മോളൂട്ടിക്ക് മഴയെ പേടിയായിരുന്നു. മൂന്നുവയസ്സുള്ള അവളെ നോക്കാൻ അച്ഛമ്മയെ ഏൽപ്പിച്ച് അച്ഛനും അമ്മയും പണിക്കുപോയൊരു ദിവസം.
അച്ഛമ്മേടെ കഥകേൾക്കാൻ അവൾക്കു വലിയ ഇഷ്ട്ടമാണ്. അന്നും പതിവുപോലെ, അച്ഛമ്മ അവളെ മാറോടുചേർത്തുകിടത്തി, മുക്കുവൻ കുടത്തിലാക്കിയ ഭൂതത്തിന്റെ കഥപറഞ്ഞുറക്കി. ഉറക്കം മിഴികളെ കീഴടക്കിയപ്പോൾ നീലാകാശവും, നക്ഷത്രങ്ങൾക്കിടയിൽ പൊട്ടിച്ചിരിച്ച് ഓടിക്കളിക്കുന്ന ഭൂതത്തെയും, പേടിച്ചരണ്ട മുക്കുവനെയും അവൾ സ്വപ്നം കണ്ടു.

ട്ടെ, ട്ടെ.. എന്നുറക്കെ ശബ്ദംകേട്ട് അവൾ പേടിച്ചു ഞെട്ടിയുണർന്നു. തന്നെപുണർന്നുകിടന്നിരുന്ന അച്ഛമ്മയെ കാണാതെ കരഞ്ഞുകൊണ്ടവൾ പുറത്തേക്കു വന്നു. അച്ഛമ്മ എവിടെപ്പോയ്?
മുറ്റത്ത് ഇരുട്ടോടെ തുലാമഴ തകർത്തുപെയ്യുന്നു. ഇടി വെട്ടുന്നശബ്ദമാണ് തന്റെ ഉറക്കവുംസ്വപ്നവും തകർത്തതെന്ന് അവൾക്ക് മനസ്സിലായി.
ഓലയുംവൈക്കോലും മേഞ്ഞ, മൺചുവരുള്ള വീട്ടിൽ, ചോരാത്ത സ്ഥലം നോക്കി ഉറക്കെ കരഞ്ഞു കൊണ്ട് അവൾ ഓടിനടന്നു. വാവുകഴിഞ്ഞാൽ വർഷം ഇല്ലെന്നു പറഞ്ഞ് ചോരുന്നിടത്ത് തിരുകിവെച്ചിരുന്ന കവുങ്ങിൻപാളക്ക ഷണങ്ങളെല്ലാം, അച്ഛൻ എടുത്തുകളഞ്ഞത് കരച്ചിലിനിടയിൽ അവൾ ഓർത്തു. അച്ഛന്റെ മുൻവിധിതെറ്റിച്ച മഴയെ അവൾ ശപിച്ചു.ഇനി മഴയിൽ കടലാസുവഞ്ചിഒഴുക്കാൻ വരില്ലെന്ന് അവൾ മഴയോട് ദേഷ്യത്തോടെ പരിഭവിച്ചു.

ചെങ്കൽമണ്ണ്പൊടിച്ചുകലക്കി, തുണിയിൽ മുക്കിത്തേച്ചുമിനുക്കിയ മൺചുവരിൽക്കൂടി മഴവെള്ളം ഒഴുകി, ചാണകം മെഴുകിയ ഉമ്മറത്ത് ചോരപോലെ ഒഴുകി പടരുന്നത് അവൾ കണ്ടു. കഴിഞ്ഞവേനലിൽ അച്ഛൻ ദീനമായികിടന്നത്കൊണ്ട് പുര മേയാനുള്ള കാശുണ്ടായില്ലയെന്നും, ഇക്കൊല്ലം നേരത്തെ മേയണമെന്നും, അച്ഛനും അമ്മയും അച്ഛമ്മയും കൂടി എന്നോ പറഞ്ഞിരുന്നത് അവളോർത്തു.
മുറ്റത്തുകെട്ടിയ അയയിൽ തുണികൾ നനഞ്ഞുകുതിർന്നുകിടക്കുന്നു. അമ്മിണിയാടും കുട്ടിയും മഴയത്ത് അലമുറയിട്ട്കരയുന്നു. തഴപ്പായ നെയ്യാൻ കൈതോല മുള്ളുകളഞ്ഞു തെരിക പോലെ വളച്ചു കെട്ടി, മുറ്റത്ത് ഉണക്കാനിട്ടിരുന്നതും ആകെ നനഞ്ഞു കുതിർന്നിരിക്കുന്നു.

തുണികൾ എടുത്തു വെക്കാതെ ആടിനെ കൂട്ടിലാക്കാതെ ഈ അച്ഛമ്മ എവിടെപ്പോയി? മോളൂട്ടി തനിച്ചാണെന്ന് അറിയില്ലേ അച്ഛമ്മക്ക്? മഴയുടെ ഹുങ്കാരഭാവം അവളെ വല്ലാതെ ഭയപ്പെടുത്തി.
അച്ഛനിങ്ങു വരട്ടെ…അച്ഛമ്മ മോളൂട്ടിയെ തനിച്ചാക്കിപ്പോയത് അച്ഛനോട് പറഞ്ഞ് കൊടുക്കുന്നുണ്ട്. അച്ഛമ്മക്ക് വഴക്ക് കേൾപ്പിക്കും. അച്ഛൻ കൊണ്ടുവരാറുള്ള തേൻമിഠായി അച്ഛമ്മേടെ മടിയിൽ ഇരുന്നു കഴിക്കുകയും മുറുക്കാൻമണമുള്ള വായിൽ വെച്ചുകൊടുക്കാറുമുണ്ട്. ഇന്ന് അച്ഛമ്മക്ക് കൊടുക്കില്ല.. അവൾ എങ്ങികരഞ്ഞുകൊണ്ട് മനസ്സിൽ തീരുമാനമെടുത്തു.
ഉറങ്ങി എഴുന്നേൽക്കുമ്പോൾ തനിക്കു തരാൻ, അരി വറുത്തു പൊടിച്ചു ശർക്കരയും തേങ്ങയും ചേർത്തു കുഴച്ച് അരിയുണ്ട ഉണ്ടാക്കാൻ അച്ഛമ്മ അടുക്കളയിലായിരിക്കുമോ?

ഓലവാതിൽകൊണ്ട്മറച്ച അടുക്കളയിൽ ആകെ ഇരുട്ടാണ്. അങ്ങോട്ട് പോകാൻ മോളൂട്ടിക്ക് പേടിയായി.അച്ഛമ്മ അവിടെ ഉണ്ടാകുമോ?.. എന്നിട്ടെന്തേ മിണ്ടാത്തത്? തന്റെ കരച്ചിൽ കേൾക്കുന്നില്ലേ?..
അവൾ തേങ്ങിക്കരഞ്ഞു കൊണ്ട് അടുക്കള ഭാഗത്തേക്ക്‌ നോക്കി. അവിടെ, മൺചുമരിടിഞ്ഞുവീണ് ഒരു മൺകൂന ഉയർന്നിരിക്കുന്നു. അച്ഛമ്മ ഉടുക്കാറുള്ള വൃത്തിയായി അലക്കി നീലംമുക്കിയ മൽമൽമുണ്ടിന്റെ നിറം ആ മൺകൂനക്കടിയിൽ അവൾ കണ്ടു.. അവൾക്കിഷ്ടമുള്ള മുറുക്കാൻമണം അവിടെ പരന്നിരുന്നു.. അവളുടെ അച്ഛമ്മയുടെ ഗന്ധം. മോളൂട്ടി ആ മണ്ണിലേക്ക്നോക്കിചിണുങ്ങിക്കരഞ്ഞു… അവളോടൊപ്പം മഴയും..

ബിന്ദു വിജയൻ കടവല്ലൂർ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *