രചന : അശോകൻ പുത്തൂർ ✍️
പൂങ്കോഴിയുടെ
കൂകിയുണർത്തുന്ന
കമാനവും കടന്ന് ഷീലാമ്മ
ഉദയാ സ്റ്റുഡിയോയുടെ
പൂമുഖത്തേക്ക് കയറുന്നു.
പൂമുഖച്ചുമരിൽ
ഏകാന്തതയുടെ പൊടി പിടിച്ച്
ശൂന്യതയിലേക്ക് മിഴിനീട്ടി
മലയാളസിനിമയിലെ സൂര്യചന്ദ്രൻമാർ
ഷീലാമ്മേ………..
പതിയെയാരോ പേരുരച്ചെന്നു തോന്നിയോ
ഉദയായുടെ നീളൻ വരാന്തയും കടന്ന്
ഷീലാമ്മ
ഇളങ്കാറ്റുപോലെ
നസീർ കോട്ടേജിലേക്ക് നടക്കുന്നു
സ്റ്റുഡിയോയിലെ
മുല്ലപ്പടർപ്പുകളും നന്ത്യാർവട്ടക്കാടുകളും
കൊട്ടാര മേലാപ്പുകളും കടന്ന്
കടത്തനാട്ട് മാക്കത്തിലെ ഒരീണം
അവരെ ചുറ്റി വരിയുന്നു.
നസീർ കോട്ടേജിലെ കൈവരികൾ പിടിച്ച്
പ്രേംനസീർ പാടുന്നു
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ………
കോട്ടേജിനു മുന്നിലെ
പൂത്തുനിൽക്കുന്ന ചെമ്പകച്ചോട്ടിൽ
സത്യൻസാറും ഉമ്മറും എസ്പി പിള്ളയും.
തെല്ലുമാറി
കുഞ്ചാക്കോ ശാരഗപാണി
ദേവരാജൻ വയലാർ.
ഓണം റിലീസ് ചിത്രത്തിലെ
പാട്ടൊരുക്കമാണ്
ഷീലാമ്മ
ഉദയായുടെ ആകാശപ്പരപ്പിലേക്ക്
കണ്ണുയർത്തി അല്പനേരം നിൽക്കുന്നു.
ചെമ്മാനത്തിന്റെ അങ്കത്തട്ടിൽ
ഒതേനനും ആരോമലും ചന്തുവും
അരിങ്ങോടരും ഉണ്ണിയാർച്ചയും
അങ്കക്കലിയിൽ
ഓതിരം കടകം വെട്ടി ഒഴിഞ്ഞു മാറുന്നു.
ആറ്റും മണമ്മേലെ കളരിയും
അല്ലിമലർക്കാവിലെ കൂത്തും
തുടിച്ചു കുളിയും താലപ്പൊലിയും
ചേകവരുടെ വീരസ്യമോതുന്ന
പാണനാരുടെ വാഴ്ത്തുപാട്ടുകൾ…….
മാനത്തെ 35mm തിരശീലയിൽനിന്ന്
ഉദയായുടെ പൂങ്കോഴി
അവരെ കൂവി ഉണർത്തുന്നു
കാലങ്ങൾ അടർന്നടർന്നു വീണ്
അവരുടെ കണ്ണുകൾ തടാകമാകുന്നു
ഒരു പെണ്ണിന്റെ കഥയിലെ
കരുത്തയായ പെണ്ണിനെപ്പോലെ
മിഴിതുടച്ച് അവർ
കാലത്തെനോക്കി ഒന്നു ചിരിക്കുന്നു.
ദൂരെ മൂവന്തി ചായുന്നു
പതിയെ അവർ തന്റെ
നെടുങ്കൻ ചിത്രത്തൂണുകളും
അലങ്കാരച്ചുമരുകളും ഉള്ള
ഷീലാ കോട്ടേജിലേക്ക് നടക്കുന്നു
ഇപ്പോൾ മാനത്തെ തിരശീലക്കപ്പുറമിരുന്ന്
ആരോ പതിയെ മൂളുന്നു
മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി വന്നടുത്തു
താമരക്കളിത്തോണി
കള്ളിച്ചെല്ലമ്മേ…ദേ പിന്നെയും ആരോ………..
