രചന : പ്രസീദ.എം.എൻ ദേവു ✍️
പുരുഷൻ കാട്ടു തീയാണെന്ന്
ഞാൻ വെറുതെ പറഞ്ഞതല്ല,,
എത്ര ആഴത്തിലേയ്ക്കാണവൻ
ആളിപ്പടരുന്നത്,
പെണ്ണൊരു ജലസ്പർശമായതിൽ
പിന്നെയാണ് ആ പൊള്ളലിന്
സുഖമുള്ള ചൂടു വന്നത്..
പുരുഷൻ്റെ ഹൃദയം
കല്ലാണെന്ന്,
പൂവു കൊണ്ടൊരുവൾ
പിച്ച വെയ്ക്കുമ്പോൾ
എത്ര പെട്ടെന്നാണിവിടം
പൂങ്കാവനമാകുന്നത്….
പുരുഷന് സ്നേഹമില്ലെന്ന്,
ആകെപ്പാടെ തളർന്നൊരുവൾ
തോളിൽ ചായുമ്പോൾ
എത്ര ആശ്വാസത്തോടെയാണ്
അയാൾ ചില്ലകൾ നീട്ടി
വൻമരമാവുന്നത്,…
പുരുഷൻ്റെ പ്രണയം പ്രകടമല്ലെന്ന്,
ഒച്ചയിനക്കങ്ങൾ ഇല്ലാതെ, എത്ര ശാന്തമായാണ്
സ്ത്രീയിൽ അവൻ തോണിയിറക്കുന്നത്,
അവളെ തീരമടുപ്പിക്കുന്നത്,…
പുരുഷൻ ബലവാനാണെന്ന്,
എത്ര ഒതുക്കത്തോടെയാണവൻ
ചിത്രശലഭത്തെ തോൽപ്പിക്കുമാറ്
ഒരുവളുടെ ചുണ്ടിൽ മുത്തുന്നത്,
അവിടമാകെ വസന്തം തീർക്കുന്നത്,…
പുരുഷനെ പേടിക്കണമെന്ന്,
തുറന്നു കിട്ടാത്ത ഇന്ദ്രിയങ്ങളെ
എത്ര മാത്രം പ്രണയം കൊണ്ടാണയാൾ
സംഗീതമാക്കുന്നത്….
പുരുഷനെന്നാൽ സ്ത്രീയുടെ
പൂർണ്ണത തന്നെ,
പ്രണയം കൊണ്ടൊരാൾ
മനസ്സിനെയും, ശരീരത്തെയും
ആത്മാവിനെയും
ആവാഹിക്കുമ്പോൾ,
എങ്ങനെയാണൊരുവൾ
അവനിൽ സന്നിവേശിക്കാതിരിക്കുന്നത്?
പുരുഷനില്ലാത്ത
ഒറ്റ സ്ത്രീയും ഇല്ലെന്നാണ്,
പുരുഷൻ തന്നെയാണ്
എല്ലാമെന്നാണ്…