രചന : സക്കരിയ വട്ടപ്പാറ.✍️
സാബുവും ഷിബുവും ബാല്യകാലം മുതൽക്കേ ഉറ്റ ചങ്ങാതിമാരായിരുന്നു. കാലം കടന്നുപോയപ്പോൾ ഇരുവരും വിവാഹിതരായി. സാബുവിന്റെ വധു, പണത്തിന്റെയും വിദ്യാഭാസത്തിന്റെയും തിളക്കമുള്ള ലോകത്തുനിന്നുള്ളവളായിരുന്നു. ആർഭാടത്തിന്റെയും പരിഷ്കാരത്തിന്റെയും പര്യായമായിരുന്നു അവൾ. എന്നാൽ ഷിബുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്, സാധാരണക്കാരിയായ, നാട്ടിൻപുറത്തിന്റെ നന്മയുള്ള പെൺകൊടിയായിരുന്നു.
ഷിബുവിന്റെ ഭാര്യയുടെ ലാളിത്യത്തെയും വിദ്യാഭ്യാസക്കുറവിനെയും പരിഹസിച്ച് സാബുവും നാട്ടിലെ ചിലരും രഹസ്യമായും പരസ്യമായും സംസാരിച്ചു. എന്നാൽ ഷിബുവും ഭാര്യയും അവരുടെ കുഞ്ഞുങ്ങളും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഇഴയടുപ്പമുള്ള ഒരു കൊച്ചുകുടുംബമായി ജീവിച്ചു.
കാലം കടന്നുപോയപ്പോൾ, സാബുവിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ സംഭവിച്ചു. പണത്തിന്റെയും പ്രതാപത്തിന്റെയും ലോകത്ത് ജീവിച്ച ഭാര്യ, സാബുവിനെ അവഗണിച്ച് സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ തുടങ്ങി.
അവൾ സാബുവിനൊപ്പം ഒരു കുടുംബമായി ജീവിക്കുമ്പോൾ തന്നെ അവളുടെ ഓരോ ചലനങ്ങളും ആർക്കും സംശയം ഉളവാക്കുന്നതും ദുരൂഹവുമായിരുന്നു. സാബുവിനൊപ്പം ജീവിക്കുമ്പോൾ തന്നെ അവൾ എല്ലാ കാര്യങ്ങളും സാബു അറിയാതെ രഹസ്യമാക്കി വയ്ക്കുന്ന ഒരു ശീലം വളർത്തിയെടുത്തിരുന്നു. സന്തുഷ്ട കുടുംബം നയിക്കുന്നു എന്ന അഭിനയം ഒക്കെ നാട്ടുകാർക്ക് മുന്നിൽ തകർന്നുവീണു. സാബുവും ഭാര്യയും ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുന്നുവെങ്കിലും ഇരുവർക്കും ഇടയിൽ ഒരു അന്യതാബോധവും, വേർതിരിവിന്റെ മതിൽക്കെട്ടും ഉണ്ടെന്നുള്ള കാര്യം നാട്ടുകാർക്കൊക്കെയും മനസ്സിലായി തുടങ്ങിയിരിക്കുന്നു.
ആർഭാടത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ ഏകാന്തതയുടെയും ദുഃഖത്തിന്റെയും കാണാക്കയങ്ങളിലേക്ക് സാബുവിന്റെ ജീവിതം പതിച്ചു. മദ്യവും ദുഃഖവും അവന്റെ ജീവിതത്തെ കാർന്നുതിന്നു.
എന്നാൽ ഷിബുവിന്റെ ജീവിതത്തിൽ, സ്നേഹത്തിന്റെയും കരുതലിന്റെയും നിലയ്ക്കാത്ത ഒഴുക്കായിരുന്നു. ചെറിയ രോഗങ്ങൾ വരുമ്പോൾ പോലും ഭാര്യയുടെ പരിചരണം അവനെ അത്ഭുതപ്പെടുത്തി. ഗ്രാമീണമായ ആ ജീവിതത്തിൽ സ്നേഹത്തിന്റെ സുഗന്ധം നിറഞ്ഞുനിന്നു.
കാലം സാക്ഷിയായി, സാബുവിന്റെയും ഷിബുവിന്റെയും ജീവിതത്തിലെ വൈരുദ്ധ്യങ്ങൾ നാട്ടുകാർക്ക് ബോധ്യമായി. ഷിബുവിനെ പരിഹസിച്ചവർ കുടുംബത്തെ പുകഴ്ത്തി സംസാരിച്ചു.
ജീവിതവിജയത്തിന്റെ അളവുകോൽ പണമോ പ്രതാപമോ അല്ല, മറിച്ച് സ്നേഹവും സന്തോഷവും നിറഞ്ഞ കുടുംബജീവിതമാണ് .
