രചന : റുക്സാന ഷെമീർ ✍
ഒരു നാളെന്നിലും മരണത്തിൻ
അതിരൂക്ഷ ഗന്ധം പടർന്നു കയറും …. !!
ആ ഗന്ധം സഹിയ്ക്കാനാവാതെ
ആത്മാവ് കൂടു വിട്ടു പറക്കുവാൻ
തിടുക്കം കൂട്ടും… !!
അസ്ഥിയിലും മജ്ജയിലും മാംസത്തിലും
ഇഴ ചേർന്നു കെട്ടു പിണഞ്ഞു കിടന്ന
എന്റെ ജീവന്റെ തുടിപ്പുകളെ നിശ്ചലമാക്കിക്കൊണ്ട് …. !!
ഓരോ മുടിനാരുപോലും നോവു സഹിയ്ക്കാനാവാതെ നിലവിളിയ്ക്കുമ്പോഴും ആ നിലവിളിയ്ക്കായ് കാതോർക്കാതെ ….. ചിരിയ്ക്കാനും കരയാനും സ്വപ്നങ്ങൾ കാണാനുമെന്നെ പഠിപ്പിച്ച എന്റെ ആത്മാവ് …
ദേഹം വെടിഞ്ഞ് പറന്നകന്നു പോകും ….!!
ചെറു ചലനത്തിൽ പോലും ഉണരാറുള്ള ഞാൻ അന്ന് ഗാഢനിദ്രയിൽ മയങ്ങിയുറങ്ങും ……!!
ഒരുപേമാരിയ്ക്കുമുണർത്താനാവാത്ത ഉറക്കം ……!!
എന്റെ മരണ വാർത്ത പലരും സന്ദേശമയക്കുന്നത് എനിക്കു കേൾക്കാം …!!
അന്നെന്നെ കാണാൻ കുറച്ചുപേരെങ്കിലും വരാതിരിയ്ക്കില്ല ……..
അതിൽ പറയാതെയിഷ്ടം മനസിൽ സൂക്ഷിച്ചവരുണ്ടാവാം …..
അളവിൽ കവിഞ്ഞ ഇഷ്ടം ഞാൻ ഹൃദയത്തോട് ചേർത്തു വെച്ചിരുന്നുവെന്ന സത്യം തുറന്നു പറയാനാവാതെ ……
എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങുന്നുണ്ടാവും ….!!
പറയാൻ ബാക്കി വെച്ചതെല്ലാം തുറന്നു പറയാനാവാതെ യാത്രയാവുകയാണല്ലോ എന്ന ചിന്ത എന്റെ ചങ്കുപിളർക്കുന്നുണ്ടാവാം …!!
പിന്നെ എന്നോടുള്ളയിഷ്ടം ഹൃദയത്തോട് ചേർത്തു വെച്ചവർ നോവു തുളുമ്പി നിശബ്ദം നിൽക്കുമായിരിയ്ക്കാം … !!
പിന്നെ നോവിൻ മുള്ളുകളാൽ പലപ്പോഴും നോവിച്ചവർ … അവരുടെ ഹൃദയം ഒന്നു പിടയുമോ …? അറിയില്ല …അതോ തൃപ്തിപ്പെടുമോ …? അതുമറിയില്ല….
ഒരു കാരണവുമില്ലാതെ എന്നെ അകറ്റി നിർത്തിയവർ അകലെ നിന്ന് എന്റെ വേരറ്റമൗനം വീക്ഷിയ്ക്കുന്നുണ്ടാവും …!!
അപ്പോൾ എന്റെ അധരങ്ങൾ നിശ്ചലമായ് മരവിച്ചു ദീനമായ് … പൂണ്ടു കിടക്കും…!!
വെള്ളയുടുപ്പിട്ട് ഒരു മാലാഖയെ
പോലെ അവസാനമായെന്നെ അണിയിച്ചൊരുക്കും ….!!
അന്നു ഞാൻ സുന്ദരിയായിരിയ്ക്കുമോ … ?
കുളിച്ചു കണ്ണെഴുതി വരാറുള്ള ഞാൻ കണ്ണെഴുതാതെ എങ്ങനെ സുന്ദരിയാവും …!
രക്തം സഞ്ചാരം നിർത്തിയ കൈകൾ ഇനി പൊങ്ങുകയില്ലല്ലോ ….!!
എന്നെ ആരെങ്കിലുമൊന്ന് കണ്ണെഴുതിച്ചെങ്കിൽ ……
ഇത്തിരി സ്നേഹം മാത്രം മനസിൽ
സൂക്ഷിച്ച ആരെങ്കിലും ….!!
. യാത്രകളിൽ ആഹ്ലാദിയ്ക്കാറുള്ള സുന്ദരിയായി ഇറങ്ങാറുള്ള ഞാൻ അവസാനമായിറങ്ങുമ്പോഴും സുന്ദരിയായിട്ടു വേണം ഇറങ്ങാൻ ……!!
എന്റെ കുഞ്ഞുങ്ങൾ വാവിട്ടു കരയുന്നില്ലേ …?
അതു കേൾക്കുമ്പോൾ പടിയിറങ്ങാനാവാതെ എന്റെ മനസ് ഏങ്ങലടിച്ച് തേങ്ങുന്നുണ്ടാവും ……!!
അതിനാൽ അവരെ ആരും കരയിയ്ക്കരുത് … ദൂരേക്ക് കൊണ്ടുപോകണം ….എന്റെ ഗന്ധം പരക്കാത്ത ഒരിടത്തേക്ക് ….!!
എന്റെ ഓർമ്മകൾ പരക്കാത്ത ഒരിടത്തേക്ക് ……!!
ഞാൻ ചേർന്നലിയുന്നത് ഞാനേറെ സ്നേഹിച്ച പ്രകൃതിയുടെ മടിത്തട്ടിലേക്ക് … മണ്ണിൻ മാറിലേക്കല്ലേ …….!!
ഒരായിരം വാക്കുകളാൽ വർണ്ണങ്ങൾ തീർത്ത പ്രപഞ്ചത്തിൻ ഹൃദയത്തിലേക്കല്ലേ ….!!
ആ മണ്ണിൻ സുഗന്ധമെന്നിൽ പടരട്ടെ ……..
ഞാൻ പ്രണയിച്ച മണ്ണിൻ വിരിമാറിൽ ചേർന്നു മയങ്ങുമ്പോൾ ….
. മണ്ണിനെ സ്നേഹിച്ച മണ്ണിൻ മകളെ മണ്ണിനു തിരിച്ചു കിട്ടിയ ആനന്ദത്താൽ മേഘങ്ങൾ മഴ വർഷിയ്ക്കും ……!!
ആ പെയ്ത്തു വെള്ളത്തിൻ ധാരയെൻ്റെ ഉടലിൽ പുളകമണിയിയ്ക്കും….!!
ഇന്നോളം കുട്ടിത്തം വിട്ടുമാറാത്ത
എൻ്റെ ഓർമ്മകൾ ബാല്യം തിരയും…!!
ആ പെയ്ത്തു വെള്ളം മണ്ണിലടിഞ്ഞെന്റെമേനി കുതിരുമ്പോൾ … മണ്ണെന്നെ മാറോടു ചേർത്തണക്കുന്നുണ്ടാവും …. !!
എന്റെ പിറക്കാത്ത കവിതകളുടെ ഗന്ധം ആ മണ്ണിൽ സുഗന്ധം പരത്തി ചേർന്നലിയുന്നുണ്ടാവും …!!
വീണ്ടുമൊരു പുനർജ്ജന്മമെടുത്ത് ഒരു ശലഭമായ് ഞാനേറെ സ്നേഹിച്ചവർക്കു ചുറ്റും പാറിപ്പറക്കും ……!!
നിലയ്ക്കാത്ത പെരുമഴ നനഞ്ഞെന്റെ മീസാനിലെ മൈലാഞ്ചിച്ചെടികൾ തലയാട്ടി നൃത്തം വെയ്ക്കുന്നുണ്ടാവും ….!!