എന്തിനെന്നറിയില്ല മഴയെ ഞാനെന്തിനോ
വല്ലാതെ സ്നേഹിച്ചിരുന്നിരുന്നു
എഴുതിയാൽ തീരാത്ത കവിതപോൽ
മഴയെ ഞാൻ നെഞ്ചോട് ചേർത്തു-
പുണർന്നിരുന്നു
വിരഹാർദ്ര നൊമ്പരക്കുളിരു പോൽ –
മഴയെന്റെ
സിരകളിലാകെ നിറഞ്ഞിരുന്നു
മഴയുടെ കാതിൽ ഞാൻ ഗതകാല –
സ്‌മൃതികളെ
മധുരമായെന്നോ പറഞ്ഞിരുന്നു
കദനം പുകയുമെൻ ഹൃദയത്തെ –
മഴയെന്നും
മിഴിനീരു തൂവി നനച്ചിരുന്നു
മഴയുടെ താളലയത്തിലെൻ ശാഖിയിൽ
സുരഭിലസൂനം വിടർന്നിരുന്നു
മഴപാടും പാട്ടിന്റെയീണങ്ങൾക്കായി –
ഞാൻ
മഴയെത്താൻ കാതോർത്തിരുന്നിരുന്നു
അറിയാത്ത പാട്ടിന്റെ യീണവുമായെന്റെ
ഹൃദയാഭിലാഷം പകുത്തിരുന്നു
മഴ കാട്ടും കുസൃതിയ കണ്ടു ഞാൻ –
വ്യഥയോടെ
പലവട്ടം തേങ്ങിക്കരഞ്ഞിരുന്നു
എങ്കിലും മഴയെ ഞാനെന്തിനെന്നറിയില്ല
വല്ലാതെ സ്നേഹിച്ചിരുന്നിരുന്നു

By ivayana