രചന : ഗിരീഷ് പെരുവയൽ✍️.
“വിശ്വസിക്കൂ…
ഇതൊരു
പെയിന്റിംഗ് ആണ് “
നാട്ടിലെ പേരുകേട്ട കലാസാംസ്കാരിക സന്നദ്ധ സംഘടനയാണ്
പുഞ്ചവയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികമായി അതിന്റെ പ്രവർത്തനങ്ങളുടെ പ്രായോജകരും വിവിധതലത്തിലുള്ള ഉപഭോക്താക്കളും അനുഭവസ്ഥരുമാണ് ഗ്രാമവാസികളിലേറെയുംപ്രദേശത്തെ വിദ്യാർത്ഥികൾക്കായി
വർഷംതോറും വിവിധ വിദ്യാഭ്യാസ സഹായങ്ങളും സംഘടന നൽകി വരുന്നു.
ഈ വർഷവും പതിവ് തെറ്റിച്ചില്ല. വിവിധ വിദ്യാഭ്യാസ സഹായങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിളംബരം സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു.
സംഘടനയുടെ ആധികാരികമായ സന്ദേശങ്ങളെല്ലാം
പൊതു സമൂഹംപ്രതീക്ഷയോടെ ശ്രദ്ധിക്കപ്പെടുന്നകാലം. സാമ്പത്തിക സഹായത്തോടുകൂടിയ വിദ്യാഭ്യാസ സഹായങ്ങൾക്ക് ഗ്രാമാവാസികൾ വലിയ പ്രാധാന്യം നൽകി.
പലരുടെയും സ്മരണാർത്ഥം വിവിധ വിദ്യാഭ്യാസ സഹായങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടായിരുന്നു പരസ്യ പോസ്റ്റർ.
ഓഫീസ് സമയവും ചില്ലറ പൊതു തിരക്കുകളും പൂർണ്ണമായി അവസാനിച്ച
വൈകുന്നേരങ്ങളിലാണ് ഞാൻ വാട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ശ്രദ്ധിക്കാറുള്ളൂ.
അങ്ങനെയൊരു സായാഹ്നത്തിലാണ് ഈ ചിത്രം എന്റെ ശ്രദ്ധയിൽപ്പെട്ടത്.
ക്ലബ്ബിന്റെ ഗ്രൂപ്പിൽ സഹായത്തിനുള്ള പോസ്റ്ററിനു നേരെ താഴെ വന്ന
ഒരു ചിത്രമായിരുന്നു അത്
അതിൽ ഇങ്ങനെ എഴുതിയിരുന്നു..
“വിശ്വസിക്കൂ….
ഇതൊരു
പെയിന്റിംഗ് ആണ് “
ഏറെ അത്ഭുതത്തോടെയും ആകാംക്ഷയോടെയുമാണ് ഞാൻ ആ ചിത്രത്തിലേക്ക് നോക്കിയത്.
നമ്മെ ത്രസിപ്പിക്കുന്ന മനോഹരമായ ഒരു പെയിന്റിംഗ്.
ഏതോ പ്രതിഭയുടെ കരവിരുതിൽ വിരിഞ്ഞ ജീവൻ തുടിക്കുന്ന ചിത്രം
ആരെയും ആകർഷിക്കുന്ന അപൂർവ്വ ചിത്രത്തിന് താഴെ
ലൈക്കുകളും, കമെന്റുകളും ഒന്നൊന്നായ് വന്നു നിറഞ്ഞു.
എനിക്കും ചിത്രം ഏറെ ഇഷ്ടമായി..
ചിത്രത്തിനു താഴെ ആംഗലേയത്തിൽ ഇങ്ങനെ ഒരു കുറിപ്പ് കൂടി ഉണ്ടായിരുന്നു .
“Salan .O
7 th std D
St. Peeter’s school
Punjavayal
Palakkad
വെള്ളക്കടലാസിൽ കറുപ്പ് മഷിയിലെഴുതിയ കുറിപ്പ് ഫോട്ടോഎടുത്താണ് പോസ്റ്റ് ചെയ്തത്.
അതുകൊണ്ടുതന്നെ വ്യക്തമായി തെളിഞ്ഞു കാണാം.
മനോഹരമായ ചിത്രത്തിനു താഴെ കണ്ട ഈ കുറിപ്പ്
എന്റെ ജിജ്ഞാസ പതിന്മടങ്ങ് വർദ്ധിപ്പിച്ചു.
ഏറെ സന്തോഷവും അതിലുപരി ആകാംക്ഷയുമുളവാക്കുന്നതായിരുന്നു അത്
വെറും ഏഴാം ക്ലാസുകാരനായ ഒരു കുട്ടി ഇത്രയും മനോഹരമായ പെയിന്റിംഗ് നടത്തുക.
ഒരു ഏഴാം ക്ലാസുകാരനിൽനിന്നും പ്രതീക്ഷയ്ക്കപ്പുറമുണ്ടായ സൃഷ്ടിയിലുള്ള
ചിന്ത എന്റെയുള്ളിൽ
വ്യാപരിച്ചു തുടങ്ങി.
കടൽത്തീരത്ത് ആകുലതയോടെ നിൽക്കുന്ന ഒരു അമ്മയുടെയും കുഞ്ഞിന്റെയും
മനോഹരമായ ദൃശ്യാവിഷ്കാരമായിരുന്നു ഫോട്ടോയെ വെല്ലുന്ന സകല വികാരങ്ങളോടും കൂടി അവൻ രചിച്ചത്.
ഇങ്ങനെയൊരു ചിത്രം ക്യാൻവാസിൽ പകർത്തിയ
സ്വന്തം നാട്ടുകാരനായ കുട്ടിയിലെ അത്ഭുത പ്രതിഭയെ ഞാൻ മനസ്സാ നമിച്ചു.
ഏറെ അഭിമാനം തോന്നിയ നിമിഷം.
വാട്സാപ്പിൽ നിന്നും
കണ്ണെടുത്തിട്ടും ഒന്നിനുപുറകെ ഒന്നൊന്നായി വന്നുകൊണ്ടിരുന്ന
ലൈക്കുകളുടെയും കമന്റുകളുടെയും
ബീപ്പ് ശബ്ദം എന്നെ അലോസരപ്പെടുത്തിയതേയില്ല.
അന്തിമേഘത്തിന്റെ ചന്തിയിലെ ചെഞ്ചോരയണിഞ്ഞിട്ടു പിറന്ന രാത്രിയുടെ യാമങ്ങളിൽ പോലും ഏറെ
വൈകാരികമായ ഈ ചിത്രം മനസ്സിനെ ത്രസിപ്പിച്ചുകൊണ്ടിരുന്നു .
എന്റെ ചേതോവികാരത്തിലെപ്പോഴോ വാട്സാപ്പ് തുറന്നപ്പോഴേക്കും ഞാൻ പങ്കാളിയായ പലകൂട്ടായ്മകളിലും ഈ മനോഹരമായ ചിത്രത്തോടൊപ്പം അവന്റെ പേരും പ്രചരിച്ചിരുന്നു.
തലയണയ്ക്കരികിൽ ഫോണിൽ വരുന്ന ബീപ്പ് ശബ്ദം ആസ്വദിച്ച് അറിയാതെ
ഉറക്കത്തിലേക്ക് തെന്നി വീഴും വരെ
ഇടയ്ക്കിടെ ഫോണിൽ ഞെക്കി ഞാനിതാസ്വദിച്ചുകൊണ്ടിരുന്നു.
നേരം വെളുത്തപ്പോഴേക്കും
വിവിധ ഗ്രൂപ്പുകളിൾ വന്നുവീണ എല്ലാ ചിത്രങ്ങൾക്ക് താഴെയും സലന്റെ വിലാസത്തിന്റെ കുറിപ്പുമുണ്ടായിരുന്നു.
ഇമോജികളുടെ അകമ്പടിയോടെ ചില ഗ്രൂപ്പുകളിൽ ചില വിദ്വാന്മാർ
അഡ്രസ് ടെക്സ്റ്റ് ചെയ്തു ചേർത്ത ചിത്രമായിരുന്നു പ്രചരിപ്പിച്ചത്.
അതോടുകൂടി ചിത്രം സലന്റേതെന്ന് ഞങ്ങൾ സന്ദേശവാഹകർ ഉറപ്പിച്ചു.
ഒരു ക്രിസ്തുമസ് കാലത്തായിരുന്നു
വാട്സാപ്പിൽ ഈ ചിത്രം പ്രചരിച്ചതും,
എന്റെ ഗ്രാമക്കാരനെന്നു വിശ്വസിക്കുന്ന സലൻ
വൈറലായതും.
നാട്ടിലെല്ലാവർക്കും ആവേശമായി ചിത്രം കാതങ്ങൾ താണ്ടിയപ്പോൾ…..
ഞങ്ങളുടെ വാർഡ് മെമ്പർ റോഡും തോടും കുളവും
കല്ലിടുന്ന തിരക്കിലായിരുന്നു.
തന്റെ ചിത്രങ്ങൾ ചടങ്ങുകൾക്കൊപ്പം സെൽഫി ചേർത്ത് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വാരി വിതറി ആഘോഷിച്ചും.
ചേമ്പും,ചേനയും കാവിത്തും കണ്ടിക്കിഴങ്ങും വിതരണം ചെയ്തും,
ക്ഷേമ പെൻഷൻ അപേക്ഷകൾ കക്ഷത്തുകൊണ്ടു നടന്നും,
ജനകീയനായി വിലസുന്ന കാലം.
മെമ്പറുടെ പ്രസംഗങ്ങളും, ഉദ്ഘാടന ചടങ്ങുകളും, ആശംസാ സന്ദേശങ്ങളും പ്രചരിപ്പിക്കാൻ മാത്രമായുണ്ടാക്കിയ വാട്സാപ്പ് ഗ്രൂപ്പുകൾ മെമ്പറുടെ തിരുമോന്ത കണ്ടു
ബോറടിച്ചപ്പോൾ,സ്വന്തം പോസ്റ്ററുകൾ ആസ്വദിച്ച് അയാൾ കോൾമയിർ കൊണ്ടു.
ഞങ്ങളുടെ മെമ്പർ ഒരു നല്ല സന്ദേശ വാഹകനാണ്. പ്രസംഗവേദിയിൽ ഉറക്കം തൂങ്ങാതിരിക്കാൻനഖം കടിച്ചു മേൽപ്പോട്ട് നോക്കിയും തലയും മൂക്കും ചൊറിഞ്ഞും
താടിക്കു കൈ കൊടുത്തും ഫോണിൽ ഞെക്കി കളിച്ചും
വെറുതെയുള്ള ഇടവേളകളിൽ
തന്റെ ഫോണിൽ വരുന്ന കണ്ട ചവറുകളെല്ലാം മറ്റു വാട്സാപ്പ് ഗ്രൂപ്പിലേക്ക്
തള്ളി വിടുന്നതാണ് അയാളുടെ പ്രധാന ഹോബി.
വിദ്യാർത്ഥി സലൻ വരച്ച ചിത്രവും മേൽ കീഴ് നോക്കാതെ അയാളിലൂടെ അയാൾ അറിയാതെമറ്റുള്ളവരിലേക്ക് കടന്നു പോയി.
തനിക്ക് നേരം വെളുക്കാത്തതും നാട്ടിലെ പുകിലും അയാൾ അറിഞ്ഞതേയില്ല.
അതിനിടയ്ക്കാണ്ഇത്തരം ജനോപകാരപ്രദമായ പ്രവർത്തികൾ എന്റെ ഉത്തരവാദിത്വം എന്ന് ധരിച്ചു സ്വയം ഏറ്റെടുത്ത് മെമ്പറോട് കട്ടക്ക് മത്സരിക്കുന്ന പുഞ്ചവയലിലെ മറ്റൊരു അവതാരമായ സാംസ്കാരിക നായകൻ. ടി. സി.കോമളൻ സലൻ എന്ന വിദ്യാർത്ഥിക്ക് പൗരസ്വീകരണം ഒരുക്കുന്നതിനു പ്രദേശത്തെ അത്യാവശ്യം സാമ്പത്തികം കൊടുക്കുവാൻ കെൽപ്പുള്ള പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേർത്തത്.
അതോടുകൂടി ഞങ്ങളുടെ മെമ്പറും ഉഷാറായി.
അറിയാനുള്ള ദുരയും അറിഞ്ഞശേഷം അത് കുളമാക്കാനുള്ള ത്വരയും പിന്നെ വ്യഗ്രതയുമെല്ലാം ഞങ്ങളുടെ വാർഡ് മെമ്പർക്ക് അല്പം കൂടുതലാണ്.
നാട്ടിലെല്ലാകുരുപ്പുകളുമുണ്ടാക്കി കുത്തിത്തിരിപ്പാക്കി
തടി തപ്പി ഒരുപാട് നല്ല കാര്യങ്ങൾ മുടക്കി അതിൽ
ഉന്മാദം കൊള്ളുന്നവനാണ് ഈയുള്ള മെമ്പർ.
പുതിയ വിഷയം കിട്ടിയതോടെ
മെമ്പർക്ക് ഉറക്കം നഷ്ടമായി.
പരിണിതപ്രഞ്ജനായഞങ്ങളുടെ പുഞ്ചവയൽ വാർഡ് മെമ്പർ ഈ വിഷയത്തിലൊരു തീരുമാനമുണ്ടക്കാൻ ഉറച്ചു തീരുമാനിച്ചു.
നാട്ടുകാർക്ക് പരോപകാരിയായ അയാളെക്കൊണ്ട് വീട്ടുകാർക്ക് അഞ്ചു പൈസയുടെ ഗുണമില്ല.
ആകെ കുടുംബത്തിനുവേണ്ടി ചെയ്തു പോരുന്ന
അതിരാവിലെത്തെ
പാലു വാങ്ങൽ ചടങ്ങ് സഹോദരനെ ഏൽപ്പിച്ചു.
പിന്നെ പല്ലു തേച്ചു മുഖം കഴുകാതെ
ഖദർ കുപ്പായമണിഞ്ഞ്
തന്റെ നിറയന്ത്രണത്തിലുള്ള സ്കൂളിലേക്ക് പാഞ്ഞു.
“ആരവിടെ..,..? എന്താണ് ഇവിടെ സംഭവിച്ചത്”
എന്ന ഭാവേന
സ്കൂട്ടറിലിരുന്നു സ്കൂൾ കോമ്പൗണ്ട് ഗേറ്റ് ചവിട്ടി തുറന്നു .
പിന്നെ ഗ്രൗണ്ടിലേക്ക് കടക്കുമ്പോൾ
തുറന്നിട്ട ഗേറ്റിന്
ആരോടെന്നില്ലാതെ വെറുതെ വീണ്ടും രണ്ടു തൊഴി.
അതൊരു സുഖമാണ് അയാളുടെ ആത്മ നിർവൃതി.
പിന്നെ സ്കൂട്ടർ കൊണ്ടുപോകാൻ അപ്പുറത്ത് ഒരുപാട് സ്ഥലമുണ്ടായിട്ടും
മൈതാനത്ത് ഒത്തനടുവിൽ പന്തു കളിക്കുന്ന കുട്ടികൾക്കിടയിലൂടെ
വണ്ടി പായിച്ചു വമ്പത്തരം പറഞ്ഞു
” ആരെടാ മക്കളേ… “
എന്ന ഭാവേന
ഒരു നോട്ടം നോക്കി
ആക്ടീവ സ്കൂട്ടറിൽ
അതിവേഗം സ്കൂൾ കെട്ടിടത്തിനു മുമ്പിൽ
വണ്ടി നിറുത്തി.
വണ്ടി സ്റ്റാൻഡിൽ ആക്കിയോ ഇല്ലയോ എന്ന് ഉറപ്പു വരുത്താതെ സ്കൂൾ വരാന്തയിലേക്ക് ഓടി ക്കയറി.
വണ്ടി “ചട..പെടോ”
കെട്ടിമറിഞ്ഞുവീണതൊന്നും
മെമ്പർക്ക് വിഷയമേയല്ല
സ്കൂളിലെ പ്രധാന അധ്യാപകനെ തിരക്കി
അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകാതെ ആദ്യം കഞ്ഞിപ്പുരയിലേക്ക്
പാഞ്ഞു.
അവിടെയാണ് എം.പി. ടി.എ ക്കാരുടെ നേരമ്പോക്ക്..
രാവിലെ കട്ടൻ കുടിക്കാത്ത സ്ഥിതിക്ക് അല്പം പഞ്ചാരയാകാമെന്ന് അയാൾ കരുതി കാണും.
സാധാരണ സ്കൂളിലെ പ്രധാനപ്പെട്ട ചടങ്ങിന് പോലും കുളിക്കാതെ വന്നിരുന്നമെമ്പറെ
“പൈക്കുട്ടി നക്കി തുടച്ച മാതിരി “
കണ്ട പ്യൂൺ ഭാസ്കരൻ ഞെട്ടി.
പ്രധാന അധ്യാപകൻ അവിടെ ഇല്ലെന്ന് മനസ്സിലാക്കിയ മെമ്പർ ഉടനെ
തന്റെ നേതാവ് സദാനന്ദൻ നായരെ
ഫോണിൽ വിളിച്ചു സംഭവം വിശദീകരിച്ചു. അമ്പല കമ്മിറ്റി പ്രസിഡന്റ് കൂടിയായ
അയാൾ നാട്ടിലെ വേറൊരറുക്കിയാണ്.
മെമ്പർ
വീണ്ടും സ്കൂട്ടറിൽ വീട്ടിലേക്ക് പാഞ്ഞു രണ്ടു ബക്കറ്റ് വെള്ളം കൂടി കോരി തലയിലൊഴിച്ചു തണുപ്പിച്ചു.
തേച്ച എണ്ണയും സോപ്പും മുഴുവൻ
കഴുകി കളയാതെ
ഒറ്റമുണ്ടും ഖദർ ഷർട്ടു മിട്ട് വീണ്ടും പുഞ്ചവയലങ്ങാടിയിലേക്ക്.
എന്നും രാവിലെ അങ്ങാടിയിലൂടെ പാഞ്ഞു നടക്കും.ഒരു കാര്യവും ഇല്ലാതെ ചില കടകളിൽ കയറി മണപ്പിച്ചു നോക്കണം
ചിലയിടത്ത്തുറിച്ചു നോക്കണം,
ചിലയിടത്ത് കടുപ്പിച്ചു നോക്കണം. എന്നിട്ട് അവിടെ നിന്നെന്തെങ്കിലും കൊത്തിയാൽ താനൊട്ടു തിന്നുകയുമില്ല അടുത്തവനെ തീറ്റിക്കുകയുമില്ല. പിന്നെ കൊക്കിൽ കുടുങ്ങി ശ്വാസംമുട്ടും.
ആരെങ്കിലും വന്നു കൊക്കിന് പിടിക്കും.
പിന്നെ അത് കക്കും.
ഇതോടുകൂടി രാവിലത്തെ ജനസേവനവും, സാമൂഹിക പ്രവർത്തനവും കഴിയും.
സലനെ കുറിച്ചായിരുന്നു എന്റെ കൗതുകം മുഴുവനും.
ഞാൻ പ്രധാന അധ്യാപകന്റെ നമ്പർ സംഘടിപ്പിച്ചു.
അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അദ്ദേഹം കൈമലർത്തി.
അദ്ദേഹത്തിന്റെ അറിവിൽ സ്കൂളിൽ അങ്ങനെ ഒരു ചിത്രകാരനില്ല.
ഇത്രയും മനോഹരമായി ചിത്രം വരയ്ക്കുന്ന ഒരു കുട്ടി തന്റെ ശ്രദ്ധയിൽ
പെട്ടിട്ടേയില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ആകാംക്ഷ അവസാനിപ്പിക്കാതെ ഞാൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.
മണിക്കൂറുകൾക്കുശേഷം വീണ്ടും അദ്ദേഹത്തിന്റെ ഫോൺ കാൾ വന്നു.
സലൻ എന്ന വിദ്യാർത്ഥി ഏഴാം ക്ലാസിലെ ഡി ഡിവിഷനിൽ പഠിക്കുന്നുണ്ടെന്ന വിവരം മറ്റു അധ്യാപകരിൽ നിന്ന് മനസ്സിലാക്കിയശേഷമായിരുന്നു ആ സംഭാഷണം.
അപ്പോഴും.. ചിത്രകാരനായ സലനെ പ്രധാന അധ്യാപകനും അധ്യാപകരും അംഗീകരിച്ചില്ല.
പ്രധാന അധ്യാപകന് കുട്ടിയെ കുറിച്ചുള്ള അജ്ഞതയും അവജ്ഞയും
നമ്മുടെ മെമ്പർ പി. ടി. എ ഗ്രൂപ്പിൽ വലിയ ചർച്ചയാക്കി
മെമ്പറുടെ സിൽബന്ധികളായ എം. പി. ടി.എ യിലെ പെണ്ണുങ്ങൾ
സാരി ചുളിയാതെ ചമഞ്ഞിരുന്ന് തല ചൊറിഞ്ഞാലോചിച്ചു ചർച്ചകൾ സജീവമാക്കി.
സ്കൂളിൽ ഉപ്പുമാവ് വെച്ചും കഞ്ഞി ഊറ്റി വിളമ്പിയും സ്വായത്തമാക്കിയ സൗഹൃദത്തിലൂടെ
പത്തു വോട്ട് നേടിയാണ് അയാൾ മെമ്പറായത്.
ആയിരത്തിൽപരം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പ്രദേശവാസികളായ അനേകം രക്ഷിതാക്കളുമായുള്ള സൗഹൃദമാണ്..
തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹത്തിനു മുതൽക്കൂട്ടായത്.
പ്രധാന അധ്യാപകനെതിരെ നാട്ടിൽ നടക്കുന്ന വിമർശനങ്ങൾക്ക്
മെമ്പർ എരിവ് പകർന്നു.
വയനാടിന്റെ തണുപ്പിലും പുതപ്പിലും ലീവിൽ കഴിയുന്ന പ്രധാന
അധ്യാപകന്റെ ഫോണിലേക്ക് ആരോപണങ്ങൾ കോടമഞ്ഞായ് പെയ്തിറങ്ങി.
” താൻ എവിടുത്തെ അധ്യാപകനാ…’
“സ്വന്തം സ്കൂളിലെ കുട്ടിയെപ്പോലും അറിയില്ല “
” കുട്ടികളുടെ മനസ്സ് വായിച്ച് കഴിവ് തിരിച്ചറിയാത്തവൻ “
“ഇവൻ ഗുരുവല്ല കുരുവാണ് ‘
” വീട്ടിൽ പോയി കിടന്നുറങ്ങുന്ന വീരൻ “
ഇങ്ങനെ പ്രധാനാദ്ധ്യാപകനെതിരെ പി. ടി. എ യിലും നാട്ടിലെ പല ഗ്രൂപ്പുകളിലും വന്ന പരാമർശങ്ങളെല്ലാം സഹപ്രവർത്തകർ അദ്ദേഹത്തിന് ഫോർവേഡ് ചെയ്തു.
ഇടയ്ക്ക് സലന്റെ വിദ്യാഭ്യാസം, ദേശീയ, വൈദേശീയ കലാ അക്കാദമികളിലെ അഡ്മിഷൻ ഉൾപ്പെടെ ശോഭനമായ ഭാവി വാഗ്ദാനങ്ങൾ സലനെ തേടിയെത്തി.
പുഞ്ചവയൽ സെന്റ് പീറ്റേഴ്സ് സ്കൂളിലേക്ക് ഒഴുകിയെത്തിയ
ചാനൽ സംഘത്തെ കാണാൻ അധ്യാപകർ കൂട്ടാക്കിയില്ല.
വീടും വിലാസവും അന്വേഷിക്കുന്നവരായിരുന്നു ഫോണിൽ ബന്ധപ്പെടുന്നവരൊക്കെയും.
പ്രദേശത്തുകാരനായ ഞാൻ പോലും അതിൽപ്പെടും.
പ്യൂൺ ഭാസ്കരൻ എച്ച്.എം.ന്റെ റൂമിലെ
ഫോണിന് കാവലിരുന്നു.
നേരം വെളുപ്പിച്ചു.
ക്രിസ്തുമസ് അവധിയിൽ
തുറന്ന സ്കൂൾ രാത്രി പോലും അടയ്ക്കാതെയായി
ഇതിനിടയ്ക്ക് നാട്ടിലെ കുഞ്ഞു സംഘടനകളെല്ലാം അനുമോദന ബാനറുകൾ കെട്ടിത്തൂക്കി.
സലന്റെ ഫോട്ടോക്ക് വേണ്ടി വീട്ടിലേക്കോടിയെത്തിയ
പൊതുപ്രവർത്തകരെ കണ്ട് വീട്ടുകാർ ഞെട്ടി.
ബാനറുകൾ കെട്ടാൻ നാട്ടിൽ ഇടമില്ലാതായി.
സാംസ്കാരിക പ്രമുഖനായ ടി. സി.യുടെ നേതൃത്വത്തിൽ പൗര സ്വീകരണത്തിന്
പുഞ്ചവയലിൽ കളമൊരുങ്ങി
അടുത്ത അങ്ങാടിയായ വട്ടപറമ്പിൽ നിന്ന് ആരംഭിക്കുന്ന
സ്വീകരണ യാത്രയിലെ തുറന്ന ജീപ്പിൽ ആര് കയറണമെന്നായിരുന്നു വലിയ ചർച്ചയും തർക്കവും . ഞാനും വിദ്യാർത്ഥി സലനും മതി
മറ്റാരും വേണ്ടെന്നാണ്
സ്വമേധയാ പൗരാവലി ചെയർമാനായി അവരോധിച്ച
ടി സി.യുടെ നിലപാട്.
തന്റെ പക്ഷത്തേക്ക് കുറെ ആളെ ചേർത്ത് മെമ്പറും തുറന്ന ജീപ്പിൽ കയറണം എന്ന ആവശ്യമുന്നയിച്ച്
നിലപാട് കടുപ്പിച്ചു.
ഓപ്പൺ ജീപ്പിൽ കയറാൻ ഇടം തന്നാൽ ജീപ്പ് തന്നെ സ്പോൺസർ ചെയ്യാം എന്നാ യിരുന്നു വ്യാപാരി വ്യവസായി പ്രസിഡന്റായ രാജീവ് കാനോലിയുടെ ആവശ്യം
നാട്ടിൽ ഈ ചർച്ച സജീവമാകുന്നതിനിടെ ക്രിസ്തുമസ്സ് അവധിക്ക് നാട്ടിൽപോയ പ്രധാനഅധ്യാപകൻ
ലീവ് ക്യാൻസൽ ചെയ്ത്
ഓടിപ്പിടിച്ച് സ്കൂളിലെത്തി
സഹ അധ്യാപകരെ വിളിച്ചുവരുത്തി സ്റ്റാഫ് മീറ്റിംഗ് കൂടി സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
കുട്ടിയുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോൾ..
അവൻ അങ്ങനെ ഒരു ചിത്രം വരച്ചിട്ടില്ലെന്നും.. കുട്ടിക്ക് ചിത്ര രചനയിൽ കമ്പമില്ലെന്നുമായിരുന്നു വീട്ടുകാരുടെ മറുപടി.
ഇതോടെകുട്ടിക്ക് ചിത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് അധ്യാപകർക്ക് ബോധ്യമായി.വിവാദമായ വിഷയത്തിലുണ്ടായ എല്ലാ അപവാദങ്ങളുടെയും മുനയൊടിക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ സൂക്ഷ്മവും കുറ്റമറ്റതുമായ അന്വേഷണമാവശ്യ മായിവന്നുആ മനോഹരമായ പെയിന്റിംഗ് ആദ്യമായി പോസ്റ്റ് ചെയ്തത്നേരത്തെ സൂചിപ്പിച്ച പുഞ്ചവയലിലെ സാമൂഹിക സംഘടനയുടെ വാട്സപ്പ് കൂട്ടായ്മയിലായിരുന്നുവെന്ന യാഥാർത്ഥ്യത്തിലൂന്നിയായിരുന്നു അന്വേഷണം.
പ്രദേശത്തെ ഒരു ചിത്രകാരനാണ് ഈ ജീവൻ തുടിക്കുന്ന ചിത്രം ഗ്രൂപ്പിൽ പങ്കുവെച്ചത്.
ഒരു ചിത്രകാരൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ കടമയാണ് അദ്ദേഹം നിർവഹിച്ചത്.
ചിത്രം പോസ്റ്റ് ചെയ്തതിന്റെ തൊട്ടു മുൻപ് ഗ്രൂപ്പിൽ മറ്റൊരു പരസ്യ പോസ്റ്റർ ഉണ്ടായിരുന്നു.
മേൽപ്പറഞ്ഞ സംഘടനയുടെ വിദ്യാഭ്യാസ സഹായത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിളംബരം.
തന്റെ വിലാസം എഴുതിയിട്ട് ഒരു കുട്ടി ഇതിലേക്കായി രജിസ്ട്രേഷൻ രേഖപ്പെടുത്തി.
അത് നമ്മുടെ പ്രിയപ്പെട്ട വിദ്യാർത്ഥി സലൻ ആയിരുന്നു
അപ്പോഴേക്കും വിവാദ ചിത്രം സഹായ അപേക്ഷയുടെ വിളംബരത്തിന് താഴെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞിരുന്നു.
സ്വാഭാവികമായും സലന്റെ അപേക്ഷയും വിലാസവും വിവാദ ചിത്രത്തിനു താഴെയായി
കാണാപ്പാതി കേൾക്കാപ്പാതി
വാട്സ്അപ്പ് ഗ്രൂപ്പുകളിലെ സ്ഥിരം സന്ദേശ വാഹകരായി നിലകൊള്ളുന്ന ഒരു കൂട്ടർ സലന്റെ പേരിനൊപ്പം ഈ ചിത്രവും ഫോർവേഡ് ചെയ്തു വൈറലാക്കി
അങ്ങനെ ഏഴാം ക്ലാസുകാരനായ സലൻ സംബന്ധമില്ലാത്ത ചിത്രത്തിന്റെ രചയിതാവും കൺമുന്നിൽ വളരുന്ന വലിയ ചിത്രകാരനുമായി മാറി.
വൈകാതെ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു.
മേൽപ്പറഞ്ഞ ചിത്രം സലൻ എന്ന ഏഴാം ക്ലാസ്സ് വിദ്യാർത്ഥി വരച്ചതാണെന്ന് സൂചിപ്പിച്ച് കുറച്ചുകൂടി കടന്ന് ചിന്തിച്ചവർ അവനെ പ്രമോട്ട് ചെയ്യാൻ അവന്റെ പേരും വിലാസവും ചിത്രത്തിനു താഴെ ടെക്സ്റ്റ് ആയി ടൈപ്പ് ചെയ്ത് പ്രചരിപ്പിച്ചു
ഇടം വലം നോക്കാതെ
സന്ദേശവാഹകർ രാപ്പകലില്ലാതെ അഹോരാത്രം പണിപ്പെട്ട് ചിത്രവും കുറിപ്പും
കൈമാറിക്കൊണ്ടേയിരുന്നു.
അധികം വൈകാതെ
“സലൻ “എന്ന ചിത്രകാരൻ
നാട്ടുകാർക്കാർക്കുപോലും
” പിടിച്ചാൽ കിട്ടാത്തവിധം “
നാടെമ്പാടും
വൈറലായി
അപ്പോഴും
പ്രധാനാധ്യാപകന്റെ മൊബൈൽ ഫോണിൽ.. കരുണാനിധികളുടെ അന്വേഷണാത്മകമായ മണി മുഴക്കത്തിന്യാതൊരു കുറവുമില്ലായിരുന്നു
പൗരസ്വീകരണത്തിനൊരുങ്ങുന്ന തുറന്ന ജീപ്പിൽ കയറുന്നതിനുള്ള തിരക്കിലായിരുന്നു മെമ്പറടക്കമുള്ള
പൗരപ്രമുഖരെല്ലാം.
സന്ദേശം:
മറ്റൊരാൾ പകർന്നു നൽകുന്ന വാർത്തകൾ. വസ്തുതകൾക്ക് നിരക്കുന്നതായിരിക്കണമെന്നില്ല. നിജസ്ഥിതി അറിയാതെ അവ കൈമാറി കൈമാറി നമ്മിലേക്ക് എത്തുമ്പോഴേക്കും യാഥാർത്ഥ്യവുമായി പുലബന്ധം പോലുമുണ്ടാകില്ലെന്ന സത്യം സ്വമേധയാ തിരിച്ചറിയണം
- സലൻ എന്ന പേരും സ്കൂളും ഇതിലെ കഥാപാത്രങ്ങളും, പ്രദേശങ്ങളും തികച്ചും സാങ്കൽപ്പികം.
- നാട്ടിൽ ആരോടെങ്കിലും സാദൃശ്യം തോന്നിയാൽ കഥാകൃത്ത് ഉത്തരവാദിയല്ല.
