രചന : ഉണ്ണി കെ ടി ✍
സംഭവം എന്താന്ന് ചോദിച്ചാൽ ഈ ചേരയുണ്ടല്ലോ, ചേര അതൊരു സാധു ജീവിയാണ്. നിരുപദ്രവി. പക്ഷെ ഒരു ചൊല്ലുണ്ടേയ്…ന്താ ച്ചാൽ സംഗതി ഏറെ കുത്തിയാൽ ചേരേം കടിക്കൂന്ന്…!
എന്താ ല്ലേ…?
പറ്റുന്നത്ര ഒഴിഞ്ഞുമാറി. അതിലേറെ ചിരിച്ചുതള്ളി.
ഓർക്കാപുറത്തെ അടിക്കൂ, അതും നടുംപുറത്ത്. പിന്നെ വല്യ പ്രയാസമാണ് ഒന്ന് നീർന്ന് നിക്കാൻ. അപ്പളും വിചാരിക്കും പോട്ടേ, ഞാനെങ്ങനേങ്കിലും എണീറ്റ് നടക്കും. പക്ഷേ അബദ്ധത്തിലെങ്ങാനും ഒന്നു തിരിഞ്ഞു നിന്ന് തല പൊക്ക്യാ പിന്നെ ഞാൻ മൂർഖൻ പമ്പാന്നാവും പറഞ്ഞു പരത്തുക. വെറുതെ കേറി വെഷള്ള ജാത്യാവണ്ടല്ലോ, അതോണ്ട് കുത്തു കൊള്ളാതിരിക്കാൻ ഏതെങ്കിലും മാളത്തിലങ്ങട് ഒളിക്കും…!
ആളോൾക്ക് ഒരു തമാശയാണ് ട്ടോ, സംഗതി മ്മള് പേടിച്ചിട്ട് ഒളിക്ക്യാ ന്നല്ലേ വിചാരം. ഇതിപ്പോ ശ്ശ്യായി ങ്ങനെ തൊടങ്ങീട്ട്. വംശോല്പത്തിടെ കാലം തൊട്ടുള്ള ശീലാണ്, ആരേം പേടിപ്പിക്കരുത്, ദ്രോഹിക്കരുത്, കഴിയൂങ്കി വല്ല ചെറുങ്ങനെള്ള സഹായൊക്കെയായി ജീവിക്കണം. ങ്നൊക്കെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നുകിട്ടിയ ഉപദേശനിർദ്ദേശങ്ങളാണ്. ജീവനോ മാനത്തിനോ ഭീഷണി ണ്ടാവുമ്പോ വെറുതെ ഒന്ന് തല നീർത്തി നിന്ന് ഒന്നങ്ങട് പേടിപ്പിച്ചോ, അത്രേ പാടൂന്നാണ് അമ്മ പറയാറ്.
പക്ഷെ അങ്ങനെയല്ല വേണ്ടത്, ഏറെ കുത്ത്യാൽ ഒരു കടിയൊക്കെ കൊടുക്കാം, പേടിച്ചു തൂറികളുടെ രാത്രീലെ ഒറക്കം ഗോയിന്ദാ ന്നാ യിക്കോളും ഹല്ല പിന്നെ ന്നും സഹികെട്ടാൽ ആവാം ന്നൊരു അറ്റ കൈയൂണ്ടത്രെ…!
ഒരു പാവം ചേരയായതിൽ എനിക്ക് ലജ്ജയോ, പരാതിയോ ഒന്നൂല്യ ട്ടോ, വല്ല മൂർഖൻ പാമ്പിന്റെ മുമ്പിലും കൊണ്ടോയി ചാടിക്കല്ലേ ദൈവേ ന്നൊരു പ്രാർത്ഥനയോടെ എന്തെങ്കിലും ഒരിര കിട്ടിയാൽ ഈ വല്ലാത്ത വെശപ്പിന് ഒരു പതം വരൂല്ലോ ന്നൊരു പ്രതീക്ഷയും കൊണ്ടാണ് പാടത്തും പറമ്പിലുള്ള തൊരപപ്പന്മാരെ തേടി നടക്കണത്.
അങ്ങനെ കിട്ടണ മിക്ക തൊരപ്പനേം തോളേളലാക്കാൻ നോക്കുമ്പോ ആ അപ്പാവി പണ്ടാരം വെറച്ച് തൊഴുതു പിടിക്കും. പിന്നെങ്ങാനാ അതിനെ തിന്നുക. അവിറ്റങ്ങടെ കണ്ണിലെ ദൈന്യം കണ്ടാ ആർക്കാ വെശപ്പ് കെട്ടു പോവാത്തെ….?
കൂടപ്പെറപ്പോള് കളിയാക്കും. എര പിടിക്കാനാറിയാത്ത മണ്ടക്ണാപ്പൻ ന്ന് പറഞ്ഞു നല്ല കിഴുക്കും കിട്ടും. അപ്പഴൊക്കെ തീരുമാനിക്കും, ഇനി ഒന്നിനെ കിട്ടിയാൽ എത്ര വെറച്ചാലും, തൊഴിച്ചാലും കരഞ്ഞാലും വിടില്ല. കറുമുറൂന്ന് ശാപ്പിടണത് കാണിച്ചു തരാം എന്ന് വീമ്പിളക്കും. പിന്നേം കിട്ടിയാൽ ജീവൻ പോവും ന്ന ഘട്ടത്തിലെ ആ ഭയണ്ടല്ലോ, അത് കാണാൻ വയ്യ. അങ്ങനെ വല്ല പേരക്കയോ കോവക്കയോ ഒക്കെ തിന്ന് ജീവൻ കിടക്കട്ടെ എന്നങ്ങട് സമാധാനിക്കും!
ആയിടക്കാണ് കേട്ടാൽ ഈ ലോകത്തുള്ള ജീവനുള്ളതും ജീവനില്ലാത്തതും ആയിട്ടുള്ള സർവ്വതും കളിയാക്കിച്ചിരിക്കുന്ന ഒരു ബന്ധം ബില്ഡപ്പായത്. കേൾക്കുമ്പോ സംശയായിന്ന് നിക്ക് പിടികിട്ടി. പക്ഷെ നിങ്ങക്കൊക്കെ തെറ്റി. ശരി ആ തെറ്റിദ്ധാരണ ങ്ങനെന്നെ നിക്കട്ടെ. അപ്പളല്ലേ കേക്കണോർക്ക് ഒരു ഹരം ണ്ടാവൂ…!
എര പിടിക്കാനൊന്നും പോണില്ലാച്ച് വെറുതെ ചുരുണ്ടു കൂടി കെടക്കണ അകായിലേക്ക് നേരം കേട്ട നേരത്തവള്, ഒരെലി, ഇടിച്ചുകയറി വന്നു. വല്ല്യ ചങ്ങാത്തതിനു കോപ്പുകൂട്ടി. അവൾക്കൊരു പേടീം കണ്ടില്ല…..! എന്തൊക്കെയോ ചോദിച്ചു, എന്തൊക്കെയോ പറഞ്ഞു. ഞാനാണെങ്കിൽ മാരണം എങ്ങനെങ്കിലും ഒന്നൊഴിഞ്ഞേർന്നൂങ്കിൽ നന്നായി ന്നൊരു ലൈനില് മുക്കീം മൂളീം ഓരോ മറുപടി കൊടുത്തു. മ്മ്‌ടെ താത്പര്യക്കേട് മൻസിലായിട്ടും അവൾക്കൊരു കൂട്ടല്ല്യ.
ന്റെ നാഗദൈവങ്ങളെ, മ്മളെ കൂടപ്പെറപ്പോള് ആരേലും ഇങ്ടാ കേറി വന്നൂച്ചാ ഈ സുന്ദരീടെ പട്ടപറി കഴിയൂല്ലോ ന്നൊരു ദുശ്ശങ്ക ന്നെ അസ്വസ്ഥനാക്കി. ഇനി ങ്ട് വരരുത് എന്നും പറഞ്ഞു അനുകമ്പാപൂർവ്വം ഞാനോളെ ഒരു വിധം പൊറത്താക്കി വാതിലടച്ചു.
വെറുതെ കിടന്നപ്പോ വല്ലാത്ത വെശപ്പ്. കഷ്ടം, നല്ലപോലെ ഒത്തു കിട്ടീതാർന്നു, വെറുതെ ആവശ്യല്ല്യാത്ത സെന്റിമെന്റ്സോണ്ട് ഇപ്പന്തേ ലാഭം ണ്ടായേ…? വല്ലാത്തൊരാശയക്കൊഴപ്പം. ആകെ ഒരു വെപ്രാളം.
ഇനി കൈവാക്കിന് വന്നു പെടട്ടെ, വരും. വല്ലാത്തൊരു സൃഷ്‌ട്യാണ്. ഞാൻ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. വന്നു…, പിറ്റേന്ന് അതിരാവിലെ…!
എന്താ സംബോധന ചെയ്യേണ്ടത് എന്നൊരാശയക്കുഴപ്പം. ശരി എന്റെ പേര് നിനക്കറിയാലോ, അതന്നെ വിളിച്ചോ, എനിക്കീ ഫോമാലിറ്റിസിലൊന്നും അത്ര കാര്യല്യാന്നൊരു പക്ഷമുണ്ടെയ്. അതെങ്ങനെ ന്നൊന്ന് സശയ്ച്ചൂച്ചാലും കേറി പേര് വിളിച്ചപ്പോ ഒന്ന് ചളിച്ചു. ഈ മൊതലിനെക്കാളും എന്തോരം മൂപ്പുണ്ടെനിക്ക്….?
എന്തോ ഒരു കൂടോത്രം വർക്കൗട്ടായീ ട്ടാ, ഓള് തട്ടീം മുട്ടീം രാത്രിം പകലും ന്നില്ലാതെ ങ്ങനെ വന്നുപോയപ്പോ മനസ്സോണ്ട് എന്തോ ഒരിഷ്ടം അങ്ടാ തോന്നി. അറിഞ്ഞപ്പോ മൊത്തം പ്രാരാബ്ധം. ഞാനാണെങ്കിലോ വെറും ഒരു ചേര. ദേ ഇപ്പളാ സ്വന്തായിട്ട് ഒരു മാളം ണ്ടായത്. ഒന്ന് ഒറച്ചു നിക്കാൻ, കുടിച്ചില്ലെങ്കിലും തിന്നില്ലെങ്കിലും ഈ ലോകം നോക്കി കളിയാക്കി ചിരിക്കാതിരിക്കാൻ ഒരു കവചം. കൃത്യം ആ നേരത്ത് വന്നുപെട്ട ഇവൾടെ ദുരിതം ഇമ്മിണി സങ്കടായീലോ ന്റെ ദൈവേ…!.
ആള് നല്ല മര്യാദള്ള എലി പെണ്ണന്നെ. ഒന്നും വിട്ടു പറയാത്ത പ്രകൃതം. ന്നാലോ ഒരു വാക്കിൽ ഒരുപാടൊളിച്ച് എന്നാൽ ഒത്തിരി തെളിച്ച്…, ഹോ വല്ലാത്തൊരു ജനുസ്…..!
ഇവളെന്നെ മെല്ലെമെല്ലെ ഭരിച്ചു തുടങ്ങിയോ ന്നൊരു സംശയം ഇല്ലാതെയില്ല. വന്നുകേറി മൂന്നിന്റെ അന്നൊടക്കാൻ തൊടങ്ങി അവള്. പോട്ടേ, പാവല്ലേ, പാവല്ലേ ന്നിങ്ങനെ നീണ്ടു നീണ്ട് പരിഭവം ഇപ്പൊ ഒരനാക്കോണ്ടായോളമായി….!
ഇപ്പോ ഓൾക്ക് ഇഷ്ടംപോലെ മൂഷികൻമാരുമായിട്ട് കൂട്ട്ണ്ട്. അക്കൂട്ടത്തിൽ പിരിവെട്ടിയ ഒരു പെരുച്ചാഴിക്ക് ചേരയോട് തോന്നിയ അസൂയ….!
മിണ്ടിയാൽ ഒന്നിന് രണ്ട് കലഹം. എനിക്ക് ഈ മുഖം വീർപ്പിക്കലും കലഹോം വല്ലാത്ത മാനസിക പ്രശ്നാവണ് ണ്ട്. ഒഴിഞ്ഞു പോകുന്നു എന്നു പറയും, പിന്നെ പറയും കുറെ ഹെല്പ് ചെയ്തതല്ലേ, കുട്ട്യോളേം വച്ച് വല്ല ഏലി വെഷോം തിന്ന് ചാവണ്ടതായിരുന്നു. ഈ ചേരല്യായായിരുന്നൂ ച്ചാൽ ന്നും പറഞ്ഞു സെന്റിയടിച്ചാൽ ന്റെ കരളലിയും. അഥവാ വല്ല ദേഷ്യം തോന്നിട്ടുണ്ടാർന്നൂങ്കിത്തന്നെ അതതോടെ ആവിയാവും.
ഇങ്ങനെ ഇതൊരു മൊതലെടുപ്പാണോ എന്നൊരു തോന്നാലുണ്ടെങ്കിലും മനസ്സില് അയ്യോ പാവം ന്റെ പുന്നാരെലീന്ന് ഞാനൊക്കെയങ്ട് നിസാരാക്കും.
ആരടേം ജീവനുവേണ്ടിള്ള നെലോളി കാണാൻ വയ്യാച്ചിട്ട് കരുതിവെച്ച രണ്ടു കഷ്ണം ഒണക്ക കപ്പയോ പേരക്കയോ ഒക്കെ ഓൾക്ക് പട്ടിണിയാണ് പ്രാരാബ്ധാണ് എന്നൊക്കെ പറഞ്ഞുകേട്ടാൽ മടികൂടാതെ ഇന്നാ എടുത്തോ എന്നു പറയുമ്പോ വാങ്ങീട്ട് ഈയിടെ തിരിഞ്ഞുനിന്ന് എന്തെങ്കിലും ചങ്കിൽ കൊള്ളണ വർത്താനോം പറഞ്ഞു തിരിഞ്ഞുപോകും.
ഈയിടെയായിട്ട് ഓൾടെ മൂഷികൻ പിണങ്ങാൻ കാരണം ചേരയുമായുള്ള സഹവാസമാണെന്നും പറഞ്ഞാണ് അടി.
എന്തുകൊണ്ടോ എത്ര ബഹളം കൂട്ടിയാലും ഒരയ്യോപാവം തോന്നലോണ്ട് ചേർത്തു പിടിക്കാൻ നോക്കുവാണ്.
ഇന്നാള് ചങ്കു തൊളയ്ക്കണ വർത്താനം പറഞ്ഞപ്പോ എനിക്കും നിയന്ത്രണം കിട്ടീല്ല. ഞാനൊന്ന് തല ഉയർത്തി, ഒന്നാഞ്ഞു ചീറ്റി. അര നിമിഷം കൊണ്ട് ഞാനാരായി…? മൂർഖനെക്കാൾ വിഷമുള്ള പാമ്പായി. കുലത്തോടെ പഴിവാങ്ങിക്കെട്ടി ഇപ്പൊ മാളത്തിൽ ചുരുണ്ടിരിപ്പാണ്.
ഇപ്പോഴും ഇടക്കിടെ ഈ മാളത്തിന്റെ അകത്തും പുറത്തും തലയിട്ട് മനസ്സിൽ ഓർക്കാത്ത ആരോപപണങ്ങളുമായി കലിതുള്ളുന്നുണ്ട് ഓള്.
ഏറെ കുത്തുകൊണ്ടപ്പോ അറിയാണ്ട് ഒന്നു തല പൊക്കിയതെയുള്ളൂ, അപ്പോ കടിച്ചേർന്നൂങ്കിലോ…?
ഒന്നും വേണ്ട, എലീം വേണ്ട, പുലീം ആവണ്ട. എന്റെ മാളത്തിലെ ഇരുട്ടിനും ഒരു ശാന്തതയുണ്ട്….!
