രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍
ഇന്നലെ വരെ ……
വെയിലത്തു
തണലായും
മഴയത്തൊരു
കുടവട്ടമായും
സ്വപ്നങ്ങളിൽ പോലും
സാന്ത്വനമായും
വാക്കുകളിൽ
സംഗീതമായും
അവളുണ്ടായിരുന്നു
ഇന്ന് …….
കാക്ക കാലിനു പോലും
തണലില്ലാത്ത
പൊരിവെയിലത്തും …….
അസ്ഥികളിൽ പോലും
മരവിപ്പുപടർത്തുന്ന
പെരുമഴയത്തും …….
ദിനം കണ്ടു
കൺമിഴിയ്ക്കുന്ന
ഭീതിദ സ്വപ്നങ്ങളിലും
നീയെന്ന തുണയില്ലാതെ
നിമിഷാർദ്ധങ്ങളെ യുഗങ്ങളാക്കി
ഞാനും എൻ്റെ
നോവുകളും മാത്രം…….
ഉറക്കച്ചടവു വിട്ട്
കൺമിഴിച്ചപ്പോൾ
അരികെ
അക്ഷരങ്ങളെ
പെറ്റിടാത്ത –
പുസ്തകതാളിൻ –
വെൺമയും
മഷി തെല്ലും ചിന്താത്ത പേനയും മാത്രം…….
സ്വപ്നലോകത്തെ
ബാലഭാസ്കരാ….. നീ വിഡ്ഢികളുടെ
പറുദീസയിലാണ്
പ്രണയം….. പങ്കുവയ്ക്കൽ
സഹനം …. തണൽ
അർജുന പത്തു
ജപിച്ചു കിടക്കണം
ഇത്തരം സ്വപ്നങ്ങൾ
മേലിൽ കാണരുത്