അയലത്തെ മുത്തശ്ശൻ മരണകിടക്കിയിലാണെങ്കിലും സംസാരിക്കും..
ഇരുട്ടിലെവിടെയോ നായ്ക്കൾ ഓരിയിടുന്നത് കേൾക്കുമ്പോൾ ഒരു ഭയം
ആരെയോ കൂട്ടികൊണ്ട് പോകുവാൻ കാലൻ വരുന്നുണ്ട്..
എല്ലാരും പറയുന്നത് കേട്ടപ്പോൾ ഉള്ളിൽ ഒരു ഭയം..

ആ മുത്തശ്ശനാണെങ്കിൽ…
ചുറ്റും നിൽക്കുന്ന ആരെയും കാണുന്നില്ല..
പണ്ടെപ്പോഴോ മരിച്ചുപോയ…
ചന്ദ്രപ്പനും..
ഗോപിയും..
മുത്തശ്ശന്റെ ചേട്ടനുമൊക്കെ അരികിൽ നിൽക്കുന്നുവെന്ന് പറഞ്ഞു അവരോട് സംസാരമാണ്.

എടാ ചന്ദ്രപ്പാ… മൂവാണ്ടൻ മാവിൽ നിന്നും മാങ്ങാ പഴുക്കും മുൻപേ പറിക്കണം.
ചുറ്റും നിന്ന പെണ്ണുങ്ങളും ആണുങ്ങളുമൊക്കെ പറഞ്ഞു മുത്തശന്റെ അരികിൽ ചന്ദ്രപ്പൻ വന്നു നിൽക്കുന്നുണ്ട് ഉടനെ മരണം കാണും.
എനിക്കു പേടി തോന്നി.
മരിക്കാൻ കിടക്കുന്നവർക്ക് മരിച്ചു പോയവരെ കാണാം
പെണ്ണുങ്ങൾ പറയുന്നത് കേട്ടു.

ഇരുളിലേയ്ക്ക് നോക്കാനെനിക്ക് ഭയം തോന്നി…
മരിച്ചുപോയവർ ആ ഇരുളിൽ വരുമെന്ന് കരുതി ഞാൻ വാതിലടച്ചു മുറിയിലിരുന്നു.
ഭർത്താവിനെ തോൽപ്പിക്കാൻ ആത്മഹത്യ ചെയ്ത രമണി മുത്തശന്റെ മൂത്ത മോളായിരുന്നു..
അലഞ്ഞു തിരിഞ്ഞു നടന്ന പ്രേതമെന്ന് പറഞ്ഞു കരിമ്പിലെ അമ്പലത്തിൽ രമണിയുടെ ആത്മാവിനെ ഇരുത്തിയതായിരുന്നു.
ഇപ്പോൾ ദേ ആ രമണിയും കിളവന്റെ അരികിൽ വന്നു നിൽക്കുന്നു.
ഞങ്ങളാരും കാണുന്നില്ലെങ്കിലും
മരണകിടക്കിയിലെ മുത്ത്ച്ഛൻ രമണിയോട് കാര്യമായി സംസാരിച്ചു കൊണ്ടു കിടക്കുന്നു.

ഭൂതപ്രേതം വിശ്വാസം നിറഞ്ഞു നിന്ന ഗ്രാമീണർ…
മരിച്ചുപോയവർ വന്നു മുത്തച്ചനെ കൊണ്ടു പോകാറായി എന്ന് പറഞ്ഞു കൊണ്ടിരുന്നു.
പ്രായമുള്ളവർ പറയുന്നത് കൊണ്ടു കുട്ടികളായ ഞങ്ങൾ അതെല്ലാം വിശ്വസിച്ചു..
അതുകൊണ്ട് ഭയം… എപ്പോഴും ഒരു കാറ്റ്പ്പോലെ ഉള്ളിൽ വീശി കൊണ്ടിരുന്നു.
പക്ഷേ,,, മനോജ്‌ മാമനു ഒരു പേടിയും ഭയവുമില്ല.
മാമൻ… ഗവണ്മെന്റ്മെഡിക്കൽ കോളേജിൽ ന്യുറോളജിസ്റ്റാണ്.
മുത്തശ്ശന്റെ കൊച്ചു മകനായത് കൊണ്ടു ലീവിലാണ്.
മാമാ… മരിക്കാൻ കിടക്കുന്നവരുടെ അരികിൽ മരിച്ചുപോയവരൊക്കെ വരുമോ?
പേടിയോടെ ഞങ്ങൾ ചോദിച്ചു.

വരും… മാമൻ പറഞ്ഞു.
അയ്യോ!
ഉള്ളിൽ ഭീതി തോന്നി.
അവരൊക്കെ സംസാരിക്കുമോ?
ഞാൻ ചോദിച്ചു.
സംസാരിക്കും…
ദൈവമേ!…
കോഴികുഞ്ഞിനെപ്പോലെ ഞാൻ ഒന്ന് വിറച്ചു.
മനോജ്‌ മാമൻ..
ഞങ്ങളെ നോക്കി ചിരിച്ചു..

എടാ പിള്ളേരെ ശാസ്ത്രം ഇത്രയും വളർന്നിട്ടും.. മനുഷ്യരുടെ ഇടയിൽ നിന്നും മാറാത്ത ചില വിശ്വാസങ്ങൾ ആണ് ഇതൊക്കെ.
പ്രായമായി മരണത്തോടടുക്കുമ്പോൾ… നമ്മുടെ തലച്ചോറിലെ.. ഞരമ്പുകളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകും.

പുതിയ ഓർമ്മകളോ
പുത്തൻ ചിന്തകളോ തരുന്ന ഞരമ്പുകളുടെ പ്രവർത്തനങ്ങൾ നിന്നുപോകും.
ബാക്കിയുള്ള ഞരമ്പുകളിൽ പഴയ ഓർമ്മകൾ മാത്രമായിരിക്കുമുള്ളത്.
നിങ്ങള് കേട്ടിട്ടുണ്ടോ പ്രായമായവർ ഭാവികാലങ്ങളെ കുറിച്ച് വല്ലതും പറയുന്നത്..?
അവർക്കെന്നും ഭൂതകാലങ്ങളെക്കുറിച്ചേ സംസാരിക്കാൻ ഉണ്ടാകൂ.
നമ്മൾ പറയാറില്ലേ അവരുടെ പഴങ്കഥകളെക്കുറിച്ച്.
അതുപ്പോലെ മരണസമയത്ത്.. പഴയ ഓർമ്മകളുടെ ഞരമ്പുകൾ മാത്രമേ സജീവമായി പ്രവർത്തിക്കു.

ഓർമ്മകൾ പുറകോട്ടായിരിക്കും സഞ്ചരി ക്കുക.
അതിൽ അവരുടെ പ്രീയപ്പെട്ടവരെല്ലാമുണ്ടാകും.
അവരെയൊക്കെ കാണുന്നത്പ്പോലും തോന്നും
അവരോട് സംസാരിക്കും.
ചെറുപ്പത്തിൽ വഴക്കുണ്ടാക്കിയത് വരെ ഓർക്കും.
ആർക്കെങ്കിലും കടം കൊടുക്കാനുള്ളത് പോലും ചിലർ പറയും.
അല്ലാതെ മരിക്കാൻ കിടക്കുന്നവരുടെയരികിൽ മരിച്ചുപോയവരാരും വരില്ല
കേട്ടപ്പോൾ ഞാൻ തലയിൽ തപ്പി നോക്കി.
ഈ ഞരമ്പുകൾ കൊള്ളാലോ.
മാമൻ ഞങ്ങളെ നോക്കി ചിരിച്ചു.

എടാ പിള്ളേരെ.. മരിച്ചു പോയവരെല്ലാം കൂടി തിരിച്ചു വന്നാൽ ഭൂമിയിൽ ഇട കാണുമോ?
മാമ അപ്പോൾ ഈ നായ എന്തിനാ ഓരി ഇടുന്നത്.
എന്റെ പൊന്നുമക്കളെ.. അതു അതിന്റെ ഇണയെ വിളിക്കുന്നതാ പ്രത്യേക ശബ്ദത്തിൽ.
അല്ലാതെ.. കാലനെ കണ്ടിട്ടൊന്നുമല്ല.
ഈ ലോകത്തിലെ നായകൾ ഓരിയിട്ടിട്ടാണോ ഈ കണ്ട മനുഷ്യരെല്ലാം മരിക്കുന്നത്?
ബാലിശമായ അന്ധവിശ്വാസങ്ങൾ നമ്മുടെ ഇടയിൽ നിന്നും മാറണം.
എല്ലാരും നന്നായി സയൻസ് പഠിക്കണം
അപ്പോൾ പ്രകൃതിയിലെ ഒരുപാട് സത്യങ്ങൾ നമുക്ക് മനസിലാകും.

മാമൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അകത്തെ മുറിയിൽ
മുത്തശ്ശിയുടെ കരച്ചിൽ കേട്ടു.
എല്ലാം കഴിഞ്ഞു…
മനോജ്‌ മാമൻ കാറിൽ കയറുമ്പോൾ..
മനസ്സിൽ ഒരു സങ്കടമായിരുന്നു.

By ivayana