രചന : അഷ്റഫ് കാളത്തോട് ✍️
ഉമ്മയുടെ വിയർപ്പിൽ
ചേർന്ന മഴത്തുള്ളി
അതാണ് എൻ്റെ ആദ്യ
ജന്മ സർട്ടിഫിക്കറ്റ്.
ഇപ്പോഴും ആർദ്രത
നിലനിൽക്കുന്നു
ചെറുനാരകത്തിൻ്റെ ഇലയിൽ.
ഇനിയും മണം വിട്ടിട്ടില്ലാത്ത
വാപ്പ പുതച്ച പുതപ്പ്
മുത്തച്ഛൻ്റെ കരച്ചിൽ
കേൾക്കാം ഇപ്പോഴും
പഴയ ചെങ്കോൽ മതിലിൽ.
ഓരോ അടിമുന്നേറിയപ്പോഴും
ഒരു തീയതി
മണ്ണിൽ മുദ്രകുത്തി.
കബർസ്ഥാനിലെ മീസാൻ കല്ല്
എന്നോട് പറയുന്നു:
“നീ ജനിച്ച വർഷം
എൻ്റെ പഴക്കം തൊട്ടറിയാം”
എന്നാൽ ഓഫീസർ ചോദിക്കുന്നു:
“കല്ലിൻ്റെ റെജിസ്ട്രേഷൻ നമ്പർ?”
മക്കൾ ചോദിക്കുന്നു
“ഞങ്ങളുടെ നാട് എവിടെ?”
ഞാൻ കാട്ടുന്നത്
മാവിൻ്റെ വേരുകൾ
അവ എത്തുന്ന ദൂരം
മാത്രമാണ് ഞങ്ങളുടെ
ഭൂമിശാസ്ത്രം.
പുതിയ ഇന്ത്യ എന്നോട് ചോദിക്കുന്നു:
“നിന്റെ ജന്മത്തിൻ്റെ തെളിവ്?”
ഞാൻ നീട്ടികാട്ടുന്നു
എൻ്റെ ഉള്ളംതുറന്ന കൈപ്പത്തി –
അതിലെ രേഖകൾ
എൻ്റെ മണ്ണിൻ്റെ
ഒറിജിനൽ ഡോക്യുമെൻ്റ്.
ആക്രോശങ്ങളിൽ കിടുങ്ങുന്നു
ഒരു ജനത,
മതമില്ലാത്ത
മനസ്സിന് വേണ്ടിയുള്ള ദാഹം!