പെട്ടിക്കട == അവസാനത്തെ… ‘അവസാനത്തെ’ എന്ന് പറയാനാവില്ല, കുറച്ചു ദിവസമായി മിനുക്കു പണിയിലാണയാൾ. എത്ര ചെയ്തിട്ടും മതിവരാത്ത പോലെ. മകന്റെ ഡിസൈനിങാണ്. കാലങ്ങളായി ഈ പണിയാണെങ്കിലും, മാർക്കറ്റിൽ പിടിച്ചു നിൽക്കണമെങ്കിൽ പുതിയ മോഡലുകൾ വേണമത്രേ. ശരിയാണ്. എയർ കണ്ടിഷണർ പിടിപ്പിച്ചതാണെൽ അതിനും ആവശ്യക്കാർ കൂടുന്ന കാലമാണ്. ഓൺലൈൻ മാർക്കറ്റിന്റെ സാധ്യത മകൻ പറഞ്ഞപ്പോൾ മനസ്സനുവദിക്കാത്തതിനാൽ പാടെ നിരാകരിച്ചു. പലരും കളിയാക്കിയിട്ടുണ്ട് തന്റെ പ്രാർത്ഥന ആരെങ്കിലുമൊക്കെ മരിക്കണമേ ന്നായിരിക്കുമെന്നു. പക്ഷെ സത്യത്തിൽ താനത് ആഗ്രഹിച്ചിട്ടുണ്ടോ. ഇല്ല എന്ന് തന്നെ പറയേണ്ടിവരും.ദാരിദ്ര്യമാണെങ്കിലും ഉറങ്ങാൻ കിടക്കുമ്പോഴും ‘പെട്ടിക്കായി’ആരും വിളിക്കരുതേ ന്നാണ് പ്രാർത്ഥന. പെട്ടിയിലൂടെ കൈയോടിച്ചു ഫിനിഷിങ് ഉറപ്പുവരുത്തി. മകന്റെ ഇഷ്ടത്തിന് കൊത്തുപണി. ഇനി ലോക്ക് പിടിപ്പിക്കണം. അതും അവന്റെ ആവശ്യം. ബിസിനസ് പിടിക്കണ്ടേ. അവന്റെ ഭാഷയിൽ ‘സംതിങ് വെറൈറ്റി’. എന്തിനാണാവോ ലോക്ക്. പെട്ടിയിലായാലും സൂക്ഷിക്കേണ്ട കുഴപ്പക്കാരുണ്ടാവാം.താനത്തരത്തിൽ പെടുമോ..? ഹേയ് ഇല്ലാ.. അയാൾ സ്വയം ആശ്വാസം കൊണ്ടു. വിറകൊള്ളുന്ന വിരലുകൾ പെട്ടിയിലൂടെ പരതിക്കൊണ്ടിരിക്കുമ്പോൾ അവന്റെ ചിന്തയിൽ ചലനമറ്റ അച്ഛന്റെ മുഖമായിരുന്നു. ആരും മരിക്കരുതേ എന്ന് പ്രാർത്ഥിക്കുന്ന ശവപ്പെട്ടി കച്ചവടക്കാരൻ, തന്റെ അച്ഛൻ. അച്ഛന് വേണ്ടിയാണോ ഈ അവസാനത്തെ പെട്ടിക്കു അച്ഛൻ ഇത്ര മോഡി കൂട്ടിയത്. സ്നേഹിക്കാൻ മാത്രം അറിയുന്ന തന്റെ അച്ഛനെ പേടിച്ചാണോ താൻ അതിൽ ലോക്ക് പിടിപ്പിക്കാൻ ആവശ്യപ്പെട്ടത്. വിവിധ ചിന്തകളുമായി നിറകണ്ണോടെ വണ്ടിയിൽ നിന്ന് പെട്ടിയിറക്കിവക്കുമ്പോൾ അടുത്ത് നിന്ന് ആരോ പിറുപിറുക്കുന്നതു കേട്ടു ‘അറ്റാക്ക് ആയിരുന്നു.. ‘ “തന്റെ പാവം അച്ഛന്റെ പാവം ഹൃദയത്തെ ആര് അറ്റാക്ക് ചെയ്‌യാനാ..? ” കഥക്കപ്പുറത്തെ കാഴ്ചപ്പുറം :- ആധുനികതയിൽ ഷോറൂമുകളിലെ ഹൈടെക്ക് ‘പെട്ടിക്കടക്കാരെ’ കുറിച്ചല്ല, മറിച്ചു പണ്ടത്തെ പീടികമുറിയിലെ പാരമ്പര്യ പെട്ടിക്കച്ചവടക്കാരെയെടുത്താൽ, തങ്ങളുടെ വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിൽ പോലും കച്ചവടം നടക്കാനുള്ള വഴിയായ മരണങ്ങളെ ആഗ്രഹിക്കുവാനോ, മറ്റുകച്ചവടക്കാരെപോലെ തങ്ങളുടെ ഉത്പന്നം വിറ്റഴിക്കാനുള്ള മാർഗം തെളിക്കുവാൻ വേണ്ടി പ്രാർഥിക്കുവാനോ കഴിയാത്തവർ. എന്നാലിന്ന് ഈ കൊറോണകാലത് മനുഷ്യർ ജീവനും കൈയിൽ പിടിച്ചോടുമ്പോൾ, സ്വന്തം ജീവന് യാതൊരുറപ്പുമില്ലാഞ്ഞിട്ടു കൂടി വിഷം ചേർത്ത് മത്സ്യവും പഴകി പുഴു കയറിയ ഇറച്ചിയും നമ്മളെ തീറ്റിച്ചു കീശ വീർപ്പിക്കുവാൻ ശ്രമിച്ചവരുണ്ട് നമുക്കിടയിൽ.വേണ്ടിവന്നാൽ ചോര കിനിയുന്ന പച്ച മീനെന്നുവരുത്താൻ മരവിച്ച മീനിന്റെ ചെകിളകളിലും വായിലും പട്ടിയുടെയോ, എന്തിനു മനുഷ്യന്റെ തന്നെ ചോരയിറ്റിക്കാൻ മടിക്കില്ലിക്കൂട്ടർ. സമ്പാദിച്ചു കൂട്ടിയ പണം കൊണ്ടു ജീവൻ നിലനിർത്താനാവില്ലെന്നു കണ്ടു നോട്ടുകെട്ടുകൾ തെരുവിലേക്ക് വലിച്ചെറിഞ്ഞ മനുഷ്യരെയും നാം കണ്ടു. ഒന്നുറപ്പിക്കാം.. “ഒരു പ്രളയത്തിനോ കോവിഡിനോ ഒന്നും നമ്മളെ തിരുത്താനാവില്ല”

By ivayana