രചന : ലാൽച്ചന്ദ് മക്രേരി ✍
” പ്രപഞ്ചത്തിൻ ശക്തിതൻ അനുഗ്രഹമതൊന്നല്ലോ
കലയായ് മന്നിൽ പിറക്കുന്നതോർക്കുക “
ദാരിദ്ര്യത്തിൻ്റെ നെടുവീർപ്പിനിടയിലും
മക്കൾതൻ ഇച്ഛയേ മനസ്സിലാക്കിയിട്ടായി
കിടപ്പാടമതുപോലും നഷ്ടപ്പെടുത്തിയ ….
കലകളേ സ്നേഹിക്കും രക്ഷിതാക്കളവർതൻ
കദനത്തിൻ കഥയുള്ള നാടിതീ മലയാളം…..
ഓർക്കുക നമ്മൾ കലാകാരരവരുടേ –
നിസ്വാർത്ഥമായൊരാ മനസ്സിനേയെന്നുമേ…
നമ്മളേച്ചിരിപ്പിക്കും കലാകാരരവരുടേ
ജീവിതപ്രാരാബ്ദം നമ്മളറിയുമോ?
വേദിയിൽ നൃത്തത്തിൻ ചിലമ്പൊലി ഉയർത്തുമാ
മനോഹരിയായോരാ നർത്തകി തന്നുടേ ,
കാൽച്ചിലമ്പുകളവ ഹൃദയവേദനയോടായ് –
അവളന്നൊരുനല്ല നൃത്തമാടിയ രാവിൽ ,
തൻ്റെയാ ദരിദ്രമാം കുടുംബത്തെയോർത്തായി
കണ്ണീരണിഞ്ഞായ് അഴിച്ചുവച്ചീടുന്ന
കദനത്തിൻ കഥയും കേട്ടല്ലോ നമ്മൾ….
നിറക്കൂട്ടുകൾ ചേർത്ത് മനോഹരമായുള്ള
ജീവൻ തുടിക്കുന്ന ചിത്രംവരയുന്ന
കലാകാരരവരുടേ ജീവിതവേദന –
ഓർക്കുമോ നമ്മൾ സ്വപ്നത്തിലെങ്കിലും.
കഥയും കവിതയും എഴുതിക്കൊണ്ടായി
ജീവിതംതന്നേ വരച്ചുകാട്ടീടുന്ന,
രചയിതാക്കൾതൻ ജീവിത പ്രയാസങ്ങൾ –
അവർതൻ കഥകളും കവിതയും വായിച്ച് ,
സ്വപ്നലോകത്തായ് വിരാജിച്ചിടുന്നോരാ ….
വായനക്കാർ നമ്മൾ ചിന്തിച്ചീടുമോ?
ഓർക്കുക നമ്മൾ കലാകാരരവരേ , –
ധനവും ധാന്യവും ജീവനുമല്ലല്ലോ…
കലാകാരരവരുടേ ജീവിത ലക്ഷ്യം…..
തൻ്റെയാ കലയുടെ കരുത്തതിൽ പേരിലായ്,…
തന്നെ തിരിച്ചറിയും പൊതുസമൂഹത്തിനായ് –
നൻമയുടെ നിറവാർന്ന വിത്തുകൾ പാകി
സ്വാർത്ഥതയില്ലാതെ മരണത്തെ പുൽകുന്ന,
മഹിതമാം മനസ്സിൻ്റെ മനോഹരമാകുന്ന
ഹൃദയത്തിനുടമകൾ കലാകാരരറിയുക.