എഡിറ്റോറിയൽ ✍️
ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകുന്നു. നടന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് വിശദമായി പരിശോധിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുടെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്.
ഷൈന്‍ യുപിഐ വഴി പണം അയച്ചത് ആര്‍ക്കൊക്കെയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പണം ലഭിച്ച നമ്പറിന്റെ ഉടമകളെ കണ്ടെത്തും. ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ ഷൈന്‍ നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.
ഷൈന്‍ ടോം ചാക്കോയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെന്റ് പൊലീസ് പരിശോധിക്കും. ഇതിനായി ബാങ്ക് അധികൃതരെ സമീപിച്ചിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലിമയുമായി ഷൈന്‍ ടോം ചാക്കോയ്ക്കു ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നടന്റെ കോള്‍ ലിസ്റ്റ് പൂര്‍ണമായി പൊലീസ് പരിശോധനയ്ക്കു വിധേയമാക്കും.
വിദേശ മലയാളിയായ ഒരു വനിത സംഭവദിവസം ഷൈന്‍ ടോം ചാക്കോയുമായി ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേ ഹോട്ടലിലെ മറ്റൊരു മുറിയിലായിരുന്നു വനിത ഉണ്ടായിരുന്നു. അവരുമായി ഫോണ്‍ മുഖേന ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്ന് ഷൈന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഈ സ്ത്രീയുമായി എന്തെങ്കിലും ലഹരി ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും.
ഷൈനിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന രണ്ടാം പ്രതി മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദിനെ പൊലീസ് ചോദ്യം ചെയ്യും. ഇയാള്‍ മേക്കപ്പ്മാന്‍ ആണ്. പാലക്കാട് നിന്നും മദ്യക്കുപ്പികളുമായാണ് മുര്‍ഷാദ് ഷൈനിനെ കാണാനെത്തിയത്. മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ മുര്‍ഷാദ് ഷൈനിനു കൈമാറിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മൊഴി നല്‍കി നടി വിന്‍സി അലോഷ്യസ്. നടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം. ഐസി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം ചാക്കോ മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഷൈനിനെതിരെ നിയമ നടപടിക്ക് ഇല്ലെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.
മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു പറയാനാകില്ലെന്നും വിന്‍സി പറഞ്ഞു. ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളില്‍ തൃപ്തിയുണ്ടെന്നും വിന്‍സി അലോഷ്യസ് വ്യക്തമാക്കി. പോലീസില്‍ പരാതി നല്‍കാന്‍ താത്പര്യമില്ലെന്നും സിനിമയ്ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നുമുള്ള തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും വിൻസി അറിയിച്ചു.
അതേസമയം ഷൈന്‍ ടോം ചാക്കോയും പരാതിയില്‍ മൊഴി നല്‍കാനെത്തിയിരുന്നു. കുടുംബ സമേതമാണ് ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കാനെത്തിയത്. അമ്മയും അച്ഛനും ഷൈനിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൊഴി നല്‍കിയ ശേഷം ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഷൈനിനെതിരായ പരാതിയിലെ വിവരങ്ങള്‍ പുറത്ത് വന്നതില്‍ അതൃപ്തിയുണ്ടെന്ന് വിന്‍സി പറഞ്ഞു. താനും ഷൈനും ഒരുമിച്ചും ഒറ്റയ്ക്കും മൊഴി നല്‍കിയെന്ന് വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു.
പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചോക്കോക്കെതിരെ കേസെടുക്കില്ല. ഓടിരക്ഷപ്പെടാൻ ശ്രമിച്ചതിന് കേസെടുക്കാൻ വകുപ്പില്ലെന്നാണ് നിഗമനം. തെളിവുകളുടെ അഭാവത്തിലാണ് കൊച്ചി സിറ്റി പൊലീസ് തൽക്കാലം കേസ് എടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. തെളിവുകൾ കിട്ടിയാൽ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇറങ്ങി ഓടിയതിൽ ഷൈന്റെ വിശദീകരണം തേടും.