ഹയമോൾക്കിന്ന്
സ്വർഗത്തില് പെരുന്നാളാണ്,
ഏഴാകാശങ്ങൾ തക്ബീർ
മുഴക്കുമ്പോൾ മാലാഖമാർക്കൊപ്പം
അവളതേറ്റു ചൊല്ലുന്നുണ്ടാകും,
സിദ്രയിൽ നിന്നൊരു തെന്നലവളെ
തലോടുന്നുണ്ടാകും
സ്വർഗ്ഗത്തിലെ മൈലാഞ്ചി
ഇല കൊണ്ട് ഉമ്മൂമ്മ
ഓൾടെ കുഞ്ഞു കയ്യിൽ
ഈദ് മുബാറക്ക്
എന്നെഴുതുന്നുണ്ടാകും
കുഞ്ഞി ഹയമാർ ചുറ്റിലും
കൈചോപ്പിച്ച് നോക്കിയിരിക്കുന്നുണ്ടാകും
ഗാസയുടെ നെഞ്ചിൽ
മൈലാഞ്ചി വേരുകൾ പടരാൻ
തുടങ്ങിയതിൽ പിന്നേ
ഞങ്ങളുടെകൈയ്യിലെ
മൈലാഞ്ചി പൂത്തിട്ടേയില്ലല്ലോ
ഹയമോൾക്കിന്ന്
പുത്തൻ പെരുന്നാളാണ്
ഉപ്പൂപയ്ക്കും ഉമ്മൂമ്മയ്കും
ഒപ്പമിരുന്നവൾ പാൽപായസ
മധുരം നുണയുന്നുണ്ടാകും,
ഉപ്പൂപ്പയോൾടെ പുത്തൻ
കുപ്പായത്തില് മറക്കാതെ ഇത്തവണ
അത്തറു പുരട്ടി കൊടുത്തു കാണും
ഹയമോൾക്കിത്
സന്തോഷ പെരുന്നാളാണ്,
വെടിയുണ്ടകളുടെ
ഒച്ചയില്ലാത്ത ആദ്യപെരുന്നാള്,
വയറു നിറയേ ഭക്ഷണവും
പുത്തൻ കുപ്പാങ്ങളുമുള്ള
ആദ്യ പെരുന്നാൾ
ഇടക്ക് ചുറ്റിലുംപരതീട്ടും
ഉമ്മയെയും അബ്ബയെയും കാണാതെവരുമ്പോ ഓൾടെ
സുറുമ കൺകൾ
നനയുന്നുണ്ടാവണം
പ്രിയപ്പെട്ട അനുജത്തീ,
കരയാതിരിക്കൂ,.
നീ ഇനിയുമേറേ സന്തോഷവതിയായിരിക്കൂ,
ഉമ്മ ഇവിടെ
അർദ്ധബോധാവസ്ഥയിലും
നിന്റെ പേര് ഉച്ചരിക്കുന്നുണ്ട്
അബ്ബയേകുറിച്ച് കുറച്ചുനാളായ്
വിവരമൊന്നുമില്ലാ,
ഒരുപക്ഷെ നിന്റെ അരികിലേക്കവർ
അബ്ബായെയും പറഞ്ഞു വിട്ടുകാണും
എങ്കിലും ഞങ്ങൾക്കിവിടെ സുഖാ,
ഉണക്ക റൊട്ടിക്കും
വെള്ളത്തിനും രുചികുറയുമ്പോൾ
സ്നേഹം തിന്നും കണ്ണീർ
കുടിച്ചും ഞങ്ങൾ വിശപ്പകറ്റും,
വെടിയുണ്ടകൊണ്ട് പേമാരി
തീർത്താലും,
പിറന്ന മണ്ണിനെ ഇനിയും
ചോരക്കൊണ്ട് കുളിപ്പിച്ചാലും
ധൈര്യംചോർന്നു പോവാതെ
മരിക്കുംവരെ പോരാടും,
മുറിവിൽ നിന്നും മുളപൊട്ടും
മുച്ചൂടും മുടിച്ചാലും മുറികൂടും .
പ്രിയപ്പെട്ടവളെ,
നീ ഇനിയുംസ്നേഹത്തെ
കുറിച്ചെഴുതൂ,
പറവകളെയും,
പൂമ്പാറ്റകളെയും
വരക്കൂ ,
ചോരത്തുള്ളികളില്ലാത്ത
സ്വർഗ്ഗസുഗന്ധം ആസ്വദിക്കൂ,
തോക്കുകളില്ലാത്ത കാലം
മനോഹരമായ് തന്നെ നോക്കിക്കാണൂ..
ഏറെ സ്നേഹത്തോടെ
ഈദ് മുബാറക്ക്

By ivayana