സയൻസ് പഠിച്ച ഏതൊരാളും ബിഗ് ബാങ്ങ് എന്ന് പെട്ടെന്ന് മറുപടി പറയും. അതായത് ഏതാണ്ട് 14 ബില്യൻ വർഷങ്ങൾക്ക് മുന്നേ ഒരു അനന്തമായ ഭാരമുള്ള ഒരു സിംഗുലാരിറ്റിയിൽ നിന്നാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എന്ന്.. അപ്പോൾ ഈ സിംഗുലാരിറ്റിയ്ക്ക് മുന്നേ 14 ബില്യൻ വർഷങ്ങൾക്ക് മുന്നേ എന്തായിരുന്നു സ്ഥിതി…?? ഒന്നുമില്ലാത്ത ഒരു അവസ്ഥ എന്നാണ് ബിഗ് ബാങ്ങ് പറയുന്നത്.. ഒന്നുമില്ലായ്മയിൽ നിന്നാണോ ബിഗ് ബാങ്ങ് സിംഗുലാരിറ്റി ഉണ്ടാവുന്നതെന്ന ചോദ്യത്തിന് പെട്ടെന്ന് നമുക്ക് ഉത്തരം പറയാൻ വിഷമമുള്ളതാണ്.

അതിനു മുന്നേ എന്ത്…??
എന്ന ചോദ്യത്തിന് ഉത്തരംപറയുക വിഷമകരമാണ്..
അപ്പോൾ ദൈവവിശ്വാസികൾ പറയുന്നതു പോലെ ഒരു ദൈവം ഒരു പ്രത്യേക നിമിഷത്തിൽ ഈ പ്രപഞ്ചം ഉണ്ടാക്കിയതായിക്കൂടെ…???
14 ബില്ല്യൺ വർഷങ്ങൾക്കു മുന്നേ തന്നെ ആയിക്കോട്ടെ അന്ന് ഒരു ദൈവത്തിനു വേണമെങ്കിലും ഇങ്ങനെ പ്രപഞ്ചം ഉണ്ടാക്കാ മായിരുന്നല്ലോ..??
ഇതൊരു ലോജിക്കൽ ആയ ഒരു ചോദ്യമാണ് അപ്പോഴും ഒരു ചോദ്യം അവിടെ അവശേഷിക്കുന്നു അതിനു മുന്നേ എന്ത്…???

ദൈവം ഈ പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്നേ എന്ത്…?? എവിടെ നിന്നു കൊണ്ടാണ് ദൈവം ഈ പ്രപഞ്ചം സൃഷ്ടിച്ചത്…?? ഇങ്ങനെ ഒരു ദൈവത്തിന് നിൽക്കാൻ ഒരു സ്ഥലം ഉണ്ടെങ്കിൽ പ്രപഞ്ചം ഉണ്ടാവുന്നതിനു മുന്നേയും സ്ഥലമുണ്ട് എന്നല്ലേ അർത്ഥം..???
ഇത്തരം ചോദ്യങ്ങൾ വളരെയധികം സങ്കീർണമായ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു…!!!

ഇനി ഒരു വാദത്തിനു വേണ്ടി ഒരു ദൈവമാണ് ഈ പ്രപഞ്ചം ഉണ്ടാക്കിയതെന്ന് വിചാരിക്കുക.. കാര്യങ്ങൾ വളരെ സിമ്പിൾ ആയി എന്നു നിങ്ങൾ കരുതരുത്. ഇനിയാണ് കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു മറിയാൻ പോകുന്നത്
ഏതായാലും ഒരു ദൈവം ഈ പ്രപഞ്ചം ഉണ്ടാക്കി എന്ന് നിങ്ങൾ വിശ്വസിക്കുന്നണ്ടല്ലോ..,
ആ ദൈവം അള്ളാഹു ആകാമല്ലോ,അതേപോലെ ബ്രഹ്‌മാവോ ജൂതൻമാരുടെ ദൈവമായ യഹോവയോ ആകാമല്ലോ….???വാദത്തിനുവേണ്ടി അതും സമ്മതിക്കാം ഇനിയാണ് വിഡ്ഢിത്തങ്ങളുടെ ഘോഷയാത്ര.. ഇത്രയും നിങ്ങൾ സമ്മതിച്ചു കഴിഞ്ഞാൽ ദൈവത്തിന് മനുഷ്യനുമായി സംവദിക്കുവാൻ ഒരു പ്രവാചകന്റെ ആവശ്യവും വളരെ അത്യാവശ്യം ആണല്ലോ..

അത് ക്രിസ്തുവോ കൃഷ്ണനോ മോസസോ മുഹമ്മദ് നബിയോ ആകാമല്ലോ…??
വാദത്തിനുവേണ്ടി അതും നമുക്ക് സമ്മതിക്കാം. പ്രശ്നം തുടങ്ങുന്നതേയുള്ളൂ..
ഇങ്ങനെ ഒരു ദൈവവും പ്രവാചകനും ഉണ്ടായിക്കഴിഞ്ഞാൽ ദൈവ വചനങ്ങൾ പ്രവാചകനിൽ നിന്ന് ഒരു പുസ്തകമായി ഡൗൺ ലോഡാകേണ്ടതുണ്ട്..അത് ബൈബിളോ ഖുർആനോ ഭഗവത്ഗീതയോ വേദങ്ങളോ തോറയോ ആകാമല്ലോ…
അതും നാം വാദത്തിനു വേണ്ടി സമ്മതിക്കുക.

പക്ഷേ അവിടെ ഒരു ചോദ്യമുയരുന്നു….??
ഈ പ്രപഞ്ചം എന്നത് ഏതാണ്ട് 90 ബില്ല്യൺ പ്രകാശ വർഷം എങ്കിലും വലുപ്പമുള്ളതാണ് (മനുഷ്യൻ ഇത് വരെ കണ്ടുപിടിച്ചത്) അതിൽ മനുഷ്യൻ എന്നു പറയുന്നത് ഒരു കീടം പോലുമല്ല..
ഫുൾ മനുഷ്യനെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് ഇത്തരം പ്രവചനങ്ങൾ ഒരു പുസ്തക രൂപത്തിൽ അതും പ്രത്യേക പ്രത്യേക ഭാഷയിൽ ഉണ്ടാവുക എന്നത് എന്തായാലും ശരിയായ ഒരു രീതിയല്ല..

ഈ പുസ്തകം സംസ്കൃതത്തിലോ അറബിയിലോ ഹീബ്രുവിലോ എഴുതി എന്നത് തന്നെ വല്ല്യ വിഡ്ഢിത്തമാണ്.. അപ്പോൾ ഈ പുസ്തകങ്ങൾ മനുഷ്യരാശിയുടെ മൊത്തം അട്ടിപ്പേറവകാശം പേറുന്നില്ല എന്ന് പെട്ടെന്ന് തന്നെ നമുക്ക് മനസ്സിലാവും..
എല്ലാമറിയുന്ന ഒരു ദൈവം എങ്ങനെയാണ് മനുഷ്യരിലെ ഒരു പ്രത്യേക വർഗ്ഗം ഉപയോഗിക്കുന്ന ഭാഷയിൽ മൊത്തം മനുഷ്യനു വേണ്ടി സംവദിക്കുക…???
ഇനി അതും ശരിയെന്ന് വാദത്തിനു വേണ്ടി സമ്മതിക്കുക.

ഹീബ്രു ഭാഷയിൽ നിലവിൽ വന്ന തോറ എന്തുകൊണ്ടാണ് മറ്റു ഭാഷകളിലേക്ക് ദൈവം തന്നെ പരിഭാഷ ചെയ്യാത്തത്…??
ദൈവം പരിഭാഷ ചെയ്യാതെ
അജ്ഞാനിയായ മനുഷ്യനെ പരിഭാഷ ചെയ്യുവാൻ ഏൽപ്പിച്ചത് എന്തിനാണ്…???
ഇതു വഴി ഒരുപാട് തെറ്റുകൾ ഈ ഗ്രന്ഥത്തിൽ കടന്നു കൂടിയിട്ടില്ലേ..??
ഇതു തന്നെ ഖുർആനെ സംബന്ധിച്ചും ബൈബിളിനെ സംബന്ധിച്ചും ശരിയാണ്..
ഇനി മൂല കൃതി ശരിയാണെന്ന് തന്നെ വാദത്തിനു വേണ്ടി വയ്ക്കുക അപ്പോഴും പ്രശ്നം
90 ബില്യൺ പ്രകാശ വർഷം ദൈർഘ്യം വരുന്ന ഈ അണ്ഡ കടാഹത്തിലെ വെറും ഒരു കീടം പോലും അല്ലാത്ത ഒരു മനുഷ്യനെ പറ്റി മാത്രം വിവരിക്കുന്ന അവന്റെ ജീവിത രീതി ചിട്ടപ്പെടുത്തുന്ന ഇത്തരം ഗ്രന്ഥങ്ങൾ മറ്റ് ജീവജാലങ്ങളെയും പ്രകൃതിയെയും അന്യ ഗൃഹങ്ങളെയും നക്ഷത്രങ്ങളെയും ഒന്നും വിശകലനം ചെയ്യാത്തതെന്താണ്…???

ആദ്യത്തെ ഇത്തരം ഗ്രന്ഥങ്ങളായ വേദങ്ങളിൽ മറ്റു മതങ്ങളെ പറ്റിയോ മറ്റു ദൈവങ്ങളെ പറ്റിയോ ഒരു പരാമർശങ്ങളും ഇല്ല എന്നു മാത്രമല്ല അത്തരം ഗ്രന്ഥങ്ങൾ എല്ലാം തന്നെ ഇന്ത്യൻ വൻ കരയിലേക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഗ്രന്ഥങ്ങളായിരുന്നു എന്ന് കാണാം.. ഇതുപോലെ ജൂതന്മാരുടെ തോറയിൽ മറ്റു മതങ്ങളെ പറ്റി യാതൊരു പരാമർശവുമില്ല. അതിനർത്ഥം അവർക്ക് മറ്റു മതങ്ങൾ ഉണ്ടെന്ന് ഒന്നുകിൽ അറിയില്ലായിരുന്നു അല്ലെങ്കിൽ അന്ന് ജൂത മതം നിലവിലിരുന്ന സ്ഥലങ്ങളിൽ വേറെ മതങ്ങൾ ഉണ്ടായിരുന്നില്ല എന്നത് കൂടിയാണ്..
എന്നാൽ ജൂത മതത്തിന് ശേഷം വന്ന ക്രിസ്തു മതത്തിൽ ജൂത മതത്തെ പറ്റി പരാമർശമുണ്ട്.. എന്നു മാത്രമല്ല അവർ ചെയ്യുന്നത് നിഷേധിക്കുകയും ശരിയല്ല എന്ന് വിശേഷിപ്പിക്കുന്ന കാര്യങ്ങളുമുണ്ട്..

ശേഷം വന്ന ഇസ്ലാംമതമാകട്ടെ ജൂത മതത്തെയും ക്രിസ്തുമതത്തെയും തള്ളി പറഞ്ഞു കൊണ്ടാണ് രംഗത്ത് വന്നത്..!!!
ഇനിയും പറയേണ്ടത് ഒരു ദൈവം മനുഷ്യരാശിയെ മൊത്തം സൃഷ്ടിച്ചു എങ്കിൽ ജൂതനെയും ക്രിസ്ത്യാനിയെയും മുസ്ലിമിനെയും ഹിന്ദുവിനെയും എല്ലാം സൃഷ്ടിച്ച ദൈവം ഒന്നായിരിക്കണമല്ലോ..
അതായത് ദൈവം തന്നെ ഉണ്ടാക്കിയ ഒരു ബുക്കിൽ അതിന്റെ നിയമങ്ങളിൽ മറ്റു മതസ്ഥരെ എങ്ങനെയാണ് ഒരു ദൈവത്തിന് തള്ളിപ്പറയാൻ കഴിയുക….???
മനുഷ്യപുരോഗതിയുടെ നാളുകളിൽ ശാസ്ത്രം കണ്ടെത്തിയ സത്യങ്ങൾ അനുസരിച്ച് മാലാഖമാർ, ജിന്നുകൾ, ദേവന്മാർ, അസുരന്മാർ, മലക്കുകൾ,ചെകുത്താൻമാർ, സ്വർഗ്ഗം, നരകം എന്നിവയൊന്നും ഉണ്ടെന്നുള്ളതിന് ഇതുവരെ തെളിവുകൾ കിട്ടിയിട്ടില്ല..
പല്ലിയെ എവിടെ കണ്ടാലും തല്ലിക്കൊന്ന് കളയണമെന്ന് ഒരു മതം പറയുന്നു..

ഒരു ദൈവം തന്നെ താൻ സൃഷ്ടിച്ച ഒരു സൃഷ്ടിയെ കൊന്ന് കളയണം എന്ന് ഒരു പുസ്തകത്തിലൂടെ അരുളിച്ചെയ്യുക എന്നത് വളരേ അനുചിതമായ ഒരു കാര്യമാണ്.. താൻ തന്നെ സൃഷ്ടിച്ച കറുത്ത പട്ടിയെ കണ്ടാൽ കൊന്നു കളയണം എന്ന് പറയുന്ന ഒരു ദൈവത്തിന് ലോകത്തിൽ ഒരു ദൈവമായി ഇരിക്കാൻ യാതൊരു യോഗ്യതയുമില്ല..
ദൈവം മനുഷ്യനെ പരിപൂർണ്ണനായി സൃഷ്ടിച്ചു എന്നാണ് ഈ മതങ്ങൾ എല്ലാം പറഞ്ഞു പഠിപ്പിക്കുന്നത്.. അങ്ങനെയാണെങ്കിൽ ജൂത മതത്തിലും ഇസ്ലാം മതത്തിലും ലിംഗ പരിച്ഛേദനം ചെയ്യുന്നത് അപൂർണ്ണതയ്ക്ക് ഉദാഹരണമല്ലേ… അല്ലെങ്കിൽ ഈ മതങ്ങൾ നിലവിൽ വന്നിട്ട് ഇത്ര കാലമായിട്ടും ലിംഗത്തിൽ തൊലി ഇല്ലാത്ത ഒരു മനുഷ്യനെ സൃഷ്ടിക്കാൻ ദൈവത്തിന് ഒരു ഫീഡ്ബാക്ക് കിട്ടാത്തത് എന്താണ്….???

അതോ ദൈവത്തിന് ഒരു ഫീഡ് ബാക്ക് മോണിറ്ററിങ്ങ് സിസ്റ്റം ഇല്ലെന്ന് വരുമോ….??
താൻ തന്നെ സൃഷ്ടിച്ച പല്ലിയെ കൊന്നു കളയുന്നതിനു പകരം ക്രമേണ പല്ലിയുടെ പ്രൊഡക്ഷൻ കുറച്ചു കൊണ്ട് വന്ന് ഇല്ലാതാക്കാൻ ദൈവത്തിന് കഴിയാത്തതെന്താണ്…??
കറുത്ത പട്ടിയെ സൃഷ്ടിച്ചിട്ട് അതിനെ തല്ലിക്കൊല്ലാൻ പറയുന്ന ദൈവത്തിന് എന്തു കൊണ്ടാണ് അതിനു പകരം കറുത്ത പട്ടിയുടെ പ്രൊഡക്ഷൻ കുറയ്ക്കുവാൻ കഴിയാത്തത്….??

സ്വർഗ്ഗവും നരകവും മാലാഖയും ജിന്നും ചെകുത്താനും മലക്കും ഉണ്ടെന്നു പറയുന്ന മതങ്ങൾക്ക് ഈ മതങ്ങളിൽ വിശ്വസിക്കുന്ന കുറച്ചു പേരെയെങ്കിലും ഒന്നു കൊണ്ടു പോയി ഈ സ്ഥലങ്ങളൊക്കെ ഇവറ്റകളിൽ കുറെയെണ്ണത്തിനെയെങ്കിലും ഒന്ന് കാണിച്ചു കൊടുത്തു കൂടെ….???
എല്ലാ മനുഷ്യരെയും ഒരു ദൈവം സൃഷ്ടിച്ചതാണെങ്കിൽ മതത്തിന്റെ പേരിൽ നടക്കുന്ന വിവേചനങ്ങൾ എന്തിനാണ്.???
ഹിന്ദുക്കളുടെ അമ്പലങ്ങളിൽ മറ്റു മതസ്ഥർ കയറരുത് എന്ന് പറയുന്നത് തന്നെ ദൈവത്തിന്റെ മറ്റ് സന്തതികളോടുള്ള വിവേചനമല്ലേ..??

മക്കയിലും മദീനയിലും മുസ്ലീങ്ങൾക്കു മാത്രമേ പ്രവേശനമുള്ളൂ എന്ന് പറയുന്നത് ദൈവത്തിന്റെ തന്നെ മറ്റ് സന്തതികളെ അകറ്റി നിർത്തുന്നതിന് തുല്യമല്ലേ….?
ഇത്തരം കാര്യങ്ങൾ ആലോചിച്ചാൽ ദൈവത്തിൽ നിന്നും മതത്തിലേക്കും പ്രവാചകന്മാരിലേക്കും വരുന്ന മത തത്വശാസ്ത്രങ്ങൾ സാധാരണ ബുദ്ധിക്ക് നിരക്കുന്ന കൽപ്പനകളല്ല എന്ന് കാണാൻ കഴിയും..
ദൈവം കൽപ്പിക്കുന്നതാണ് സംഭവിക്കുന്നതെന്നും ദൈവം പരമകാരുണികനാണെന്നും എല്ലാമറിയുന്നവനാണെന്നും ഉള്ള വാദങ്ങൾ നിരർത്ഥകമാണ്..!!!

ഉദാഹരണത്തിന് ഗോപി എന്നയാൾ ശശി എന്നയാളെ കൊല്ലുമെന്ന് എന്തായാലും ദൈവത്തിനറിയാം എന്ന് വെയ്ക്കുക.. കാരണം ദൈവം എല്ലാം അറിയുന്നവനാണ് പക്ഷേ ഗോപി ശശിയെ കൊല്ലുന്നത് തടയാൻ ദൈവം ഒന്നും ചെയ്യുന്നില്ല കാരണം അതാണ് ദൈവവിധി..
അപ്പോൾ എന്തായാലും ഗോപി ശശിയെ കൊല്ലുക തന്നെ ചെയ്യും..
ഇങ്ങനെ ഗോപി ശശിയെ കൊന്നു കഴിഞ്ഞ ശേഷം മനുഷ്യൻ അവൻ ഉണ്ടാക്കിയ നിയമങ്ങൾ അനുസരിച്ച് ഗോപിയെ ശിക്ഷിക്കുന്നത് ശരിയാണോ…?? അതു മാത്രമല്ല ഗോപി യഥാർത്ഥത്തിൽ തെറ്റുകാരനാണോ…?? ദൈവത്തിന്റെ വിധി പ്രകാരം ശശി ഗോപിയാൽ കൊല്ലപ്പെടെണ്ടവനാകുന്നു.. അതായത് ഗോപി യഥാർത്ഥത്തിൽ ഒരു തെറ്റുകാരനല്ല.. അവൻ ദൈവ വിധി പ്രകാരം ചെയ്യേണ്ടത് ചെയ്തു എന്ന് മാത്രം..എന്ന് നമുക്ക് മനസ്സിലാകും
ഇനി ഗോപിയ്ക്ക് ജയിലോ തൂക്കുമരമോ മനുഷ്യർ അവരുണ്ടാക്കിയ നിയമമനുസരിച്ച് വിധിക്കും..

ഇനി ഇതും പോരാഞ്ഞ് ഗോപി ദൈവം വിധിക്കുന്ന ശിക്ഷയും അനുഭവിച്ചേ പറ്റൂ.. ശശിയെ കൊന്നതിന് ദൈവം കൊടുക്കുന്ന ശിക്ഷ ഒരുപക്ഷേ നരകത്തിലിട്ടു വറുക്കുന്നതായിരിക്കും യഥാർത്ഥത്തിൽ ഗോപി നിരപരാധി യല്ലേ….??
ദൈവം ആദ്യമേ എഴുതി വെച്ച വിധി നടപ്പാക്കുക മാത്രമല്ലേ ഗോപി ചെയ്തുള്ളൂ…??
അപ്പോൾ അങ്ങനെ ഒരു കാര്യത്തിന് താൻ ഇതൊക്കെ ചെയ്യും എന്ന് അറിയാത്ത ഒരാൾ ദൈവം എഴുതിവെച്ച കാര്യങ്ങൾ ചെയ്യുമ്പോൾ അതിനും മനുഷ്യരാൽ ശിക്ഷിക്കപ്പെടുകയും വീണ്ടും ദൈവത്താൽ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് ക്രൂരതയല്ലേ…??

ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ ഉണ്ടാക്കി വെച്ച മതങ്ങളും അവയിൽ നിന്ന് ഉയർന്നു വന്ന ദൈവങ്ങളും സാമാന്യബുദ്ധിക്ക് പോലും നിരക്കാത്ത പ്രതീകങ്ങൾ ആണെന്ന് മനസ്സിലാവും..
ദൈവം അറിയാതെ ഒരാൾക്ക് നല്ല കാര്യമോ ചീത്ത കാര്യമോ ചെയ്യാനാകില്ല കാരണം അയാളുടെ വിധി അതാണ്..
ഫുൾ കീ കൊടുത്ത ഒരു പാവയെപ്പോലെ, പ്രോഗ്രാം ചെയ്യപ്പെട്ട ഒരു റോബട്ടിനെ പോലെയാണ് മനുഷ്യൻ എങ്കിൽ അയാൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കോ ദോഷങ്ങൾക്കോ ആരാണുത്തരവാദി….??
എന്നാൽ അങ്ങനെയല്ല മനുഷ്യന് സ്വന്തമായി ആലോചിച്ചു കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് ദൈവം കൊടുത്തിട്ടുണ്ടെങ്കിൽ ദൈവത്തിന്റെ ഉത്തരവാദിത്ത്വം അവിടെ നിലച്ചു പോയില്ലേ…?? കാരണം ദൈവം ഒരു വിധി ആദ്യം എഴുതി വെക്കുകയും മനുഷ്യൻ എതിരായി ചെയ്യുകയും ചെയ്താൽ ദൈവത്തിന് പിന്നെ എന്താണ് പ്രസക്തി…???

ദൈവം പിന്നെയും സർവ്വ ശക്തനാവുക അസാധ്യം തന്നെ..
ഈ തരത്തിലുള്ള ആലോചനകൾ എല്ലാം തന്നെ നില നിന്നു വരുന്ന മതങ്ങളും ദൈവങ്ങളും എല്ലാം തന്നെ മനുഷ്യൻ ഉണ്ടാക്കിയതാണെന്നും അവയിൽ നിന്ന് ഉയർന്നു വരുന്ന ദൈവങ്ങൾ എല്ലാം തന്നെ ആ മതങ്ങൾക്ക് മാത്രമായുള്ളതാണെന്നും മനസ്സിലാവാൻ വിഷമമില്ല.. സാമാന്യബുദ്ധിക്ക് പോലും നിരക്കാത്ത ഇത്തരം മത തിട്ടൂരങ്ങളിൽ പെട്ടു ജീവിതം ഹോമിക്കുന്ന ഒരു പാട് ജന്മങ്ങൾ ഈ ഭൂമിയിലുണ്ട്..!!!
ദൈവം ഒരു സി.സി.ടി.വി പോലെ നാം ചെയ്യുന്ന കാര്യങ്ങൾ നോക്കിയിരിക്കുന്നു എന്ന് വിശ്വസിക്കുന്നവർക്ക് യഥാർത്ഥത്തിൽ നന്നായി ജീവിക്കാൻ സാധിക്കില്ല.. ആകാരണമായ ഭയം എപ്പോഴും അവനെ ഗ്രസിക്കും..

ഒരു സി.സി.ടി.വി യുടെ സാന്നിധ്യത്തിൽ നമുക്ക് ലൈംഗിക ബന്ധത്തിലേർപ്പെടുവാനോ എന്തിന് മര്യാദയ്ക്ക് ഒന്ന് കക്കൂസിൽ പോകുവാൻ പോലുമോ സാധിക്കില്ല എന്നറിയാമല്ലോ…..!!!
മുഴുവൻ സമയവും ഒരു സി.സി.ടി.വി നമ്മുടെ കൂടെ ഉണ്ടെന്നു കരുതി നടക്കുന്ന
തീവ്ര മതവിശ്വാസികൾ അവരുടെ ജീവിതം ഭയന്ന് ഭയന്ന് ജീവിച്ച് തീർക്കുകയാണ്..
തൂണിലും തുരുമ്പിലും മണ്ണിലും വീണ്ണിലും ദൈവമിരിക്കുന്നു എന്നതിനർത്ഥം നിങ്ങൾ ഏതു സമയവും ഒരു സി. സി. ടി.വി യുടെ നിരീക്ഷണത്തിലാണെന്ന് തന്നെയാണ്…!!!
അങ്ങനെ പേടിച്ച് പേടിച്ച് നരകിച്ച് ജീവിക്കുക.. ജീവിതത്തെ വെറും നന്മയും തിന്മയും അതിൻ ഫലമായുണ്ടാകുന്ന കുറ്റവും ശിക്ഷയും എന്ന നിലവാരത്തിലേക്ക് വേർതിരിക്കുക എന്നതാണ് എല്ലാ മതങ്ങളും പ്രധാനമായി ചെയ്യുന്നത്. കൊതിപ്പിക്കുക, പേടിപ്പിക്കുക, ആത്മ വിശ്വാസം കെടുത്തുക എന്നിവയാണ് സാമ്പ്രദായിക മതങ്ങളുടെ നിലനിൽപ്പിനായുള്ള അജണ്ടകൾ..

പി. സുനിൽ കുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *