അമ്മ പോയതോടെ
ഞങ്ങളറിയാതെ
ഞങ്ങളെ തൊട്ടുരുമ്മി
കടന്നുപോയ പിറന്നാളുകൾ.
അമ്മ പോയതോടെ
അമ്പലത്തിൽ പൂർണ്ണവിരാമമിട്ട
അമ്മയുടെ പ്രാർത്ഥനകൾ.
മക്കൾക്കായി നിലച്ച് പോയ
പുഷ്പാഞ്ജലികൾ.
പടിയിറങ്ങിപ്പോയ കറുകഹോമങ്ങൾ.
മാഞ്ഞ് മാഞ്ഞ് പോയ
അമ്മയുടെ പ്രദക്ഷിണവഴികൾ.
ഞങ്ങളൾക്ക് കൈമോശം വന്ന
അമ്മയുടെ വാത്സല്യത്തലോടലുകൾ.
അമ്മ ഞങ്ങളിൽ നിന്ന്
പിടിച്ചുവാങ്ങി ആഭരണമായിട്ട
ഞങ്ങളുടെ സങ്കടങ്ങൾ.
അച്ഛൻ്റെ ആണ്ട് ബലികളുടെ
നിലച്ചുപോയ
ഓർമ്മപ്പെടുത്തലുകൾ.
അമ്മസ്വയം വരിച്ച
ഞങ്ങളുടെ രോഗങ്ങൾ.
നട്ടുച്ചകളിൽ മരുഭൂമിയിൽ
സ്വയം നഷ്ടപ്പെട്ട
ഞങ്ങളുടെ അലച്ചിലുകൾ.
തേടിത്തളർന്ന മരുപ്പച്ചകൾ.
അമ്മ പോയതോടെയാണ്
വിദൂരതയിലെ
മകന്റെ വിളികേൾക്കാൻ
ഘടികാരത്തിൽ
കണ്ണുകൾ നട്ടുള്ള കാത്തിരിപ്പുകളും
മൊബൈലിന്റെ ഉച്ചത്തിലുള്ള
ഹൃദയമിടിപ്പുകളും നിലച്ച് പോയത്.
ഘടികാരത്തിൽ
സമയസൂചികൾ മാത്രം
സദാ കർത്തവ്യനിരതനായ
സൂര്യനെപ്പോലെ
ഇന്നും ചലിച്ചുകൊണ്ടേയിരിക്കുന്നു.

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *