നിന്നെക്കുറിച്ച് ഞാനെഴുതിടാം പ്രിയസഖീ,
എന്നെയോർത്താമിഴി നനയുമെങ്കിൽ…
ഉരുകുന്ന വേനലിൽ, കുളിരുന്നരാത്രിയിൽ,
പ്രണയാക്ഷരങ്ങളിൽ നിറയുമെങ്കിൽ;
ചൊടികൾ തുടുത്തു നിൻ മിഴി പാതികൂമ്പി
കവിളിണ അരുണാഭമാകുമെങ്കിൽ,
കരവിരൽ തുമ്പിൻ്റെ മാന്ത്രിക സ്പർശമേറ്റൊടുവിൽ നിൻ
തംമ്പുരു മീട്ടുമെങ്കിൽ,
ഉടലും ഉടലും ഒരുമിച്ച താളത്തിൽ
തരളമായ് ഞാനാക്കവിത ചൊല്ലാം…
ഉടലും ഉടലും ഒരുമിച്ച താളത്തിൽ
തരളമായ് ഞാനാക്കവിത ചൊല്ലാം…
നിന്നെക്കുറിച്ച് ഞാനെഴുതിടാം പ്രിയസഖീ,
എന്നെയോർത്താമനം പിടയുമെങ്കിൽ …
കൽവിളക്കിൽ തിരി കത്തുന്നപോലെൻ്റെ
ഓർമ്മകൾ നിന്നിൽ ജ്വലിക്കുമെങ്കിൽ,
കന്മദപ്പൂവുകൾ കാറ്റിൽ പരത്തുന്ന
മന്മദഗന്ധം പകരുമെങ്കിൽ,
ഘനശ്യാമ ശകലങ്ങൾ മണ്ണിൽ പൊഴിയുമ്പോൾ
ഒരുതുള്ളി നെറുകിൽ പതിയുമെങ്കിൽ,
പൊന്മുളം തണ്ട് ഉലയുന്ന താളത്തിൽ
ആർദ്രമായ് ഞാനാക്കവിത ചൊല്ലാം…
പൊന്മുളം തണ്ട് ഉലയുന്ന താളത്തിൽ
ആർദ്രമായ് ഞാനാക്കവിത ചൊല്ലാം…
നിന്നെക്കുറിച്ച് ഞാനെഴുതിടാം പ്രിയസഖീ
ഓർമ്മയിൽ എന്നെ നീ പരതുമെങ്കിൽ…
രാക്കിനാവിൻ്റെ ചിറകേറി നീയെൻ്റെ
മനസ്സിൻ്റെ വാതിൽ തുറക്കുമെങ്കിൽ,
പേക്കിനാവിൽനിന്നെന്നെയുണർത്തി
തിരികെ ഞാനെന്നിൽ അണയുമെങ്കിൽ,
അകലുന്ന ആത്മാവ് വീണ്ടുമെൻ്റുടലിൽ
പരകായ കർമ്മം നടത്തുമെങ്കിൽ,
നിന്നെക്കുറിച്ച് ഞാനെഴുതിടാം പ്രിയസഖീ
ഭ്രാന്തമായ് ഞാനാക്കവിത ചൊല്ലാം…
നിന്നെക്കുറിച്ച് ഞാനെഴുതിടാം പ്രിയസഖീ
ഭ്രാന്തമായ് ഞാനാക്കവിത ചൊല്ലാം..

ദീപക് രാമൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *