ആദ്യമേ ഈ അസുഖം ഒരു വെല്യ സംഭവം അല്ല എന്ന് പറഞ്ഞു കൊണ്ട് തുടങ്ങട്ടെ , ഏപ്രിൽ അഞ്ചാം തിയ്യതിയാണ് എനിക്ക് പനി തുടങ്ങിയത്, ആറാം തിയ്യതി ഞാൻ അബുദാബിയിലെ LLH ആശുപത്രിയിൽ കാണിച്ചു കൂടെ കോവിഡ് ടെസ്റ്റും നടത്തി അസുഖം കോവിഡ് ആണെന്ന് സ്ഥിതീകരിച്ചു

കോവിഡ് പരിശോധനയ്ക്ക് വരിയിൽ നിൽക്കുമ്പോൾ നാട്ടിൽ നിന്ന് വിളി വന്നൂ “എന്റെ നാട്ടുകാരനും സുഹൃത്തുമായ ഹാരിസ് അജ്മാനിൽ കോവിഡ് വന്ന് മരണപ്പെട്ടൂ” അതൊരു വലിയ ഞെട്ടലായിരുന്നു

നാട്ടിൽ കോവിഡ് എന്നത് വളരെ ഭീതി നിറഞ്ഞ ഒരു അസുഖമാണ് , കൂടാതെ ഒരു മരണം കൂടെ നടന്നതിനാൽ എനിക്ക് കോവിഡ് പോസറ്റീവ് ആയ കാര്യം വീട്ടിൽ അറിഞ്ഞാൽ അവർ തീർച്ചയായും ഭയപ്പെടും

വെറുതെ എന്തിനാ പ്രായമായ അച്ഛനെയും അമ്മയും ആറു മാസം ഉള്ള മോനെ നോക്കി ഇരിക്കുന്ന ഭാര്യയെയും ഇതിന്റെ പേരിൽ ടെൻഷൻ അടിപ്പിക്കുന്നേ , അതിനാൽ കോവിഡ് പോസറ്റീവ് ആയ കാര്യം നാട്ടിലും വീട്ടിലും മറച്ച് വെച്ചു , അസുഖം പൂർണ്ണമായും മാറിയതിന് ശേഷമാണ് അവരോട് കാര്യം പറഞ്ഞത്

എന്റെ റൂമിൽ രണ്ട് പേരാണ് ഉള്ളത് ഫ്‌ളാറ്റിൽ മൊത്തം പത്താളുകൾ ,എനിക്ക് കോവിഡ് ആണെന്ന് അറിഞ്ഞപ്പോൾ ഫ്‌ളാറ്റിലെ പത്ത് പേരിൽ ഒരാൾ മാത്രം വെല്യ പ്രശനം ഉണ്ടാക്കി ,

എന്നെ എത്രയും വേഗം റൂമിൽ നിന്നും പുറത്താക്കണം എന്നും എല്ലാവരും ഫ്ലാറ്റ് ഒഴിയണം എന്നൊക്കെ അയാൾ പറഞ്ഞു ,ബാക്കി ഉണ്ടായിരുന്ന എട്ട് പേര് എന്റെ കൂടെ നിന്നത് കാരണം ആ പ്രശനം ഉണ്ടാക്കിയ ആൾ ഇപ്പോൾ ഞങ്ങളുടെ ഫ്ലാറ്റിലില്ലാ

ആറാം തിയ്യതിയ്ക്ക് ശേഷം എനിക്ക് മണമോ രുചിയോ ഉണ്ടായിരുന്നില്ല , തൊണ്ട വരണ്ടുണങ്ങി ഇടയ്ക്കിടെ ഞാൻ ചുമച്ചു , എന്ത് കഴിച്ചാലും അപ്പോൾ തന്നെ ടോയിലെറ്റിൽ പോകേണ്ട അവസ്ഥയിലായി കാര്യങ്ങൾ

പോസറ്റീവ് ആയ ഉടനെ ഞാൻ എംബസിക്ക് വേണ്ടി പ്രവർത്തിക്കുന്ന സുഭാഷ് ട്ടനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു , സുഭാഷേട്ടന്റെ നിർദേശ പ്രകാരം അബുദാബി ഖലീഫ സിറ്റി ഹോസ്പിറ്റലിൽ ചെന്നു അവർ എന്നെ ക്വാറന്റൈന്‍ ചെയ്തു.

എനിക്ക് ക്വാറന്റൈന്‍ കിട്ടിയത് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരുന്നു ( ഭാഗ്യം കൊണ്ടാണ് ) ഫൈവ് സ്റ്റാർ ഭക്ഷണവും കഴിച്ചു സിനിമ കണ്ട് ശരിക്കും പറഞ്ഞാൽ ഞാൻ ക്വാറന്റൈന്‍ കാലം ആസ്വദിക്കുകയാണ് ചെയ്തത്

സൗദിയിൽ ഓക്സിജൻ കുറവുള്ള സ്ഥലമായ അബഹയിലെ നീണ്ട പ്രവാസ ജീവിതം സമ്മാനിച്ച ശ്വാസം മുട്ടലും അലർജിചുമയും എനിക്ക് ബുദ്ധിമുട്ട് ആകും എന്ന് ഞാൻ കരുതി പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല

മെല്ലെ മെല്ലെ ഞാൻ ഓരോ ദിവസം കഴിയും തോറും മണവും രുചിയും തിരിച്ച് അറിയുന്നതും ചുമ കുറയുന്നതും ഇടയ്ക്ക് ഉണ്ടായ നെഞ്ച് വേദന മാറി വരുന്നതും അനുഭവിച്ചറിഞ്ഞു തുടങ്ങി

ഞാൻ ആകെ കഴിച്ച മെഡിസിൻ പനി വന്നപ്പോൾ രണ്ട് ദിവസം പാരസെറ്റോമോളും അലർജിക്ക് രാവിലെ ഒരു ഗുളികയും പിന്നെ നെഞ്ചിലെ നീർകെട്ടിന് ആറു മണിക്കൂർ കൂടുമ്പോൾ ഇന്‍ഹെയ്ലറിൽ രണ്ട് വലിയുമാണ്

ഇനി UAE യിലെ കാര്യം പറയാം , കോവിഡ് ആണെന്ന് അറിഞ്ഞാൽ നിങ്ങളെ ആരോഗ്യ വകുപ്പിൽ നിന്ന് വിളിച്ചു പറയും , ക്വാറന്റൈന്‍ എല്ലാം ഫുൾ ആണെന്നും റൂമിൽ ഇരിക്കൂ ഒഴിവ് അനുസരിച്ച് അറിയിക്കാം എന്നാകും നിലവിലെ സാഹചര്യത്തിൽ പറയുക

ഇവിടെ റൂട്ട് മാപ്പോ സമ്പർക്ക പട്ടികയോ അങ്ങനെ നമ്മുടെ നാട്ടിലെ ഇടപെടലുകൾ ഒന്നുമില്ല , തീരെ റൂമിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യം ആണെങ്കിൽ നിങ്ങൾക്ക് അബുദാബിയിൽ ആണേൽ ഖലീഫ സിറ്റി ഹോസ്പിറ്റലിൽ ചെല്ലാം

ഒരു രാത്രിയും പകലും നൂറുകണക്കിന് കോവിഡ് രോഗികളുടെ കൂടെ അവിടെ നിന്നാൽ ഒഴിവ് അനുസരിച്ച് എവിടേലും ക്വാറന്റൈന്‍ കിട്ടും , ചിലപ്പോൾ ലേബർ ക്യാമ്പിൽ ആകും അല്ലെങ്കിൽ എന്തേലും ഹോട്ടലുകളിൽ ആയിരിക്കും , ഭക്ഷണവും മെഡിസിനും എല്ലാം പിന്നെ അവർ നോക്കിക്കൊള്ളും

കോവിഡ് അത്ര ഭീകരമായ ഒരു രോഗം ഒന്നുമല്ല , പക്ഷെ പ്രതിരോധശേഷി കുറഞ്ഞവർ പ്രായമായവർ കുട്ടികൾ അവരൊക്കെ കൂടുതൽ കരുതലോടെ വേണം ഈ രോഗത്തെ നേരിടാൻ

കോവിഡ് നമ്മുക്ക് വരുന്നതിലെക്കാൾ ബുദ്ധിമുട്ട് എന്താണ് എന്നോ , നമ്മൾ കാരണം ആർക്കെങ്കിലും ഈ അസുഖം വന്നു എന്ന് കേൾക്കുമ്പോൾ ഉള്ള അവസ്ഥയാണ്

ഞാൻ കാരണം നിലവിൽ നാല് ആളുകൾ കോവിഡ് പോസറ്റീവ് ആയി , എല്ലാവരും പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നു, എത്രയും പെട്ടന്ന് അവരും നെഗറ്റീവ് ആകട്ടെ

പ്രവാസ ലോകത്തെ ഓർത്തു ആരും ഭയപ്പെടേണ്ട കാര്യമില്ല , കോവിഡിനെ പിടിച്ചു കെട്ടാൻ ഇവിടത്തെ ആരോഗ്യമേഖല അവരാൽ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്

അതിനേക്കാൾ ഉപരി ഞങ്ങൾ പ്രവാസികൾ ഇതൊക്കെ നിസാരമായി അതിജീവിക്കും , ഞങ്ങളിൽ ബഹുഭൂരിപക്ഷവും ആരോഗ്യം ഉള്ളവരാണ് , ചെറുപ്പക്കാർ ആണ് കോവിഡ് വന്നാൽ തന്നെ ഒരു ചെറിയ ജലദോഷ പനി പോലെ ഞങ്ങളിലൂടെ കടന്ന് പോകും

കോവിഡിനെ ഭയപ്പെടേണ്ട കാര്യമില്ല , ജാഗ്രതയോടെ നമ്മുക്ക് ഇതിനെ നേരിടാം.

By ivayana