ഉടുത്തുകെട്ടുകളഴിഞ്ഞൊരുവൾ
കങ്ങിയപാൽമണവുമായി
ഒരുവന്റെ
ചൂടും ചൂരുമണയാത്ത
നെഞ്ചിൻകിടക്കയിൽനിന്ന്
മറ്റൊരുവന്റെ
മേച്ചിൽക്കുന്നിലേക്ക്
വീണ്ടുമൊരപകർഷതയുടെ
പടി ചവിട്ടുമ്പോൾ
അദൃശ്യപിടിവലിയാൽ
“അമ്മ പോകല്ലേന്ന് “
ഒരു കുഞ്ഞു സൈറൺ
ചെവിയടയ്ക്കുമൊരശനിപാതംപോൽ
കണ്ണീരുകൊണ്ടു കഴൽകെട്ടി
പരീക്ഷിക്കും.
എത്ര ഞരങ്ങിയിട്ടും
ഉൾക്കിടിലത്തിന്റെ
ഒച്ചയുറയ്ക്കാതെ,
പിറുപിറുപ്പുകളുടെ
കങ്കൂസ് നൂലാൽ
ചെകിടുമുറുകുന്നത്
സ്വയം തൊട്ടുനുണഞ്ഞു
കണ്ണുചുരുക്കും.
വേട്ടപ്പട്ടിയുടെ ശൗര്യവും
തുടക്കക്കാരന്റെ ദയാവായ്പും
കൂട്ടിമുട്ടി
ഒരു മിന്നൽപ്പിണർ
അനുവാദമില്ലാതെ ഉറപൊട്ടുന്നത്
നെഞ്ചിൻചുഴികളിൽ തിമിർത്ത
വേർപ്പുമഴയാലവൾമാത്രം
നനഞ്ഞലിഞ്ഞറിയും.
തൊട്ടുകിടക്കുമ്പോൾ
അവനൊരു മഞ്ഞുകാലവും
അവളൊരു വേനലിന്റെ
ഗതികെട്ട പൊള്ളൽ വരയുന്ന
ചുടുമരുഭൂമിയുമാകും.
“മാറ്റിവിളിച്ചേക്കരുതെന്ന്
പേരുകൾ.
പകുത്തു വയ്ക്കല്ലേന്നൊരു ശീൽക്കാരം.”
ഉരുവിട്ട മന്ത്രംപോൽ
ആവർത്തിക്കുമൊരമ്മവചനം
താരാട്ടിന്റെയീരടി പാടും.
ആരറിവൂ
ഒന്നുമൊന്നുമത്രമേൽ
എളുതല്ലെന്ന്
ആരറിവൂ
ഒരു വിടവുമത്രമേൽ
ചെറുതല്ലെന്ന്!
■■■■■■■■
വാക്കനൽ

By ivayana