വ്യത്യസ്ഥമായ ഭക്ഷണം തേടിയുള്ള യാത്രയിലായിരുന്നു കുറച്ചു നാളായി നമ്മുടെ സുഹൃത്ത് കുഞ്ഞമ്മദ്ക്കയും ആയിഷയും. ഫുഡ് വ്ലോഗർ മാരുടെ വിവരണം കേട്ട് കേട്ട് പിരാന്തായതാണെന്ന് പറയുന്നതാവും ശരി.
ആദ്യയാത്ര പയ്യോളിക്കടുത്ത് പോക്കർക്കയുടെ
പുഴക്കരയിലെ പുഴമീൻ കിട്ടണ പുഴക്കര ഭോജനശാലയിലേക്കായിരുന്നു. .
വിശാലമായ പുഴ, പാട്ടു പാടുന്ന ഓളങ്ങൾ , പുഴക്കരികിൽ ഓല കൊണ്ട് ഉണ്ടാക്കിയ വലിയ ഷെഡ്.മുമ്പ് അവിടെ ഒരു ചെറിയ ഷെഡായിരുന്നു.
രാവിലെ കപ്പക്കറിയും പുട്ടും ചായയും
ഉച്ചക്കൊരു ഊണ്. അന്നേ ദിവസം കഴിഞ്ഞു.

കസ്റ്റമേഴ്സായി മണലു വാരുന്ന തൊഴിലാളികൾ, ലോറി ഡ്രൈവർമാർ പോക്കർക്ക മരിച്ചിട്ട് കൊല്ലം പത്തായി. ഗൾഫ് നിർത്തിയ
മോൻ അന്ത്രുമാനാണ് ഇപ്പോഴത് നടത്തുന്നത്. ഇന്നൊരു
ഫുൾ ടൈം ഹോട്ടൽ ആയി മാറിയിട്ടുണ്ട്.
പലരും വന്ന് വ്ലോഗ് ചെയ്തിട്ടുണ്ട്. പുഴയുടെ ഓളങ്ങൾ പോലും മീനി പൊരിക്കുന്ന മണം പരക്കുമ്പോൾ നൃത്തം ചെയ്യുന്നുണ്ടെന്ന് പ്രശസ്ത ഫുഡ് വ്ലോഗർ
കരിമിഴി കണ്ണ് അദ്ദേഹത്തിൻ്റെ വ്ലോഗിൽ
വീഡിയോയായി ചെയ്തിട്ടുണ്ട് …
കുഞ്ഞമ്മദ്ക്കയും ബീവി ആയിഷയും ഹോട്ടലിൽ കയറിയിരുന്നു.
ഉച്ച സമയം. ഊണിൻ്റെ തിരക്ക്.
പോക്കർക്കാൻ്റെ മോൻ അന്ത്രു മാൻ കടവിലേക്ക്
തോണി തുഴഞ്ഞെത്തും പോലെ വരുന്നു
കുഞ്ഞമ്മദ്ക്ക ചോദിച്ചു
ന്താണ് കഴിക്കാനുള്ളത്?

ദാ വരുന്നു നീണ്ട ലിസ്റ്റ്
വലയിട്ടു പിടിച്ച ചെമ്പല്ലി കാന്താരി ഫ്രൈ,
ചൂണ്ടയിൽ പിടിച്ച മാലാൻ പൊള്ളിച്ചത്,
പയ്യോളി കരിമീൻ്റെ പള്ള നെറച്ച് വാഴയിലയിൽ ചുട്ടത് .
കേട്ടു കേട്ടു കുഞ്ഞമ്മദ്ക്കാക്കും ആയിഷാക്കും കൺഫ്യൂഷനും കൊതിയും ഒന്നായി വന്നു.
ആയിഷ മുട്ടിനു മേലെ തുള്ളിയ കൊഞ്ച് ഫ്രൈയും കുഞ്ഞമ്മദ്ക്ക ചെമ്പല്ലി ചെമ്പിലിട്ടു
കുറുക്കി കറിയാക്കിയതും ഓർഡർ ചെയ്തു. കൂടെ കൂട്ടാൻ ചോറും.
പൈസ എത്രയാവും ന്നു ചോദിച്ചപ്പോൾ
അന്ത്രുമാൻ ചിരിച്ചു.
പയ്യോളീലെ പുയ്യാപ്ലേ
പള്ളനെറച്ച് തിന്നോളി
അമ്മോശൻ്റെ പീടികയാ
പൈശ കാര്യം പിന്നെ പറയാം ന്ന പാട്ടും പാട്ടും പാടി മൂപ്പര് പോയി.
ചോറ് വന്നു – ലേശം വേവ് കുറവുണ്ട്
കുഴപ്പമില്ല ചോറല്ലേ

കറി വന്നു… ആവറേജ് കുഴപ്പമില്ല
അച്ചാറുണ്ട് ഉപ്പേരിയുണ്ട്
ദാ വന്നു ചെമ്പല്ലി
ചെമ്പിലിട്ടു കുറുക്കിയത് കൊണ്ടാവാം
തീരെ ചെറുതായി പോയെന്നു കുഞ്ഞമ്മദ്ക്കാക്ക് തോന്നി.
ന്നാലും കുഴപ്പമില്ല
മുളക് പുളി വെള്ളത്തിൽ നന്നായി കുറുകി
കുറിയവനായ ചെമ്പല്ലിയെ ഒന്ന് തോണ്ടു മ്പോഴേക്കും തീർന്നു പോയല്ലോയെന്ന സങ്കടമായിരുന്നു ആയിഷാക്ക്. നല്ല എരിവും പുളിയും മസാലയയും എണ്ണയും
ചോറിനൊപ്പം കൂട്ടി തീർത്തു.
ഓൾടെ അക്രമണത്തിൽ
പ്ലെയ്റ്റ് പെട്ടന്നു തന്നെ കാലിയായി. പണ്ടേ തൻ്റെ പ്ലെയ്റ്റിലാണ് ആയിഷാൻ്റെ കണ്ണ് എന്ന്
കുഞ്ഞമ്മദ്ക്കാക്ക് അറിയാമായിരുന്നു
രുചിയുണ്ടോ ണ്ട്
ഇല്ലേ ഇല്ല
മീനിനു പഴക്ക മുണ്ടോ?

ഏയ് തോന്നുന്നതാവും…..
അതിലും കഷ്ടം മുട്ടിനു മേലെ തുള്ളിയ
കൊഞ്ച് ആയിരുന്നു. അങ്ങിനെ തുള്ളാൻ
ശരീരഭാരം കുറച്ചതിനാൽ തീരെ ചെറുതായിരുന്നു എവിടേയും ഫിസിക്കൽ
ഫിറ്റ്നസ്സ് ഉള്ളവർ കുറവായിരിക്കുമല്ലോയെന്ന് കുഞ്ഞമ്മദ്ക്ക ഓർത്തു
അത് കൊണ്ടാവാം പ്ലേറ്റിൽ എണ്ണത്തിൽ
കുറവായതെന്നു സമാധാനിച്ചു.
മുളക് പുരട്ടി പൊരിച്ചു മേലെ ഉള്ളി നുറുക്കിയിട്ടത് കൊണ്ട്
ഉള്ളിയെങ്കിലും കൂടുതൽ കിട്ടിയല്ലോയെന്ന് ആയിശയും ആശ്വസിച്ചു…
ന്തായാലും ഊണ് കഴിഞ്ഞു.

കൗണ്ടറിൽ അന്ത്രുമാൻ
കൂട്ടുന്നു
ഊണ് രണ്ട് 200
ചെമ്പല്ലി ചെ കു 300
കൊഞ്ച് മു തു 400
ആകെ മൊത്തം ടോട്ടൽ 900
അൽഹംദുലില്ലാ ജീപേണ്ടല്ലോയെന്ന ഏമ്പക്കം വിട്ടു കുത്തമ്മ മ്മദ്ക്ക .
ബില്ല് കേട്ട ഓൾക്ക് ചെറിയ ക്ഷീണം ബാധിച്ചോയെന്ന സംശയം
എന്തായാലും പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനുള്ള ത്രാണി മൂപ്പർക്ക് ഉള്ളത് കൊണ്ട്
ഒന്നും സംഭവിച്ചില്ല.

തിരിച്ചു പുഴക്കരയുടെ ഓരത്തൂടയുള്ള റോഡിലൂടെ തിരിച്ചു പോവുമ്പോൾ
ആയിഷ ഒന്നു നിർത്താൻ പറഞ്ഞു….
റോഡരികിൽ അവൾ ആദ്യ ഗർഭകാലത്തെന്ന പോലെ ഓക്കാനിക്കുന്ന കണ്ട കുഞ്ഞമ്മദ്ക്ക
നൊസ്റ്റാൾജിക്കായി പുറമുഴിഞ്ഞ് സ്വാന്തനപ്പെടുത്തി.
കാറിൽ കയറിയപ്പോൾ ആയിഷ പറഞ്ഞു
900 പോയാലെന്താ
ഇത്രയും സ്നേഹത്തിൽ ഈയടുത്ത കാലത്ത് ഇങ്ങളെന്നെ കെയർ ചെയ്തിട്ടില്ല ….
ആ പ്രണയ വചനങ്ങൾ
കേൾക്കാനുള്ള മാനസികാവസ്ഥ കുഞ്ഞമ്മദ് ക്കാക്ക് ഇല്ലായിരുന്നു.. ആ സമയം താനനുഭവിക്കുന്ന പ്രശ്നം പരിഹരിക്കാൻ
തനിക്കേ കഴിയൂ എന്ന ചിന്തയിൽ
കുഞ്ഞമ്മദ്ക്ക കാറോട്ടക്കാരൻ ഷുമാക്കറായി ‘
പലരേയും ഓവർ ടേക്ക് ചെയ്തു
ആറുകിലോമീറ്റർ അപ്പുറത്തുള്ള പെങ്ങളുടെ വീട്ടിലേക്കെത്തി.
ടോയ്ലെറ്റിലേക്ക് ഒരോട്ടം.
ജീവിതത്തിലെ ഏറ്റവും അനർഘവും മനോഹരവുമായ നിമിഷമാണാ നിമിഷമെന്ന് കുഞ്ഞമ്മദ് ക്കാക്ക് തോന്നിപ്പോയി …

By ivayana