ആമോസിനെ
അവസാനമായി കണ്ടത്
ശലഭങ്ങളുടെ
കല്ലറയ്ക്കരികിൽ വച്ചാണ്
(അതോ പൂക്കളുടെയോ?)
ആമോസ്
ഒരു വിപ്ലവമാകുന്നു
തുറന്നു പറയാനോ
തുറന്നു വയ്ക്കാനോ മടിക്കുന്നതെല്ലാം
എനിക്ക് ,
അശ്ലീലമാകുമ്പോൾ
ആമോസ്
അവയെ ആഘോഷമാക്കുന്നു
സത്യത്തിൽ ,
അയാൾക്ക് ഒന്നും
ഒളിവിൽ ചെയ്യാനാവില്ല
ആമോസ്
ഇരുളിനെ തിരഞ്ഞു നടക്കുന്നു
ഒരിക്കലും കണ്ടെത്തുന്നുമില്ല
ആമോസ്
വെളിച്ചമാകുന്നു
അപ്രിയങ്ങളുടെ ,
അശ്ലീലങ്ങളുടെ വെയിൽ
ഇരുട്ട്
അയാളിൽ നിന്നും
ഓടിയൊളിക്കുന്നു
ആമോസ്
എൻ്റെ കാമുകനല്ല
എൻ്റെ തൃഷ്ണകൾക്കുമേൽ
അയാളുടെ പേര്
ആളിപ്പടരാറില്ല
ആമോസ്
എൻ്റെ സുഹൃത്തല്ല
എൻ്റെ നിസ്സഹായതകൾ,
എൻ്റെ രഹസ്യങ്ങൾ ,
അയാൾക്കായി കാത്തിരിക്കാറില്ല
ആമോസ്
എൻ്റെ ശത്രുവാകുന്നു
ഒരു പിൻവിളി പോലും
അസഭ്യമാകുന്നത്രയും ശത്രു !
എന്നെ ജീവിപ്പിക്കുന്നത്രയും ശത്രു !
ആമോസ്
മറഞ്ഞപ്പോൾ
എൻ്റെയുള്ളിൽ നിന്നും
ഒരു യുദ്ധക്കളം ഒഴിഞ്ഞു പോയിരിക്കുന്നു
ആത്മാവിൽ
ഒരു യുദ്ധക്കളമില്ലാതെ
ആർക്കാണ് ജീവിക്കാൻ
കഴിയുക !
എതിരാളിയില്ലാത്ത മനസ്
ചങ്ങലയ്ക്കിട്ട നായയെ പോലെയാണ്
എനിക്ക് ,
ആമോസില്ലാതെ ,
അയാളുടെ ശത്രുതയില്ലാതെ വയ്യ
എന്നെത്തന്നെ തിരിഞ്ഞു കടിക്കുന്ന
എന്നിൽ നിന്നും
എനിക്ക് രക്ഷപ്പെടണം
പക്ഷെ ,
ഇനി ഞാനയാളെ
എവിടെ തിരയാനാണ് !

വൈഗ

By ivayana

Leave a Reply

Your email address will not be published. Required fields are marked *