രചന : മെലിൻ നോവ ✍️.
എൻ്റെ പക്കൽ വീട്ടുസാധനങ്ങളുണ്ട്.
അവയാരാണ് വാങ്ങാൻ തയ്യാറുള്ളത്?
എനിക്ക് പഴയ ചെരുപ്പുകളുണ്ട്.
അവയാരാണ് വാങ്ങാൻ തയ്യാറുള്ളത്?
വിശപ്പടക്കാൻ
ഒരു കീറ് ബ്രഡ് പോലുമില്ലെങ്കിലും,
എനിക്കൊരു മേശവിരിയുണ്ട്.
അതാരാണ് വാങ്ങാൻ തയ്യാറുള്ളത്?
മുഖത്ത് പോലും നോക്കാനാകാത്ത
ദരിദ്രരായ മക്കളുണ്ട്.
അവരെയാരാണ് വാങ്ങാൻ തയ്യാറുള്ളത്?
എൻ്റെ കയ്യിൽ വിശുദ്ധ ഖുർആനുണ്ട്,
അത് വിറ്റ് കിട്ടുന്ന കാശിന് മാതാവിന് മരുന്നു വാങ്ങാനാണ്.
അതാരാണ് വാങ്ങാൻ തയ്യാറുള്ളത്?
എൻ്റെ പൂർത്തിയായ വിദ്യാഭ്യാസവുംവാങ്ങാനാളില്ല.
മൂല്യമില്ലാത്ത കുറേ രേഖകളുണ്ട്.
അവയാരാണ് വാങ്ങാൻ തയ്യാറുള്ളത്?
അനാഥനായൊരു ബാലനുമുണ്ട്, ജാൻ.
അവനെയാരാണ് വാങ്ങാൻ തയ്യാറുള്ളത്?
നാട്ടിലെ ഓരോ മനുഷ്യനെപ്പറ്റിയും
എൻ്റെ പക്കൽ വ്യത്യസ്ത കഥകളുണ്ട്.
അവയാരാണ് വാങ്ങാൻ തയ്യാറുള്ളത്?
എനിക്കൊരു മുസ്ലിം മനസ്സുണ്ട്.
അതാരാണ് വാങ്ങാൻ തയ്യാറുള്ളത്?
ഞാനൊരു അഫ്ഗാൻ അധ്യാപകനാണ്,
മറ്റൊന്നുമല്ല.
ശരീരത്തിൽ കാലുകൾ ഉണ്ട്.
അവയാരാണ് വാങ്ങാൻ തയ്യാറുള്ളത്?
“തുറാബ്: നോവിൽ പൊതിഞ്ഞ വാക്കുകൾ”
എന്ന പേരിൽ ഒരു സമാഹാരം തന്നെയുണ്ട്.
അതാരാണ് വാങ്ങാൻ തയ്യാറുള്ളത്?