കുരിശ്ശിൽമരിച്ചതാൽ കുരിശ്ശിന്നുമഹത്വം
കഴുമരമതുപിന്നെ രക്ഷയിൻമാർഗ്ഗമായ്.
കുരിശ്ശായിപിന്നീട് വിജയത്തിന്നടയാളം
കുരിശുവരിച്ചതാൽ കുരിശ്ശിന്നുംമോചനം!
പീലാത്തോസ്സെന്ന ന്യായാധിപൻവിസ്താരം
കണ്ടില്ലൊരുകുറ്റം, യേശുവിൻപേരിലായ് .
“രാജനോനീയെഹൂദ്യർക്കെ”ന്നു ചോദിക്കെ;
“നീതന്നെചൊല്ലുന്നുവല്ലോ”യെന്നേശുവും!
ക്രൂശിക്കയെന്നാർത്ത മുട്ടാളവർഗ്ഗത്തിൻ
കയ്യിലേൽപ്പിച്ചു കറയില്ലാത്തേശുവെ.
കാടത്തന്യായമതു കാട്ടാളവർഗ്ഗത്തിൻ;
കൈകഴുകീ കളങ്കവും, പീലാത്തോസ്സ്.
തസ്കരന്മാർക്കുനടുവിൽ കുരിശ്ശേറ്റി
തത്സമയംതന്നെ യേശുവെമ്ലേച്ഛമായ് –
അർദ്ധനന്ഗനാക്കി, ആണിതറച്ചവർ
അങ്കിക്കുവേണ്ടി കുറിയിട്ടുപട്ടാളം!
ദാഹജലമേകിയില്ല കാവൽക്കാരും
ദാഹിച്ചവനുനൽകിയതോ കയ്പുനീർ,
വിലാപ്പുറത്തായി കുത്തിമുറിച്ചവർ
വിലപിക്കവേ നീരുംനിണവുമൊഴുകിപോൽ!
സ്നേഹസ്വരൂപനാം കരുണാമയനവൻ
സ്നേഹിച്ചമനുകുലമാകെയിൻ മോചനം;
കുറ്റമറ്റോനായും മരക്കുരിശ്ശിൽതൂങ്ങി –
കുറ്റക്കാരനാകും നാട്ടുപ്രമാണിയാൽ!
“എന്നിൽനിന്നകറ്റില്ലെ ഈ പാനപാത്രം”
എന്നുരച്ചീടവേ പാറപിളർന്നുപോൽ ,
സൂര്യനിരുണ്ടിട്ടിരുട്ടായി ലോകവും
പശ്ചാത്തപിച്ചാൻ തസ്കരനൊരുവനും!
കർത്തനും വാവിട്ടുകേണതിതായി:
പ്രാവർത്തികമായിപൂർണ്ണം പ്രവചനം.
“ഏലീ, ഏലീ, ലമ്മാ ശബക്താനീ ?”
“എല്ലാംനിവൃത്തിയായ് നിന്നിഷ്ടമാകട്ടെ!”

ജോൺ കൈമൂടൻ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *