രചന : ദീപ്തി പ്രവീൺ ✍
” നീയൊരു കൊലപാതകിയാണ് വിപിന്‍…. ക്രൂരനായ ഒരു കൊലപാതകി….. ”
സായാഹ്ന സൂര്യന്റെ സിന്ദൂരവര്ണ്ണത്താല് സുന്ദരമായ ബീച്ചിന്റെ ആളൊഴിഞ്ഞ കോണിലിരുന്നു കല്യാണി അത് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ വിപിന്‍ അവളെ പകച്ചു നോക്കി……
” ഞാന്‍ ആരെ കൊന്നു….. പ്രണയിച്ചു വേര്‍പെടുന്നത് ലോകത്തെ ആദ്യത്തെ സംഭവം ഒന്നുമല്ല കല്ലൂ……. നമ്മളില്‍ സാമ്യതകള്‍ ഏറെയുണ്ടെന്നു ധരിച്ചു നമ്മള് പ്രണയിച്ചു….എന്നാല്‍ സാമ്യതയേക്കാള് ഏറെ വ്യത്യസ്തതയായിരുന്നു…..അതിനാല്‍ പിരിയുന്നു….അതും നല്ല കൂട്ടുകാരായി തന്നെ….അതില്‍ എന്താണ് തെറ്റ്….”
തന്റെ ഭാഗം ന്യായീകരിച്ചു വിപിന്‍ ചോദിച്ചു…..
ചക്രവാളത്തിലേക്ക് ചായുവാന്‍ ആശിക്കുന്ന സൂര്യനെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ കല്യാണി അവന്റെ മുഖത്തേക്കു നോക്കികൊണ്ടു പറഞ്ഞൂ…..
”പുറമെ മുറിവേല്പിച്ചു കൊല്ലുന്നതല്ല…….. താങ്ങാനാവാത്ത വേദനയോടെ തലങ്ങും വിലങ്ങും നീ എന്റെ മനസ്സിനെ മുറിപ്പെടുത്തി……പല തവണ…….. നിന്റെ പ്രണയം ഏറ്റുവാങ്ങിയ എന്റെ മനസ്സ് എപ്പോഴോ മരിച്ചു…..അതിലേക്ക് നിനക്കോ നിന്റെ പ്രണയത്തിനോ ഒരു മടങ്ങി വരവില്ല…….
പിന്നെ നീ പറഞ്ഞു സാമ്യതകള്‍ കണ്ടു പ്രണയിച്ചു എന്ന്….
തെറ്റ്….പുറമേയുള്ള സൗന്ദര്യം കണ്ടു പ്രണയിച്ചു എന്നു പറയു…….. പുതിയതായി . ഓഫീസില്‍ വന്ന ആരതിക്ക് എന്നേക്കാള്‍ സൗന്ദര്യം കണ്ടപ്പോള്‍ നീ എന്നിലെ വ്യത്യസ്തതകളെ തിരയാന്‍ തുടങ്ങി……… അതില്‍ ഏറെക്കുറെ നീ വിജയിച്ചു….”
കല്യാണിയുടെ ഒരോ വാക്കും ചാട്ടുളി പോലെ വിപിനെ പൊതിഞ്ഞു അതു കണ്ടുകൊണ്ട് അവള് തുടര്‍ന്നു..
” നിനക്ക് ഓര്‍മ്മയുണ്ടോ നമ്മള് എങ്ങനെയാ പ്രണയത്തിലായതെന്ന്…..
പുതിയതായി ഓഫീസില്‍ എത്തിയ എന്റെ പിന്നാലെ എത്രയോ സമയം ചിലവഴിച്ചു നീ നടന്നിട്ടുണ്ട്….. എത്രയോ ദിവസങ്ങളില്‍ എന്നെ വീടോളം പിന്തുടര്ന്നിട്ടുണ്ട്…… എന്റെ ചെറിയ കാര്യങ്ങളില്‍ പോലും എത്രത്തോളം ശ്രദ്ധ വെച്ചിരുന്നു….നിഴല്‍ പോലെ എന്നെ പിന്തുടര്ന്നു….ഞാനില്ലാതെ ഒരു ജീവിതം ഇല്ലായെന്നു അമ്മയെ പിടിച്ചു എത്ര തവണ സത്യം ചെയ്തു……. ഭാവി ജീവിതത്തെ പറ്റീ പറഞ്ഞു എത്രത്തോളം നിന്റെ സ്വപ്നത്തിലേക്ക് വലിച്ചിട്ടിട്ടുണ്ട്……
നിന്നെ ഇഷ്ടപെട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു വരെ ഭീഷണി പെടുത്തി….. ഇത്രയൊക്കെ മതി ഒരു സാധാരണ പെണ്‍കുട്ടി വിശ്വസിക്കാന്‍…. സാധാരണക്കാരനായ അച്ഛന്റെയും അമ്മയുടെയും തീര്‍ത്തും സാധാരണക്കാരിയായ മോളായത് കൊണ്ട് ഞാനും അത് വിശ്വസിച്ചു…… നിന്നെ സ്നേഹിച്ചു….നിന്റെ കൂടെ ഒരു ജീവിതം സ്വപ്നം കണ്ടു…..എന്റെ ഒരോ രാവും പകലും നിനക്കായ് മാറ്റി വെച്ചു………
പലപ്പോഴും അതിരു വിട്ട നിന്റെ നോട്ടത്തെയും വാക്കുകളെയും പ്രവൃത്തികളെയും ഞാന്‍ നിയന്ത്രിച്ചപ്പോള്‍ നീ അവിടെ നമ്മള് തമ്മിലുള്ള വ്യത്യസ്ത കണ്ടു തുടങ്ങി….. ശരിയാണ്…എത്ര മോഡേണ്‍ ആണെങ്കിലും അടുത്തിരുന്നു കുറച്ചു കാര്യം പറയുന്നതിലും വല്ലപ്പോഴും ഇതു പോലെ ബീച്ചിലോ പാര്‍ക്കിലോ ഒന്നു കൂടെ വരുന്നതിലും മാത്രമേ ഭൂരിഭാഗം പെണ്‍കുട്ടികളും ആ സ്വതന്ത്ര്യത്തെ ഒതുക്കാറുള്ളു…… അത് ആ പെണ്‍കുട്ടിയുടെ പവിത്രതയാണ്…..
അത് തിരിച്ചറിയാത്ത ന്യൂനപക്ഷമാണ് പിന്നീട് ആത്മഹത്യയില്‍ ഒടുങ്ങി തീരുന്നത്……
ഇനി നീ പറഞ്ഞ വ്യത്യസ്തതയെ പറ്റി പറയാം…
സാമ്യതയില്‍ കണ്ടെത്തുന്നതല്ല പ്രണയം…. അത് ഒരേ തൂവല്‍ പക്ഷികള്‍ പോലെ ചേര്‍ന്നു പോകുന്നതാണ്…….
എപ്പോഴും വ്യത്യസ്തതയിലാണ് പ്രണയം വിരിയുന്നത്…..ഒരാള്‍ക്കു വേണ്ടി വിട്ടു കൊടുക്കുന്നത്…..അയാള്‍ അയാളുടെ ഇഷ്ടങ്ങളെ നമുക്ക് വേണ്ടി മാറ്റുമ്പോള്‍ ഉള്ള ചെറിയ സുഖം….
നമുക്കിഷ്ടമില്ലാത്ത ദുശ്ശീലങ്ങള്‍ പ്രയാസപെട്ടായാലും മറ്റൊരാള്‍ക്ക് വേണ്ടി ഉപേക്ഷിക്കുമ്പോള്‍ അവിടെ തെളിയുന്നത് അവര്‍ക്ക് നമ്മളോടുള്ള പ്രണയമാണ്….
അവന്റെ പ്രിയപ്പെട്ട ഗാനങ്ങളെ ഞാന്‍ തേടിപിടിച്ചു ആസ്വദിക്കുന്നത് അവനോടുള്ള പ്രണയം കൊണ്ടാണ്….
സാമ്യതകള്‍ വേണ്ടെന്നല്ല….സാമ്യതകളില്‍ മാത്രം പ്രണയം കണ്ടെത്തിയ നിന്റെ വിഡ്ഢിത്തത്തെ ചൂണ്ടി കാണിച്ചതാണ്……
വിട്ടു കൊടുക്കലും നേടിയെടുക്കലുമാണ് യഥാര്‍ത്ഥ പ്രണയം…. കേവലം ശരീരത്തെ മാത്രം പ്രണയിക്കുന്ന നിനക്ക് അത് മനസ്സിലാകില്ല….
പ്രണയിച്ചു പ്രണയിച്ചു പ്രണയിതാവിന്റെ ശ്വാസമാകാന്‍ കഴിയണം……… എന്നൂ വെച്ചാല്‍ ശ്വാസം ഇല്ലാത്ത അവസരങ്ങളിള്‍ നമുക്കൊരു അസ്വസ്ഥയുണ്ടാകില്ലേ…..
ശ്വാസം ലഭിക്കാതെയുള്ള പിടച്ചില്‍…… അത്…. ആ പിടച്ചില്‍ അസ്വസ്ഥത നമ്മുടെ അസാന്നിധ്യത്തില്‍ അവര്‍ക്കും അവരുടെ അസാന്നിധ്യത്തില്‍ നമുക്കും തോന്നണം………. അവന്റെ സ്വരങ്ങളില്‍ ഉയിര് കണ്ടെത്താന്‍ കഴിയണം……
ശരീരത്തെക്കാള്‍ ഉപരി മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിയണം….. പ്രണയം പവിത്രമാണ്…..നിന്നെ പോലെയുള്ളവരുടെ ശരീരത്തോടു തോന്നുന്ന ആകര്‍ഷണത്തെ പ്രണയം എന്ന പേരിട്ടു വിളിക്കരുത്……… ആകര്‍ഷണവും പ്രണയവും തമ്മില്‍ വ്യത്യാസമുണ്ട്….ആകര്‍ഷണം നൈമഷികമാണ്….. നിന്റേത് പോലെ…. മറ്റൊന്നു കാണുമ്പോള്‍ വഴി മാറി പോകുന്നത്….. അത് ഒന്നില്‍ നിന്നും മറ്റൊന്നിലേക്കെ പോയികൊണ്ടിരിക്കും…… എന്നാല്‍ പ്രണയം അത് ഒന്നിനോടേ തോന്നു….. മറ്റൊന്നിലേക്ക് മാറി പോകില്ല…… ഒരാളുടെ ജീവിതത്തില്‍ പ്രണയങ്ങള്‍ നിരവധിയുണ്ടാകാം….എന്നാല്‍ ആത്മാര്‍ത്ഥമായ പ്രണയം ഒരേ സമയം ഒരാളോടെ തോന്നുകയുള്ളൂ……. ആ വ്യക്തിയില്‍ ആയിരിക്കും അവരുടെ ലോകം.. നിനക്ക് ഇതൊന്നും മനസ്സിലാകില്ല…..
നിന്റെ പ്രണയനഷ്ടം കൊണ്ടു ഞാന്‍ ഒരിക്കലും പ്രണയത്തെ വെറുക്കുകയില്ല…… കാരണം ആത്മാവിനോളം ഇറങ്ങി ചെന്നു പ്രണയിക്കാന്‍ എനിക്കു കഴിയും….അതിന് ഞാന്‍ തിരഞ്ഞെടുത്ത ആള് തെറ്റായി പോയി എന്നു മാത്രം…… അത് എന്റെ തെറ്റാണ്….എന്റെ പ്രണയത്തിന്റെ തെറ്റല്ല….
ഞാന്‍ നേരത്തെ പറഞ്ഞത് പോലെ നിന്റെ പ്രണയം ഏറ്റുവാങ്ങിയ എന്റെ മനസ്സ് മരിച്ചു……. ഇനി അവിടെ ഒരു തളിര് ഉണ്ടാകുകയില്ല….
ഇനിയും വേനല്‍ മഴ വരും….. എന്നെ മനസ്സിലാക്കുന്ന, ബാഹ്യസൗന്ദര്യത്തെക്കാള്‍ ആന്തരിക സൗന്ദര്യം തിരിച്ചറിയുന്ന, ശരീരമല്ല ആത്മാവാണ് പ്രണയത്തിന് വേണ്ടെതെന്നു മനസ്സിലാക്കുന്ന ഒരാള്‍ വരും…..
ഇനി എന്റെ പ്രണയം അങ്ങനെ ഒരാളിനാണ്…….അയാള്‍ക്ക് വേണ്ടിയാണ് എന്റെ കാത്തിരിപ്പ്…..
അല്ലാതെ പ്രണയ നൈരാശ്യത്താല്‍ ആത്മഹത്യ ചെയ്യുവാനോ എന്നെ കൈ വിടല്ലേ എന്നു നിന്റെ കാല് പിടിക്കാനോ ഞാന്‍ വരില്ല……. ഇനിയും ഓഫീസില്‍ നമ്മള് നല്ല സഹപ്രവര്‍ത്തകര്‍ മാത്രമായിരിക്കും….
ഇവിടെ വെച്ചു നമ്മള് പിരിയുന്നു….. ആരതി നിനക്ക് വേഗം വളയാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം….”
അവന്റെ മുഖത്തടിക്കുന്നത് പോലെ ഇത്രയും പറഞ്ഞു കൊണ്ടു മണലില്‍ നിന്നും എഴുന്നേറ്റു വസ്ത്രത്തില്‍ പറ്റിചേര്‍ന്ന മണല്‍ത്തരികളെ തട്ടിമാറ്റി , ബാഗ് എടുത്തു തോളിലിട്ടു കല്യാണി വേഗത്തില്‍ നടന്നു……… അവളുടെ മനസ്സ് അലയൊഴിഞ്ഞ കടല്‍ പോലെ ശാന്തമായിരുന്നൂ…
ഇത്രയും നാള് തന്റെ മുന്നില്‍ മിണ്ടാപൂച്ചയെ പോലെ പതുങ്ങിയിരുന്ന കല്യാണിയുടെ നാവില്‍ നിന്നും വാക്കുകളാല്‍ ഏറ്റുവാങ്ങിയ പ്രഹരത്താല്‍ വിപിന്‍ മുഖം ഉയര്‍ത്താന്‍ കഴിഞ്ഞില്ല….
അപ്പോഴും തിര അലയടിച്ചുകൊണ്ടിരുന്നു….. സിന്ദൂരവര്ണ്ണത്താല് സുന്ദരിയായി………