രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍️.
പ്രാണൻ്റെ യാമങ്ങളിൽ
ശൂന്യചക്രവാളത്തിൽ
പതിവുപോലെന്നുടെ
ആത്മസഞ്ചാരവേള
ചിന്മുദ്രയിൽ മയങ്ങേ
ഭ്രൂമധ്യ,പ്രകാശത്തിൽ
എയ്തുപോകുന്ന നേരം
വലതുഭാഗത്തൂടെ
എപ്പൊഴും കൂടെവരും
സഹജ സാമീപ്യമേ
ജന്മജന്മാന്തരനാം
ഗുരവേ നമോ നമ:
ഭൂമിക്കു സമാന്തരം
നമ്മളൊഴുകുന്നേരം
ഉയർന്ന പടവുകൾ
കണ്ടുകയറിപ്പോകെ
മൂന്നു ശ്രീകോവിലുകൾ
പൂജകനുണ്ടകത്തു
വിഗ്രഹമൊന്നിളകി
മൊഴിഞ്ഞു, പൂജക നീ!
കൊടുക്കുക പ്രസാദം
തന്നൂ വെള്ളപ്രസാദം;
ഭൂമിയിൽ മൂന്നുമാസം
കഴിഞ്ഞിട്ടൊരുദിനം
ഒരിടത്തു പോകണം
ഒരാൾവിളിച്ചു കൂടെ
അന്നു കൊല്ലങ്കോട്ടെത്തി
ഉയർന്ന പടവേറി
കയറിച്ചെല്ലുന്നേരം
മൂന്നു ശ്രീകോവിലതാ
വെള്ളപ്രസാദം തന്നൂ
അവിടുത്തെ പൂജകൻ;
ആദികേശവനെൻ്റെ
പെരുമാളേയെന്നുടെ
ജന്മജന്മാന്തരങ്ങൾ
ആകാശഭൂമികളിൽ
കൂടെക്കഴിയാനിനീം
പിന്നോട്ടുകാലം തിരീം?
അന്നുവന്നൊന്നു കൂടെ
അങ്ങെവലം വയ്ക്കുവാൻ
സാലഭഞ്ജികാ ജീവ
നൃത്തത്തെയാസ്വദിക്കാൻ
കല്ലുവിളക്കിൻ മണം
ഏറ്റുമയങ്ങീടുവാൻ
സനാതന സാധനേൽ
അഖിലം മറക്കുവാൻ
ശൂന്യചക്രവാളത്തിൽ
ചേർന്നു ചരിച്ചീടുവാൻ
പ്രാണൻ്റെ യാമങ്ങളിൽ
പതിവുപോലെന്നുടെ !!
