അഖിലവുമായങ്ങാപണമാക്കാൻ
അങ്ങോട്ടുമിങ്ങോട്ടുകൈമറിയാൻ
അങ്ങാടിതോറുമച്ചാരമോടങ്ങനെ
അടങ്ങിയിരിക്കാത്തവരെല്ലാമൊത്ത്.
അമിതമായൊരു കപടതയാലിന്ന്
അക്കരപ്പച്ചതേടുംപ്പടയൊരുക്കം
അങ്ങനെയിങ്ങനെയാക്കിയഖിലം
അങ്കം കണ്ടോർ താളിയുമൊടിച്ചു.
അടിച്ചുകയറാനേറെയടവുകൾ
അനുകമ്പയില്ലാതെതെരുവിൽ
അപവാദമാക്കുന്നോരപരാധം
അൻപില്ലാതെയാഖ്യാതമാകുന്നു.
അതിബലരായോരന്തരംഗങ്ങൾ
അധികരണത്തിനായെത്തുമ്പോൾ
അന്വയമായോരുയൊത്താശയാലെ
അപഹ്നുതിയായൊരു അഭിജനവും.
അമിഷമായിരുന്നാദ്യക്കുലത്തിലായി
അമംഗളവാണിഭക്കാരെല്ലാത്തിലും
അയനത്തിലെത്തുമർഥത്തിനായി
അത്യാഗ്രഹമോടളകംകടന്നിവിടെ.
അപഹരണത്തിനായിയാക്രമിച്ചു
അടവുകളാലുള്ളോരാപത്തുകൾ
അറിവുമർഥവുമേറെയടിച്ചുമാറ്റി
അടികണ്ടോരുപദ്രവകാലവുമിന്നും.
അടിപതറാതെതിർത്തോരെല്ലാം
അടിപ്പെട്ടോരരധപതനത്താൽ
അമരക്കാരെതിരില്ലാതായപ്പോൾ
അന്യം നിന്നോരില്ലത്തായിരിപ്പിടം.
അമ്മാനമ്മാടുന്നോരധികാരികൾ
അറുത്തുമുറിച്ചുകപ്പമെടുക്കുവാൻ
അടിമുടിയടിമയാക്കിയതെതിർത്ത്
അരങ്ങത്താണും തൂണുമില്ലാതായി.
അടക്കിപ്പിടിച്ച വെറുപ്പുമായഗ്രജർ
അബ്ദങ്ങളോളം തപസ്സിരുന്നത്
അവനവനുള്ളതുയപഹരിച്ചതിന്
അർഹമായൊരു തിരിച്ചടിയേകാൻ.
അംശുകമില്ലാതെയംശികളിവിടെ
അദിതിയേറുന്നയുദരങ്ങളുമായി
അഭിമാനമോടന്ത്യമവകാശത്തിന്
അങ്കം ജയിച്ചോരനേകഗാഥകൾ.
അന്ത:ക്കരണമില്ലാത്തന്യരൊത്ത്
അങ്കിയണിഞ്ഞെത്തിയംഗിയായി
അച്ചടിയോടെഴുതുത്തുകളാലുന്നി
അപഹാരമോടെയധികാരത്തിൽ.
അമ്മയായൊരു കൈരളിക്കായുള്ള
അലങ്കാരങ്ങളെ പണയപ്പെടുത്താൻ
അങ്കണത്തുള്ളോരാളുകളൊത്തു
അധികാരവാണിഭകൈമാറ്റവുമായി.
അറിയില്ലൊന്നുമെന്നാലടിമകൾക്ക്
അനുഗ്രഹമായൊരുഖിലവുമങ്ങു
അപരാധികളന്യർക്കുക്കാഴ്ചകളാക്കി
അവസരമൊത്തൊരുനയങ്ങളുമായി.
അറിയേണവർ നന്നല്ലെന്നുള്ളതിനാൽ
അറിഞ്ഞുകൊണ്ടധികാരമേകരുതാരും
അഴിമതിയാലെയാക്ഷേപമാക്കിയതും
അന്യർക്കെല്ലാമേകിയതോർക്കുക.
അപദാന്തരമനന്തരാവകാശികൾക്ക്
അഖിലമാലിന്യക്കൂമ്പാരത്തിലായന്ത്യം
അടിമപ്പെട്ടാതുരരാകാനായി ചെയ്തതു
അനന്തരമായുസ്സില്ലായെന്നതുമോർക്ക !
അടച്ച കണ്ണേവരും തുറക്കും മുമ്പ്
അഭയസ്ഥാനങ്ങളന്യരുടേതാകും
അലങ്കോലമാക്കിയകൈരളിയന്ത്യം
അലക്കടലെടുക്കാനുള്ളപരാധങ്ങൾ.
പദാർഥങ്ങൾ
ആപണം : കച്ചവടം ; വാണിഭം
അപഹ്നുതി : പ്രതിഷേധം
അമിഷം : കളങ്കമില്ലായ്മ
അളകം : സമുദ്രം
ആപാതം: ആക്രമണം
അദിതി : ദാരിദ്ര്യം
അംശുകം : വസ്ത്രം
അംശി : സ്ത്രീ
അംഗി : പ്രധാനപ്പെട്ടത്
അപദാന്തര : ഏറ്റവുംഅടുത്ത
ആതുരർ : രോഗികൾ

അഡ്വ: അനൂപ് കുമാർ കുറ്റൂർ


By ivayana

Leave a Reply

Your email address will not be published. Required fields are marked *