രചന : പൂജ. ഹരി കാട്ടകാമ്പാൽ✍
കേരളത്തിൽ നിന്നും ഞാനൊക്കെ ബഹിരാകാശത്തു പര്യവേഷണത്തിനു പോയിരുന്നെങ്കിലുള്ള പ്രതികരണം എന്തായിരിക്കും ?? എന്റെ പേരൊന്നു മാറ്റുന്നു.വെറും ഭാവനയാണ്.ആ സെൻസിൽ എടുക്കുക.
മഞ്ഞരമയുടെ റിപ്പോർട്ട് : കേരളത്തിൽ നിന്നും ബഹിരാകാശപര്യവേഷണത്തിനു പോയ ടിന്റു മോളുടെ ഇപ്പോളത്തെ അവസ്ഥ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..
ടിന്റു മോൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കപ്പയും മീൻ കറിയും കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
മറു:നാടൻ പത്രം റിപ്പോർട്ട് ചെയ്യുന്നു : കേരളത്തിൽ നിന്ന് പോയ ടിന്റു മോളുടെ തിരോധാനത്തിന് പിന്നിൽ അന്യഗ്രഹജീവികളുടെ കറുത്ത കൈകളോ?
കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു..
ചൂടുള്ള ചർച്ചകൾ നടത്തുന്നു.
വിവിധ പാർട്ടികൾ അവകാശത്തർക്കങ്ങൾ നടത്തുന്നു. നാട്ടിലുള്ളപ്പോൾ ടിന്റമോൾ പൊതിച്ചോറ് പ്രോഗ്രാമിൽ വരെ പങ്കെടുത്തിട്ടുണ്ട് എന്നൊക്കെയുള്ള വാർത്ത പരന്നു. പല നിറത്തിലുള്ള കൊടികൾ ടിന്റു മോൾടെ സെൽഫികളിൽ കൂട്ടിച്ചേർത്തു.നാട്ടിൽ എത്തിയാൽ ഇലക്ഷനു നിർത്താൻ വരെ പ്ലാനുണ്ട്.
ടിന്റുമോൾ സുരക്ഷിതയാണോ അല്ലയോ?
അവർ എന്നു തിരിച്ചിറങ്ങും?
നാട്ടുകാർ ചിന്തിച്ചു കൂട്ടി..
അയൽക്കൂട്ടങ്ങളിൽ ടിന്റു മോളെ കുറിച്ചുള്ള പരദൂഷണങ്ങൾ..
ചെസ്സ് നമ്പർ 1. നബീസു
( ശബ്ദം താഴ്ത്തി ) ഓൾക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടാർന്നാ?? വീട്ടിൽ അടങ്ങി ഒതുങ്ങി കഴിഞ്ഞാ മരിച്ചാൽ സ്വർഗത്തിലേക്ക് നേരെ പൊക്കൂടെ?
വീടും കുടുംബോം ഉണ്ടെന്നുള്ള വിചാരമുണ്ടേൽ ഇങ്ങനെ പോകോ?
അവൻ വേറെ കെട്ടും.. സംശയണ്ടോ? ഈടെ ഇരുന്നു മൊഴി ചൊല്ലിയ മതി..
ചെസ്സ് നമ്പർ 2.സാറാമ്മ
എന്നാലും എന്റെ ടിന്റു മോളെ. പള്ളിയും പള്ളിക്കാരെയുമൊന്നും മൈൻഡ് ചെയ്യാതെ നടന്നപ്പോഴേ എനിക്ക് തോന്നിയിരുന്നു നീ ഇതല്ല ഇതിലപ്പുറം ചെയ്യുമെന്ന്…
ആ കെട്ടിയവനെ കൂടെ കൊണ്ടു പോയിരുന്നേൽ ഇത്ര നാണക്കേടില്ലായിരുന്നു.. ഇതിപ്പോ ആരുടെയോ കൂടെ.. ഓന്റെ മോന്ത കണ്ടാൽ മതി കള്ളലക്ഷണമാ.. എന്നാലും എന്റെ കർത്താവേ ആ കൊച്ചിനെ വേഗം ഭൂമിയിലോട്ട് ഇറക്കണേ..
🚶🏻♀️എന്നിട്ട് വേണം ഓൾടെ മോത്തു നോക്കി നാല് വർത്താനം പറയാൻ…
ചെസ്സ് നമ്പർ 3.വിശാലാക്ഷി
ഇവിടെ ഒരു ചൊവ്വ കാരണം മോൾടെ കല്യാണം മുടങ്ങി പോകുമ്പോഴാ ആ കൊച്ച് മോളിലോട്ട് പോയിരിക്കുന്നത്.
എന്റെ മോളാണെങ്കിൽ വിടില്ലായിരുന്നു. എന്റെ മോളെ നല്ല ചൊല്ലുവിളി ഉള്ളവളാ..
സന്ധ്യ കഴിഞ്ഞാൽ വീടിന്റെ പുറത്തവൾ ഇറങ്ങില്ല..
ഇതേ സമയം ടിന്റു മോളുടെ വീട്ടിൽ : ലേ ഭർത്താവ് :
ശ്ശെടാ ഇവളെന്നാ പണിയാ ഈ ചെയ്തത്.. ഒരാഴ്ച എന്നു പറഞ്ഞിട്ട് പോയതാ.. ഫ്രിഡ്ജിലെ ഫുഡ് തീർന്നു.
പിള്ളേരെ കൊണ്ട് പൊറുതി മുട്ടി. ഫുഡ് ഓർഡർ ചെയ്യാമെന്ന് വെക്കാം. ഒന്ന് ഫോൺ ചെയ്താൽ കിട്ടുന്നില്ല.ഓൾടെ ഒരു ഗവേഷണം. ഇങ്ങോട്ട് വരട്ടെ..
ഇനി ഈ പടിക്ക് പുറത്തു വിടില്ല. വേറെ എന്തേലും ജോലിക്ക് നോക്കാം..
രാത്രിയിൽ ടിന്റു മോളുള്ള ബഹിരാകാശ വാഹനം ആകാശത്തു കൂടെ മിന്നി തിളങ്ങി ഒഴുകി.താഴെ നിന്ന് കുട്ടികൾ പറഞ്ഞു നമുക്കും ഇതുപോലെ വല്യ സയന്റിസ്റ്റ് ആവണം..
അകത്തു നിന്ന് അമ്മമാർ പറഞ്ഞു. അതൊന്നും വേണ്ടാ എൻട്രൻസ് എഴുതി വല്ല ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആയാ മതി. അല്ലേൽ IT ഫീൽഡ് മതി. ഈ അപകടം പിടിച്ച പണിയൊന്നും വേണ്ട.
രാവിലെ പത്രം തുറന്നവർ കൊലപാതകങ്ങളും അവിഹിത കൊലകളും പീഡനങ്ങളും നിറഞ്ഞ താളുകളിൽ ടിന്റു മോളുടെ വാർത്ത അന്വേഷിച്ചു. അതൊരു മൂലയിൽ ഒതുങ്ങി.
മയക്കുമരുന്നടിച്ചു നടക്കുന്നവർ ടിന്റു മോളുടെ സുരക്ഷയെ പറ്റി ആവലാതിപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ ടിന്റുമോളെ കുറിച്ചുള്ള എഴുത്തുകൾ നിറഞ്ഞു.
ടിന്റു മോളുടെ പഴയ പ്രണയവും തേപ്പും വരെ വലിച്ചു പുറത്തിട്ടു ആഘോഷമാക്കി..
ബഹിരാകാശത്ത് ടിന്റു മോൾ വേവലാതിയോടെ കറങ്ങിക്കൊണ്ടിരുന്നു.എന്നാലും ഫേമസ് ആയല്ലോ.. ആ സന്തോഷമുണ്ട്.എന്തെങ്കിലും വെച്ച് കെട്ടി വല്ല ഉൽഘാടനത്തിനും പോയി ജീവിക്കാം.നാട്ടിൽ നടക്കുന്നതെല്ലാം അവൾ അറിയുന്നുണ്ടായിരുന്നു.. മുകളിൽ നിന്നും കേരളത്തെ കാണുമ്പോ എന്താ ഒരു ഭംഗി. റോഡുകളിലൊക്കെ ചന്ദ്രനിലെ പോലെ ഗർത്തങ്ങൾ.. പാഞ്ഞു പോകുന്ന വന്ദേ ഭാരത്.
വീട്ടിൽ വെച്ച CCTV യിൽ ഉറ്റു നോക്കി അലങ്കോലമായി കിടക്കുന്ന വീടും പരിസരവും ഏതു നേരവും ഫോണിൽ തോണ്ടി ഇരിക്കുന്ന കെട്ടിയോനേം പിള്ളേരേം കണ്ടു.. വീടിന്റെ പിന്നാപുറത്തു ഇരുന്നു തന്റെ കുറ്റം പറയുന്ന അമ്മായിയമ്മയെ കണ്ടു. ഈ തള്ളക്കൊരു മാറ്റവുമില്ലേ…
ആ സമയത്ത് പാവം ചൊവ്വ ബഹിരാകാശപേടകത്തിനു സൈഡ് കൊടുത്തു പോയി.
കേരളത്തിലുള്ളവരുടെ പ്രാക്കും ശാപവും കാരണം ചൊവ്വ വല്ലാതെ ക്ഷീണിച്ചിരുന്നു.
ടിന്റു മോൾ ഫാൻസ് അമ്പലത്തിൽ ടിന്റു മോളുടെ പേരിൽ വഴിപാടുകളും ശത്രു സംഹാര ക്വാട്ടേഷനും നടത്തി..
ഒന്നിരിക്കാനോ മര്യാദക്കു നടക്കാനോ പറ്റാതെ ടിന്റു മോളും കൂട്ടാളിയും അതിനകത്തു പാറി നടന്നു. അതിന്റെ വീഡിയോ നാട്ടിൽ വൈറൽ ആയിരുന്നു. അതിന്റെ അടിയിലും ചില ഫേക്ക് തെണ്ടികൾ വൃത്തികെട്ട കമെന്റുകൾ ഇട്ടിട്ടുണ്ട്…
രാത്രിയും പകലും മിന്നിമാഞ്ഞു..
ടിന്റുമോൾക്ക് കുറച്ചു കഴിഞ്ഞാൽ കേരളത്തിലെ കടപ്പുറത്തു ഇറങ്ങാം..
വീട്ടിലും നാട്ടിലും എത്തിയാലുള്ള അവസ്ഥ ഓർത്തു ടെൻഷൻ അടിച്ചു ടിന്റുമോളുടെ മുടിയൊക്കെ കൊഴിഞ്ഞു പോയി.. എന്തൊക്കെ ചോദ്യങ്ങൾ നേരിടേണ്ടി വരുമോ എന്തോ? ടിന്റു മോൾ നെടുവീർപ്പോടെ ആ നിമിഷവും കാത്തിരുന്നു.
