രചന : ലാലിമ ✍️
സ്വർഗ്ഗത്തിൽ രാവിലെ തന്നെ ഓഫീസ് ജോലിയുടെ തിരക്കിൽ മുഴുകി ഇരിക്കുകയായിരുന്നു ചിത്രഗുപ്തൻ. അപ്പോഴാണ് ഒരപേക്ഷയുമായി അന്തേവാസി
വാമദേവൻ കടന്നുവന്നത്. ഏകദേശം എൺപത് വയസ്സോളം പ്രായം വരും.സ്വഭാവ സർട്ടിഫിക്കറ്റിൽ ക്ലീൻ ഇമേജുള്ള ആളായതുകൊണ്ട് അയാൾക്ക് ഓഫീസിൽ നേരിട്ട് കടന്നു ചെല്ലാനുള്ള അനുമതിയു ണ്ടായിരുന്നു.
വാമദേവനെ കണ്ട്, എഴുത്തു നിർത്തി ഫയൽ മടക്കി വെച്ചിട്ട് ചിത്രഗുപ്തൻ ചോദിച്ചു.
” എന്താ വാമാ .. പതിവില്ലാതെ രാവിലെ? “
” അത് സാർ.. എന്ന് പറഞ്ഞു നിർത്തിയിട്ട് മടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ചിത്രഗുപ്തൻ പറഞ്ഞു..
“ഉം.. പറഞ്ഞോളൂ.. ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്. ഭൂമീന്ന് കുറച്ചധികംപേർ ഇന്നും നാളെയുമായി വരുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിരിക്കുകയാണ്.. അവരുടെയെല്ലാം പ്രവർത്തികളുടെ ഫയൽ തയ്യാറാക്കണം..
നീ മടിക്കാതെ കാര്യം പറയ് വാമാ..”
അല്പം ധൈര്യമൊക്കെ സംഭരിച്ച് വാമൻ തുടർന്നു.
” അത് സാർ.. ഭൂമിയിൽ ഒരു പരിപാടിയുണ്ട്. നാളെ വൈകിട്ട് നാട്ടിൽ, എന്റെ കുടുംബവീട്ടിൽ വച്ച് നാട്ടുകാരും വീട്ടുകാരുമൊക്കെ ചേർന്ന് എന്റെ മോള് അമ്മിണിക്കുട്ടിക്ക് ഒരാദരവ് കൊടുക്കുന്നു. ഇന്നലെ വൈകിട്ട് വന്ന രമണനാണ് ഇക്കാര്യം പറഞ്ഞത്.
ആ ലോറി ഇടിച്ചു തട്ടിപ്പോയ… ഇന്നലെ വന്നില്ലേ? അവൻ എന്റെ നാട്ടുകാരനാ.. “
” അതിനിപ്പോ.. “? ഞാനെന്താ.. ” ഒന്നാലോചിച്ചുകൊണ്ട് ചിത്രഗുപ്തൻ ചോദിച്ചു.
” എനിക്ക് ആ ചടങ്ങൊന്ന് കാണാൻ വലിയ ആശയുണ്ട് സാർ. ആകാശച്ചെരുവിലെ വ്യൂ പോയിന്റിൽ പോയി അതൊന്നു കാണാനുള്ള അനുമതി തരണം. “
അല്പം ആലോചിച്ച ശേഷം ചിത്രഗുപ്തൻ പറഞ്ഞു.
” അയ്യോ.. എനിക്കതിനുള്ള അധികാരമില്ല. സാറിന് മാത്രമേ ( കാലൻ ) അതിനുള്ള
പവറുള്ളൂ. അദ്ദേഹമാണെങ്കിൽ ഭൂമിയിൽ പോവുകയും ചെയ്തു. കുറേപേർ ഇന്ന് വരുന്നതുകൊണ്ട് എല്ലാം മാനേജ് ചെയ്യാൻ നേരിട്ട് പോകണം ന്ന് പറഞ്ഞു പോയതാ.”
” അങ്ങനെ പറയരുത് സാർ. ഞാനിന്നുവരെ വ്യൂ പോയിന്റ് കാണാനുള്ള അനുമതി ചോദിച്ചിട്ടില്ലല്ലോ? “
” ഇല്ലാ.. എന്നാലും…
ഞാൻ ഒന്നാലോചിക്കട്ടെ. നിയമത്തില് എന്തേലും പഴുതുണ്ടോന്ന് നോക്കട്ടെ. “
വാമന് സന്തോഷമായി. അയാൾ ചിത്രഗുപ്തന്റെ കാലിൽ വീണു വണങ്ങി .
” ആ..നീ ഉച്ചയാകുമ്പോൾ ഒന്നിങ്ങോട്ട് വാ. അപ്പൊ വിസ അടിച്ചു തരാം.
( ആകാശത്തിലെ വ്യൂ പോയിന്റിലിരുന്നു ഭൂമിയിലെ കാഴ്ച നേരിട്ട് കാണാൻ സ്വർഗ്ഗത്തിലെ അന്തേവാസികൾക്ക് വളരെ അപൂർവമായി അവസരം കൊടുക്കാറുണ്ട്. പക്ഷേ ആകാശച്ചെരുവിലേക്ക് പ്രവേശിക്കാൻ പ്രത്യേക വിസ വേണം. അത് സ്വർഗ്ഗത്തിൽ നിന്നാണ് ഇഷ്യൂ ചെയ്യുന്നത്. വിസക്ക് കാലന്റെ ഒപ്പും വേണം. പ്രത്യേക സാഹചര്യങ്ങളിൽ ചിത്ര ഗുപ്തനും അതിനുള്ള അധികാരമുണ്ട്.)
” ആ.. ആട്ടെ.. നിന്റെ മോൾക്ക് എന്തിനാണ് ആദരവ് കൊടുക്കുന്നത്? എന്താ അവളുടെ പേര്? “
” അവളുടെ പേര് അമ്മിണിക്കുട്ടി. ഏതാണ്ടൊക്കെ കുത്തിക്കുറിക്കും പോലും.. കഥേന്നും . കവിതേന്നും ഒക്കെ പറഞ്ഞ്. നമ്മുടെ നാട്ടിൽ അധികം ആളോൾക്ക് എഴുത്തൊന്നും ഇല്ലാത്തോണ്ട്,നാട്ടുകാരും വീട്ടുകാരും ഇവൾ എന്തോ വലിയ സംഭവാന്ന് വിചാച്ചിരിക്കാത്രേ.. ” ഇത് കേട്ട് ചിത്രഗുപ്തൻ ചെറുതായി ചിരിച്ചു. വാമൻ തുടർന്നു.
“നോട്ടീസിൽ മോളുടെ പടമൊക്കെ വെച്ചിട്ടുണ്ടെന്ന് ഇന്നലെ രമണൻ വന്നു പറഞ്ഞപ്പോൾ മുതൽ ഒരാശ. അവളെ ഒന്ന് കാണണമെന്ന്. എഴുത്തുകാരി അമ്മിണിക്കുട്ടിന്നും എഴുതീണ്ടത്രേ..”
വാമന്റെ മുഖത്തെ സന്തോഷം കണ്ട് ചിത്രഗുപ്തൻ വിസ കൊടുക്കാൻ തന്നെ തീരുമാനിച്ചു. മാത്രമല്ല വന്നിട്ട് പത്തമ്പത്തിമൂന്ന് വർഷമായെങ്കിലും അന്നുമുതൽ ഇന്നുവരെ അത്രയും മാന്യമായ പെരുമാറ്റമായിരുന്നല്ലോ അയാളുടേത്.
” ആ ശരി ശരി.. ഇപ്പോ തന്നെ വിസ തന്നേക്കാം. “
” ഇത് കേട്ട് സന്തോഷത്തോടെയാണെങ്കിലും തല ചൊറിഞ്ഞു കൊണ്ട് വാമൻ പറഞ്ഞു. “
” സാറേ സാവിത്രിക്ക് കൂടി ഒരു വിസ തരണം. രണ്ടാൾക്കും കൂടി ഒരുമിച്ച് മോളെയൊന്ന് കാണാം ന്ന് വെച്ചിട്ടാ. “
( സ്ത്രീകളുടെ താമസം വേറെ സ്ഥലത്താണ്. എന്നാലും നിയമങ്ങൾ എല്ലാവർക്കും ഒന്ന് തന്നെ )
” അത്.. ” അല്പം നിർത്തിയിട്ട് ചിത്രഗുപ്തൻ പറഞ്ഞു.
” അതൊരു പ്രശ്നമാണ് വാമാ..സാവിത്രിയുടെ ഇവിടത്തെയും ഭൂമിയിലെയും പ്രവർത്തികളുടെ ഫയലൊന്ന് പരിശോധിച്ചാലേ സാങ്ഷൻ ചെയ്യാൻ പറ്റൂ. മാത്രമല്ല സ്ത്രീകൾക്കുള്ള വിസയിൽ സാറ് ( കാലൻ ) തന്നെ സൈൻ ചെയ്യുകയും വേണം. എന്തായാലും ഞാൻ സാറിനോടൊന്ന് ബന്ധപ്പെടട്ടെ.”
“അയ്യോ അവൾ വളരെ നല്ലോളാ സാറേ ” എന്ന് പറഞ്ഞ്
വിഷമത്തോടെ നിൽക്കുന്ന വാമനെ കണ്ടപ്പോൾ ചിത്രന്റെ മനസ്സലിഞ്ഞു. അദ്ദേഹം ഫോണെടുത്ത് ഉടൻതന്നെ കാലനെ വിളിച്ചു. ( സ്വർഗ്ഗത്തിലും ഇപ്പോൾ കണക്ഷൻ കൊടുത്തിട്ടുണ്ടത്രേ.. മൊബൈൽ അല്ലെങ്കിൽ കൂടിയും..)
” എന്താ ചിത്രാ രാവിലെ തന്നെ.. എന്തേലും പ്രശ്നം? “
” സാർ ഞാൻ ഒരു കാര്യം ചോദിക്കാനായിരുന്നു വിളിച്ചത്. നമ്മുടെ നല്ല നടപ്പ് വാമന് വ്യൂ പോയിന്റിൽ പോയി മോളെ ഭൂമിയിൽ ആദരിക്കുന്ന ചടങ്ങൊന്ന് കാണണം ന്ന്. സാവിത്രിയെ കൂടി കൊണ്ടു പോണം ത്രേ. സ്ത്രീകളുടേതാകുമ്പോൾ വിസയ്ക്ക് സാർ ഒപ്പിടണോല്ലോ? “
” ഏത് സാവിത്രി.?സത്യവാന്റെ ഭാര്യയാണോ? “
” ഏയ് അല്ലല്ല. വാമന്റെ ഭാര്യയുടെ പേരും സാവിത്രിന്നാണ് “
” ആണോ.. ഞാൻ പെട്ടെന്ന് എന്തോ തെറ്റിദ്ധരിച്ചു. കാലം മോശല്ലേ..?സ്വർഗ്ഗം ആയാലും എന്തൊക്കെയാ നടക്കുന്നതെന്ന് അറിയാൻ പറ്റില്ലല്ലോ? സാവിത്രി നല്ല സുന്ദരിയും അല്ലേ?
ഇതും പറഞ്ഞ് കാലൻ ഉറക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
” ആ സാരല്യാ.. വാമനൊരു നല്ല ആളാണല്ലോ. ഭാര്യക്കുള്ള വിസ കൂടി നീ തന്നെ ഒപ്പിട്ടു കൊടുത്തോളൂ.. ഞാനെന്തായാലുംവരാൻ വൈകും. ഇവിടെ ആക്സിഡന്റ് ഇന്ന് വൈകിട്ടാ വും ണ്ടാവുക.. പിന്നെ ആശുപത്രി പരിപാടിയെല്ലാം കഴിഞ്ഞ് നാളെ വൈകുന്നേരമാവും മരിച്ചവരെയെല്ലാം കൂട്ടി മടങ്ങാൻ. വേണ്ടപോലെ അവിടുത്തെ കാര്യങ്ങൾ ശ്രദ്ധിച്ചോണം “. കാലൻ ഫോൺ വെച്ചു.
വാമന്റെയും സാവിത്രിയുടെയും വിസ ചിത്രഗുപ്തൻ നേരിട്ട് വാമന്റെ കയ്യിൽ കൊടുത്തപ്പോൾ അയാളുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു.
പിറ്റേന്ന് വൈകിട്ട് ഭാര്യയോടൊപ്പം ആകാശച്ചെരുവിലെ വ്യൂ പോയിന്റിൽ പോയിരുന്നു മോളെ ആദരി ക്കുന്ന ചടങ്ങ് കാണാമെന്ന സ്വപ്നവും കണ്ടിരുന്നു വാമദേവൻ ഉറങ്ങിപ്പോയി.
ലാലിമ