പൊൻതിങ്കൾക്കലയാൽപൊട്ടുവച്ചതുപോൽ
തിളങ്ങിനിന്നു നീലനിലാവും രാത്രിയും
വെൺചന്ദ്രപ്രഭവിടർത്തിയാടിയാടി നിഴലും
നിഴൽക്കൂട്ടങ്ങളും,ഗ്രാമത്തനിമകളിൽ
വേരൂന്നിനിന്നൂ രാമച്ചമണംപോൽ പഴമകൾ.
പൊന്നിൻചിങ്ങവും പൂക്കളാലാടിത്തിമിർക്കും
തിരുവോണവും പൂത്തിരുവാതിരയാടിയാടി
നിറയും ധനുമാസതിരുവാതിരയും
കണ്ടുകൺ മയങ്ങാത്ത
കാലക്കേടിൻ അഭിശപ്തമതുപോൽ
വളരുന്നു, സംസ്കാരങ്ങൾ മാറ്റിപ്പാടും
പുതുതലമുറകൾ, ചുവപ്പിൻ തോളിലേറി
എല്ലാം അന്ധവിശ്വാസജടിലങ്ങളെന്നു
കല്പിക്കപെട്ടവർ, ചിന്താശൂന്യർ,മൂഢർ,
തച്ചുതകർക്കപ്പെട്ടതെല്ലാം ഒരുപഴമതൻ
സംസ്കാരസമ്പന്നതകളായിരുന്നു.
അതിനായ് കൂട്ടുപിടിച്ചതോ, വിപ്ലവങ്ങൾ
പാടവരമ്പിലുപേക്ഷിച്ച വിപ്ലവപ്രസ്ഥാനങ്ങൾ
ജന്മികുടിയാൻ ബന്ധത്തിൽ
വിള്ളലുകൾ വീഴ്ത്തിയ രാഷ്ട്രീയകോമരങ്ങൾ
ഉറഞ്ഞുതുള്ളി കാവുകൾ തീണ്ടി
നീളൻജുബ്ബയുടെ കീശകൾ വീർപ്പിച്ച
വിപ്ലവത്തിനധിനായകർ
പാടിപ്പതിഞ്ഞ പഴമ്പാട്ടുകളെല്ലാം
ഉർവ്വരതയുടെ രാഗകേളികളായിരിക്കേ,
വിപ്ലവഗാനങ്ങളിലുയിർകൊണ്ടമനസ്സുകൾ
എല്ലാം കല്പിതങ്ങളെന്നു മാത്രം ഗണിക്കവെ,
തകർക്കപ്പെട്ടതെല്ലാംപഴമയുടെ
പൊൻകനവുകളായിരുന്നു,
നമ്മളിടനെഞ്ചിലേറ്റിയ ഒരുപിടി
സംസ്കാരത്തിന്റെ പൊന്മുത്തുകളായിരുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *