വിപ്ലവസൂര്യനണഞ്ഞൂ,കേരള-
മപ്പാടേ,കണ്ണീരണിഞ്ഞു!
ഏതൊരു കാലത്തുണ്ടാകും,മറ്റൊരു
നേതാവിതുപോലെ മണ്ണിൽ!
പട്ടിണിപ്പാവങ്ങൾക്കായി ജീവിതം
തിട്ടൂരമാക്കിയധീരൻ
അച്യുതാനന്ദൻ സഖാവേ,യേകുന്നേ-
നശ്രുപുഷ്പങ്ങളമ്മുന്നിൽ
പച്ചമനുഷ്യർക്കുവേണ്ടി,രാപ്പക-
ലൊച്ചവച്ചങ്ങവിരാമം!
നന്മയല്ലാതെയൊന്നൊന്നു,മാമനോ-
ധർമ്മത്തിലില്ലായിരുന്നു!
എങ്ങൊരനീതിയുണ്ടാമോ;ഓടിയ-
ങ്ങെത്തിടുമാ,ക്കർമ്മയോഗി!
ജാതിമതക്കോമരങ്ങൾ,ക്കൊന്നുമേ-
കീഴടങ്ങീടാത്തയോഗി!
സ്വേച്ഛാധികാരികൾക്കെല്ലാം,ഭീഷണി-
യച്യുതാനന്ദൻ സഖാവ്!
ഒപ്പത്തിനൊപ്പം നടക്കാ,നായപോ-
ലിപ്പോഴൊരാളുമില്ലെങ്ങും!
എന്നുമുദിച്ചിടാറുള്ള സുര്യനു-
മിന്നയ്യോകണ്ണീർ പൊഴിപ്പൂ!
ലാൽസലാംധീരസഖാവേ,ലാൽസലാം
ലാൽസലാംധീര സഖാവേ.

By ivayana