രചന : യൂസഫ് ഇരിങ്ങൽ ✍
മേക്കന്നോളി അമ്പലത്തിലെ
തിറ തുടങ്ങുന്നതിന്
തലേന്നാണ് കള്ള് കുടി നിർത്താനയാൾ
തീരുമാനിച്ചത്.
ഇടക്കിടെ അങ്ങനൊരു
തോന്നലും തീരുമാനവും
പതിവാണ്.
വേച്ചു വേച്ചു കുഴഞ്ഞു
പോവാത്ത കാലടികളാൽ
ഇടുങ്ങിയ ഇടവഴിയിൽ
കടക്കുന്നതിന് മുമ്പ്
കീശയിൽ ബാക്കിയായിപ്പോയ
അഞ്ചു രൂപ നാണയം കൊണ്ട് മക്കൾക്ക്
പോപ്പിൻസ് മിഠായി
വാങ്ങി കയ്യിൽ വെച്ചു
കോലായിൽ തൂണ് ചാരി
കഥ പറഞ്ഞിരിക്കുന്ന
കുരുന്നുകളുടെ കയ്യിലയാൾ
മിഠായിയുടെ വർണ്ണ പാക്കുകൾ വച്ചു കൊടുത്തു.
ചുറ്റമ്പലത്തിലെ നെയ് വിളക്കുപോലെ
അവരുടെ കണ്ണുകളിൽ
വെളിച്ചം പരന്നോഴുകി
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ
എന്നും തല്ല് മാത്രം കൊള്ളാറുള്ള
ഉള്ളിലേക്ക് ഒട്ടി
ഓജസ് നഷ്‍ടമായിപ്പോയോരാളുടെ
കവിളിൽ വരണ്ടുണങ്ങിയ
ചുണ്ടുകൾ കൊണ്ട് ചുംബിച്ചു
കൗതുകം വിട്ടു മാറാത്തൊരു
കുട്ടിയെ പോലെ
അവളയാളുടെ
കയ്യിൽ തലവെച്ചു കിടന്നു
നഗരത്തിലെ ഹോസ്പിറ്റലിൽ
കുറച്ചു നാൾ കിടന്നു
ചികിൽസിച്ചപ്പോൾ
അയൽവീട്ടിലെ കുമാരേട്ടന്റെ
കള്ളു കുടി മാറിയ കാര്യം
അവളായാളുടെ കാതുകളിൽ
വിറയ്ക്കുന്ന ചുണ്ടുകളാൽ
പറഞ്ഞു തീർത്തു
കൂർത്ത താടിരോമങ്ങൾ
കവിളിൽ ചേർത്ത്
അയാളവളെ
ഇറുകെ പുണർന്നു
പുലർച്ചെ കൂട്ട നിലവിളികൾക്കിടയിൽ
ഓടിയെത്തിയവർ
കടും ചുവപ്പ്
ഛർദ്ദിയിയിൽ നിന്നും
തണുത്തുറഞ്ഞു പോയ
അയാളുടെ ശരീരം
മാറ്റി കിടത്തുമ്പോൾ
മൂക്കിലൂടെ
നെറ്റിയിലൂടെ
ചോണനുറുമ്പുകൾ
അരിച്ചിറങ്ങുന്നുണ്ടായിരുന്നു
എത്ര ശ്രമിച്ചിട്ടും
അടക്കി നിർത്താനാവാത്ത
വിതുമ്പിപ്പൊട്ടലുകൾക്ക് ചുറ്റിലും
ചോണനുറുമ്പുകൾ
അലക്ഷ്യമായി ഇഴഞ്ഞു നീങ്ങി.
