രചന : ശാന്തി സുന്ദർ ✍️
മരിച്ചപെണ്ണിന്റെ
നീറിയടങ്ങാത്ത
ചിതയ്ക്ക് മേലെ
നിന്നുകൊണ്ടാണ്
അവൾക്ക് വേണ്ടി
വേനൽ വാദിച്ചത്.
മരണത്തിന്
കീഴടങ്ങിയവൾക്ക്
മേലെയെറിയുന്ന
ചോദ്യങ്ങൾക്ക്
എന്തു പ്രസക്തിയെന്ന്
കണ്ണുരുട്ടിയത്.
എവിടെയാണ് തെറ്റുപ്പറ്റിയതെന്ന്?
ഉത്തരം പരക്കെ തിരഞ്ഞു
കൊണ്ട് എവിടെനിന്നോ…
.അപവാദകഥകൾ
കേൾക്കാൻ കൊതിച്ച്,
ഓടിയെത്തിയൊരുകൊടുങ്കാറ്റ്!
ഒരു പെണ്ണിന്റെ
ദുർമരണത്തിനു
മാത്രമെന്തേ…
ദുഷിഞ്ഞ വാക്കുകളുടെ
വിഷം തുപ്പലുകളെന്ന്.
കാറ്റിനോട് ചോദിക്കുന്നു
സ്മാശനഭൂമിയിലെ
ചിലമരങ്ങൾ!
അവളെന്നെ കഥയുടെ
അവസാനവരിയും
തലയിൽ ചുമന്ന്
ഒരു മഴയുടെ നിഴൽ
ഒരു ദേശത്തിനോട്
നടന്നു കരഞ്ഞു പറഞ്ഞിട്ടും..
തോറ്റു വീഴുന്ന മഴയെ നോക്കി
ആകാശകോണിൽ പുതിയൊരു
നക്ഷത്രം ചിരിയ്ക്കാൻ
മറന്നപോലെ
പകുതി തെളിഞ്ഞു നിന്നു.
