ്റോ..പിന്നെ പുറത്തുപോയി പഠിച്ചാൽ അറിയാമല്ലോ…കഞ്ചാവും,മയക്കുമരുന്നും ഒക്കെ കാണും.. ഇന്നത്തെ കാലത്ത് അതൊരു കാര്യമൊന്നുമല്ല.”…..അമിട്ടിന് എല്ലാം എത്ര നിസ്സാരം!..
അഭിരാമിയുടെ അച്ഛൻ സഹദേവൻ അമിട്ടിന്റെ സഹപാഠികൂടിയാണ്. സഹദേവനെ കാണുമ്പോൾ അമിട്ട് പറയും.”മോളുടെ കല്യാണാലോചന നടക്കുന്നുണ്ട് ഇല്ലേ? ഒരാൾ വന്ന് തിരക്കിയിരുന്നു… ആ കുട്ടിയെ കിട്ടിയാൽ ഭാഗ്യമെന്ന് ഞാൻ പറഞ്ഞു “…
ഇതാണ് ചന്ദ്രൻ….

അസുഖബാധിതനായി ആശുപത്രിവാസം കഴിഞ്ഞെത്തിയ ചന്ദ്രൻ ഗോപാലൻ നായരോട് പറയുകയാണ്….
“ഞാൻ ആയതുകൊണ്ട് രക്ഷപ്പെട്ടു.. ഈ….അസുഖത്തിന് മരുന്നൊന്നൊന്നും ഇല്ലെന്നാ എം. എസ്. ഹോസ്പിറ്റലിലെ ഡോക്ടർഭട്ട് പറഞ്ഞത്… പണ്ട് ഡെറാഡൂണിൽ ഇരുന്നപ്പോൾ പരിചയപ്പെട്ട മിലട്ടറി ഡോക്ടർ. സജീന്തർ സിങ്ങിന്റെ നമ്പർ ഓർമവന്നു… ഒരു വിളി അടുത്ത വിമാനത്തിൽ സിങ്ങ് തിരുവനന്തപുരത്ത് ….. നേരെ എം. എസ് ഹോസ്പിറ്റലിൽ കെട്ടിപിടിച്ചു ഒരു ചോദ്യം…. എങ്കിലും എന്റെ ചന്ദ്രാജി ഇപ്പോഴെങ്കിലും എന്നെ ഓർത്തല്ലോ!!?…..
തൊട്ടടുത്ത കോവിലിൽ പന്ത്രണ്ട് അമിട്ടുകൾ ഒന്നിച്ചു പൊട്ടി..
ആ വലിയ ശബ്ദത്തിനിടയിലും ഗോപാലൻ നായരുടെ ചായക്കടയിലെ ചിരി കേൾക്കാമായിരുന്നു.

രാജേഷ് ദീപകം.

By ivayana