രചന : അഹ്‌മദ് മുഈനുദ്ദീൻ ✍️..
ഈ ഫോട്ടൊയിൽ കാണുന്ന കുട്ടിയെ
നാല്പത്തിയഞ്ച് വർഷം മുമ്പ്
കടപ്പുറത്ത് നിന്ന്
കാണാതായതാണ്.
ഫേസ്ബുക്കിൻ്റെ മുറ്റത്തും
ഇൻസ്റ്റഗ്രാമിൻ്റെ കോലായയിലും
തെരച്ചിൽ നടത്തി
നിരവധി പേരെ ഇവിടെ നിന്ന്
കണ്ടെടുത്തിട്ടുണ്ടല്ലോ
പച്ച ലൈറ്റിട്ട്
ഉറക്കമൊഴിച്ച്
വാട്ട്സാപ്പ് വരാന്തയിൽ
ഇരിക്കാൻ തുടങ്ങിയിട്ട്
കുറേയായി.
പ്രതീക്ഷയോടെ
കഥയിലും കവിതയിലും
തിരഞ്ഞു
കുഞ്ഞാ,
നീയില്ലാതെ
എനിക്കെന്നെ വീണ്ടെടുക്കാനാവില്ല.
ഓർമ്മകളുടെ
മധുരാനുഭവങ്ങളുടെ
താക്കോൽ കണ്ടെടുക്കാനാവില്ല
കണ്ടുമുട്ടുന്നവർ
എന്നെ ബന്ധപ്പെടാൻ
അപേക്ഷ.
പ്രതീക്ഷയോടെ..
