രചന : സിന്ദുകൃഷ്ണ ✍️
ഇനിയെങ്കിലും…
ഇനിയെൻ്റെ
വദനത്തിലൊന്ന്
സമാധാനത്തിൻ്റെ
പ്രാവുകളെ
പച്ചകുത്താമോ ?
എൻ്റെ കണ്ണിൽ
നല്ലകാലത്തിൻ്റെ
കാഴ്ച്ചകളെ മാത്രമായി
തുറന്നു വെയ്ക്കാമോ?
എനിക്കെൻ്റെ കരളിൽ
സ്നേഹത്തിൻ്റെ
തേനരുവികളെ
അനർഗ്ഗളമായി
ചുരത്തി വിടണം…
എൻ്റെ കരങ്ങളിൽ
കാരുണ്യത്തിൻ്റെ
കയ്പ്പറ്റ കടലുകൾ തീർക്കണം…
എൻ്റെ കാലടികൾക്ക്
നിർഭയമായ
സഞ്ചാര വേഗതയുമിരിക്കട്ടെ !
എനിക്കിനി
നിഴലുകൾ വേണ്ട !
അനീതിക്കെതിരെ
ഞാനൊരു
സൂര്യനാവട്ടെ!
എനിക്കാരേയും
ചുമക്കാനും വയ്യ!
ഞാനിനി
സ്വതന്ത്രമാകട്ടെ !
എനിക്കിനി
വയറൊട്ടി
വിശന്നുകരയുന്ന
കുഞ്ഞുമുഖങ്ങൾ കാണണ്ട !
ഉടുപ്പു കീറിയ
ദാരിദ്ര്യത്തിൻ്റെ
ദയനീയതയും
പീഡനങ്ങളും
കാണണ്ട !
ഭീകരതയുടെ
തേർവാഴ്ച്ചകളും
നിലതെറ്റിയ
വേഴ്ച്ചകളും
വേണ്ട !
എനിക്കിനി
സ്നേഹത്തിൻ്റെ
പൂങ്കാവനങ്ങളും
സൗഹൃദത്തിൻ്റെ
വാടാമലരുകളും
സമാധാനത്തിൻ്റെ
ലില്ലിപ്പൂക്കളും മതി!
അതെ
ചന്തമുള്ള
പുഞ്ചിരികൾ മതി !
പ്രകാശമുള്ള
കണ്ണുകൾ മതി !
സ്നേഹമൂറുന്ന
ഹൃദയം മതി!
അത്രയേ വേണ്ടൂ !
എത്ര ലളിതമായ
കാര്യങ്ങളാണ്
ഞാനാഗ്രഹിക്കുന്നത്
പറയൂ…
അത് തരാൻ
നിങ്ങൾക്കാകുമോ…?