അങ്ങേലെകുട്ട്യോള് ഇസ്കൂളിൽ പോയില്ല
പഴങ്കഞ്ഞീം പൊതിച്ചോറും ഇല്ലാരിക്കും
പാത്തൂ നീയങ്ങോട്ടുപോയിത്തിരക്കെടീ
കാപ്പി കുടിക്കാനാ കുട്ട്യോളേം കൂട്ടിവാ.

പാറുക്കുട്ടി രണ്ടുതക്കാളി തായോടീ
ചന്തേല് പോയ് വന്നാ തിരികെത്തരാമെടീ
അടുക്കളത്തിണ്ണേലിരിപ്പോണ്ട് കോമതീ
ആവശ്യം പോലെടുത്തോടീ നീ തക്കാളി.

അയ്യോ മറന്നെടീ കറി അടുപ്പത്താണ്
വാറുവറുക്കാൻ കറിയപ്പില വേണം
കറിയപ്പിലമരം ചായ്ച്ചുപിച്ചിക്കോ
മുരിങ്ങേന്ന് നാലഞ്ച് മുരിങ്ങക്കായിട്ടോടീ.

കോവാലാ നീവാടാ ചായക്കടേപ്പോവാം
കടുപ്പത്തില് രണ്ടുചായ താ ശങ്കരാ
രണ്ടിലും പഞ്ചാര ലേശം മതിയെടാ
കപ്പയും കാച്ചിൽപ്പുഴക്കുമായിക്കോട്ടെ.

കാക്ക വിരുന്നു വിളിക്കുന്നു സോമേട്ടാ
മച്ചാനും പെണ്ണും വിരുന്നിനെത്താറായി
താറാവിറച്ചിയോ കോഴിക്കറി വേണോ
ആറ്റീന്നഞ്ചാറുകരിമീൻ പിടിക്കണോ..?

ഉമ്മറത്തൊരുകൊടം ചെത്തുകള്ളുണ്ടേ
മോന്തിക്കുടിക്കല്ലേ കട്ടുറുമ്പുണ്ടാവും
നാലും കൂട്ടിയൊന്ന് മുറുക്കിപ്പുറപ്പെടാം
പുഴയിൽപ്പോയഞ്ചാറു മീനും പിടിക്കാം.

ഓലമുടയെൻ്റെ ചെമ്പകക്കൂട്ടിയേ
ഓടിട്ട വീടല്ലതോർത്തു മുടയണം
വേനൽ മഴ പെയ്താലോടിക്കേറാൻ നിൻ്റെ
ഓടിട്ട വീടെനിക്കയലല്ലേ രാധേ

ഓലപ്പുരയിലും ഓടിട്ട വീട്ടിലും
ഓടിക്കളിക്കുന്നു കുഞ്ഞിളം പൈതങ്ങൾ
അയൽ വീട് നല്ലതുണ്ടെങ്കിൽ പറയണോ
അതുപോലൊരു സ്വർഗ്ഗം വേറൊന്നുണ്ടാമോ?

By ivayana