രചന : പ്രിയബിജു ശിവകൃപ ✍
ഇന്നത്തെ ദിവസം എനിക്കുള്ളതാണ്… എന്റെ മാത്രം…
കാരണം ഏറെ നാളിനു ശേഷം ഞാൻ ഇന്നാണ് കണ്ണാടി നോക്കിയത്…
അവസാനമായി ഞാൻ കണ്ണാടിയിൽ കണ്ട എന്റെ രൂപത്തിൽ നിന്നും ഇന്ന് കണ്ട എന്നിലെ രൂപമാറ്റത്തെ ഏറെ സന്തോഷത്തോടെ ഞാൻ കണ്ടു നിന്നു.
മുടിയിൽ ചൂടുവാനുള്ള മുല്ലപ്പൂവുമായി അപ്പു ഇപ്പോൾ വരും…
ഇന്നാണ് തന്റെ സ്വപ്നം നിറവേറുന്ന ദിവസം…
തന്റെ അക്ഷരങ്ങൾ വെളിച്ചം കാണുന്ന ദിവസം..
തന്നെ എഴുതിത്തള്ളിയ സമൂഹത്തിനും ബന്ധുക്കൾക്കും മുൻപിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ദിവസം..
താൻ പഠിച്ച കോളജിൽ വച്ചു തന്നെ പുസ്തകം പ്രകാശനം ചെയ്യണമെന്ന് തന്റെ കടുത്ത ആഗ്രഹം ആയിരുന്നു..
പ്രകാശൻ സാർ അതെല്ലാം ഏറ്റു.
എല്ലാ സഹായങ്ങളും ചെയ്തു തന്നു…
അതിജീവനത്തിന്റെ നാളുകളിൽ വിറയാർന്ന കൈകളാൽ കുത്തിക്കുറിച്ച അനുഭവക്കുറിപ്പുകൾ. മറ്റുള്ളവർക്ക് അത് പ്രയോജനമാകുമെങ്കിൽ അതിൽപ്പരം ഒരു സന്തോഷം എന്താണെന്ന് ചോദിച്ചത്… നന്ദുവേട്ടനാണ്..
പുകയരുത് ജ്വലിക്കണം എന്ന് ഓരോ നിമിഷവും ഉരുവിട്ട് തരുന്ന നന്ദു മഹാദേവ…
ആ ജീവിതം മാത്രം അടുത്തറിഞ്ഞാൽ മതി എല്ലാർക്കും ഈ കടുത്ത പരീക്ഷണങ്ങൾ കടന്നുപോകുവാൻ…
തനിക്ക് കാൻസർ ആണെന്നറിഞ്ഞ നിമിഷം മുതൽ തന്റെ നേരെ മുഖം തിരിച്ചവർക്ക് അതിശയമായിരുന്നു തന്റെ ഉയർത്തെഴുനേൽപ്പ്..
നന്ദുവേട്ടനെ പരിചയപ്പെടുന്നത് വരെ താനും തളർച്ചയിലായിരുന്നു… അന്നും താങ്ങായി അമ്മ കൂടെ നിന്നു. അല്ലെങ്കിലും അമ്മമാർക്ക് മക്കളെ ഉപേക്ഷിക്കാൻ കഴിയില്ല.. നന്ദുവേട്ടന്റെ അമ്മ ലേഖമ്മയും അദ്ദേഹത്തെ പോലെയായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട് ആ അമ്മ ഒരു മാലാഖ ആണെന്ന്…
കൺകോണിൽ ഒരു കണ്ണുനീർ തുള്ളി കാണില്ല.. മനസ്സ് എരിയുകയാണെങ്കിലും പകരം മറ്റുള്ളവരുടെ വേദനകൾ ഏറ്റുവാങ്ങി അവരെ ചേർത്തു പിടിച്ചു ആ അമ്മ സധൈര്യം മുന്നോട്ട് നീങ്ങി…
തന്റെ മകൻ അനുനിമിഷം ഒരു യാത്രയ്ക്കായ് തയ്യാറെടുക്കുകയാണെന്നറിഞ്ഞിട്ടും ആ മകനോടൊപ്പം കളിച്ചു ചിരിച്ചു ഒരു അത്ഭുതമായി മാറുകയായിരുന്നു ആ അമ്മ
ഒടുവിൽ വിഷ്ണു പാദം പൂകിയ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഓരോ നിമിഷത്തിലും അവന്റെ ഓർമ്മകളുമായി, മറ്റുള്ളവരെ സ്നേഹിച്ചും ചേർത്തുപിടിച്ചും ലേഖമ്മ ഇപ്പോഴും മുന്നോട്ട് പോകുന്നു. മറ്റുള്ളവർക്ക് പ്രചോദനമായി
ഏഴെട്ടു മാസങ്ങൾക്കു മുൻപ്….
ഗൗരിയുടെ മുറിയിൽ നിന്നും എന്തോ വലിയ ഒരൊച്ച കേട്ടുകൊണ്ടാണ് ഗായത്രി അടുക്കളയിൽ നിന്നും ഓടി വന്നത്
അവളുടെ മുറിയിൽ എത്തിയ ഗായത്രി ഞെട്ടലോടെ കണ്ടു. അലമാരയുടെ ചില്ലുകണ്ണാടി പൊട്ടിത്തകർന്നിരിക്കുന്നു… അതിനു താഴെ മുഖം നോക്കുന്ന ചെറിയ കണ്ണാടിയും ഉടഞ്ഞു കിടപ്പുണ്ട്..
ഗൗരിയുടെ മുഖം ക്ഷോഭത്താൽ വലിഞ്ഞു മുറുകിയിട്ടുണ്ട്… കണ്ണുകൾ ചുവന്നു കലങ്ങി കണ്ണുനീർ ഒഴുകിയിറങ്ങിയിരിക്കുന്നു…
” എന്താ മോളേയിത്? “
” വേണ്ട.. ഈ നാശം പിടിച്ച കണ്ണാടി ഇനിയിവിടെ വേണ്ട.. എനിക്കെന്നെ കാണണ്ട “
അവൾ അലറിക്കരഞ്ഞു.
ഗായത്രിയുടെ നെഞ്ചുപൊട്ടി…
എങ്ങനെയിരുന്ന തന്റെ പൊന്നുമോളാണ്.. തങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു അവൾ. ഇപ്പോൾ ആർക്കും വേണ്ടാത്ത ഒരു പാഴ്ജന്മത്തെ പോലെ…
അല്ല അവളെ തനിക്ക് വേണം… പഴയത് പോലെ ഓടിച്ചാടി നടക്കണം എന്റെ കുഞ്ഞ്
കിടക്കയിൽ മുഖം പൊത്തിക്കരഞ്ഞുകൊണ്ടിരിക്കുന്ന ഗൗരിയെ അവർ ചേർത്തണച്ചു.
” അമ്മേടെ പൊന്നെന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ. ന്റെ പൊന്നിന് അമ്മയുണ്ടല്ലോ കൂടെ… എല്ലാം ശരിയാവും.. ശരിയാക്കിയെടുക്കും. മഹാദേവൻ നമ്മെ കൈവിടില്ലെടാ.. “
അവൾ കണ്ണീരണിഞ്ഞ മുഖത്തോടെ അമ്മയെ നോക്കി.. അവിടെ പുഞ്ചിരി… സ്നേഹം വാരിക്കോരി തരുന്ന ഈ അമ്മയുള്ളപ്പോൾ താനെന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ…
” എന്റെ പൊന്നുമോൾ ഇനിയെന്തിനാ പേടിക്കുന്നെ.. ആ സമയമൊക്കെ കഴിഞ്ഞില്ലേ… ഇനിയിപ്പോ ഈ നീരൊക്കെ മാറി അമ്മേടെ പൊന്നുമോൾ സുന്ദരിയാവുമല്ലോ. ഡോക്ടർ ഉറപ്പ് പറഞ്ഞില്ലേ ഇനി പേടിക്കാനൊന്നുമില്ലായെന്ന്.. അസുഖമെല്ലാം മാറി എന്റെ മോളു മിടുമിടുക്കിയാകുമെടാ
അവൾ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു
തൊണ്ടയിൽ കാൻസർ പിടികൂടിയത് വളരെ വൈകിയാണറിഞ്ഞത്
കഴിഞ്ഞ കുറെ മാസങ്ങളായി താൻ അനുഭവിച്ചു വന്ന നരക യാതനകളും വേദനകളും തരണം ചെയ്യാൻ ഒപ്പം ചേർത്തുപിടിച്ചു അമ്മയുണ്ടായിരുന്നു…
സ്വർഗ്ഗവും നരകവുമെല്ലാമീ ഭൂമിയിൽ തന്നെ
അവൾ തലയിലൂടെ വിരലുകളോടിച്ചു. കൊഴിഞ്ഞുപോയ മുടിയിഴകളുടെ ബാക്കി അങ്ങിങ്ങായി ഉണ്ടായിരുന്നു.. തലയോട്ടി ഇളകിപോന്ന വേദന… ബാക്കി നിന്ന മുടികൾ ഉണ്ടാക്കുന്ന അസ്വസ്ഥത കാരണം ബാക്കി കൂടി മൊട്ടയടിച്ചു…
എല്ലാ കീമോയും പൂർത്തീകരിച്ചു കഴിഞ്ഞപ്പോൾ ശരീരം മുഴുവൻ നീര് ബാധിച്ചു.. മുഖം പോലും തിരിച്ചറിയാനാവുന്നില്ല. പഴയ ഗൗരി ഇനിയുണ്ടാവില്ല… ഒരു പൂമ്പാറ്റയെ പ്പോലെ പാറിനടന്ന ആ ഗൗരി… ചുറ്റിനും ഉണ്ടായിരുന്ന സൗന്ദര്യാരാധകർ ഇന്നെവിടെ? ആരുമില്ല. അമ്മ മാത്രം…
അവസാനത്തെ കീമോയും കഴിഞ്ഞുള്ള ആ ദിവസങ്ങളിലേക്ക് മനസ്സൊന്നു നീങ്ങി ഗൗരിയുടെ
” അമ്മേടെ പൊന്നുമോളല്ലേടാ എങ്ങനെയെങ്കിലും ഈ ജ്യുസ് ഒന്ന് കഴിക്ക് “
” എനിക്ക് വേണ്ട അമ്മേ.. എനിക്ക് വയ്യ.. ഞാൻ ഇപ്പോൾ ചത്തുപോകും… അല്ലെങ്കിൽ എന്നെ കൊന്നു കളയ് “
അത്രയും വാക്കുകൾ പറയാൻ പോലും നിമിഷങ്ങളെടുത്തു. ഒന്ന് മൂളാൻ പോലും വയ്യാത്ത വിധം വേദന അരിച്ചുകയറുന്നു.
” എന്റെ പൊന്നെ നീ ഇങ്ങനെ ഒന്നും പറയരുതെടാ. അമ്മയ്ക്ക് സഹിക്കാൻ കഴിയില്ല… നീ മിടുക്കിയാകും.. അമ്മേടെ പഴയ ഗൗരിക്കുട്ടിയാകും.
” ഇല്ലാ.. “
അവൾ അലറി വിളിക്കുന്നുണ്ട്. ഒച്ച വരില്ല… പകരം വായിലൂടെ ചോരയാണ് പുറത്തേക്ക് വന്നത്…
അടിമുടി പുകയുന്നുണ്ട്… തൊണ്ട മുതൽ വയറിനുള്ളിൽ വരെ എരിയുന്നു..വായിലും നാക്കിലും എന്തിനു പറയുന്നു ടോയ്‌ലെറ്റിൽ പോകാൻ കഴിയാത്ത വിധം മലദ്വാരം വരെ തൊലി പൊളിഞ്ഞിട്ടുണ്ട്…
വായിൽ നിറയെ വ്രണങ്ങളാണ്. അത് പൊട്ടി അതിന്റെ നീറ്റൽ വേറെ… തുള്ളി വെള്ളം പോലും കുടിക്കാനും ഇറക്കാനുമാകാത്ത അവസ്ഥ..
കൈവിരൽ തുമ്പു പോലും വിറയ്ക്കുന്നുണ്ട്.. അടിവയറ്റിൽ മുള്ളുകൾ തറഞ്ഞിറങ്ങും പോലെ…
അനുനിമിഷം തൊണ്ട വരണ്ടുകൊണ്ടിരിക്കുന്നു. എന്നാലോ തുള്ളി വെള്ളം കുടിക്കാൻ പറ്റുന്നില്ല…
അവൾ ഛർദ്ധിക്കാൻ തുടങ്ങുകയാണെന്ന് തോന്നിയപ്പോൾ ഗായത്രി അവളെ ചേർത്തുപിടിച്ചു അതിനുള്ള പാത്രം വായുടെ നേരെ പിടിച്ചുകൊടുത്തു… കുടൽമാല പുറത്തേക്ക് വരുമ്പോലെ തോന്നുന്ന അളവിൽ അവൾ ഓക്കാനിച്ചു കൊണ്ടിരുന്നു…
ഒടുവിൽ തളർന്നു ബാലൻസ് ഇല്ലാതെ അമ്മയുടെ ദേഹത്തേക്ക് കുഴഞ്ഞു വീണു…
ഗായത്രിയുടെ അമ്മ മനസ്സ് തേങ്ങുന്നുണ്ടായിരുന്നു. പക്ഷെ അവൾ അത് പുറത്തു കാട്ടിയില്ല,. താൻ തളർന്നാൽ തന്റെ പൊന്നുമോള് ആകെ തകർന്നു പോകും. പാടില്ല… അവളെ തിരിച്ചു കൊണ്ടുവരണം.. പഴയതു പോലെ മിടുക്കിയായി…
ആ സമയത്താണ് നന്ദുവുമായി പരിചയപ്പെടുന്നത്. അതൊരു നിമിത്തമായി… തളർന്നുപോയ തന്റെ മകൾക്ക് ധൈര്യം കൊടുത്ത് ഒരു അനിയത്തിയെ കുട്ടിയെപ്പോലെ കരുതി അവളുടെ മനസ്സ് നേരെയാക്കിയെടുത്തു നന്ദുമോൻ… മെല്ലെ മെല്ലെ അവൾ സുഖം പ്രാപിച്ചു വന്നു..
അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്.. മനസ്സിന്റെ ധൈര്യമാണ് ഏറ്റവും വലുത്… അതിനു മുൻപിൽ ഏത് അസുഖവും കീഴടങ്ങും.. അത് പകർന്നു തന്നു തന്റെ മകളെ പുതുജീവിതത്തിലെത്തിച്ച പൊൻ നക്ഷത്രമാണ് നന്ദുമോൻ..
ആകാശ ക്കോണിലെങ്ങോ അവനുണ്ടാകും.. തന്റെ മകളുടെ തിരിച്ചുവരവിൽ സന്തോഷിച്ചു പുഞ്ചിരിയോടെ…
വീണ്ടും ദിവസങ്ങൾ അടർന്നു പൊയ്ക്കൊണ്ടിരുന്നു,..
എങ്ങനെ അതെല്ലാം തരണം ചെയ്തുവെന്ന് ഗായത്രിക്ക് ഇന്നും അറിയില്ല..
“മോളെന്താ ഓർക്കുന്നെ…”
” ഒന്നുമില്ല അമ്മേ.. അപ്പു വന്നില്ലേ ഇതുവരെ… “
” ദേ ഞാനെത്തി ഗൗരിയേച്ചി “
സ്കൂട്ടി മുറ്റത്തേക്ക് നിർത്തി വച്ചു ഒരു പൊതിയുമായി അവൻ അകത്തേക്ക് വന്നു..
ബന്ധുക്കളിൽ ഇത്തിരിയെങ്കിലും സ്നേഹം കാട്ടി കൂടെ നിന്നത് വലിയമ്മായിയുടെ മകൻ അപ്പു മാത്രമാണ്..
“പൂവ് കൂടി വച്ചപ്പോ… പെണ്ണങ്ങു ഐശ്വര്യ റായി ആയി”
പോടാ കളിയാക്കാതെ.. ഐശ്വര്യ റായി ആയില്ലെങ്കിലും എന്റെ പൊന്നുമോള് പഴയ ഗൗരികുട്ടിയായി.. എന്റെ ചുന്ദരി “
ഗായത്രി ഏറെ വാത്സല്ല്യത്തോടെ പറഞ്ഞു…
” എന്താടാ നീ സിഗരറ്റ് വലിച്ചോ? നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്. അതങ്ങ് നിർത്തിയേക്കാൻ.. അവസാനം അനുഭവിക്കാൻ നീ മാത്രേ കാണു “
” ഓഹ് പോകുമ്പോ അങ്ങ് പോകും.. ഇപ്പോൾ പനി വരുന്നത് പോലെയാ കാൻസർ ഒക്കെ വരുന്നേ… ഇത്രേം അസുഖമായിട്ടും ഗൗരിയേച്ചി വരെ രക്ഷപെട്ടില്ലേ.. ഇപ്പോൾ ചികിത്സകളൊക്കെ ഉണ്ടല്ലോ.. പിന്നെന്താ…. അതുമല്ല. ഒരു കുഴപ്പവുമില്ലാതെ ഓടിച്ചാടി നടന്ന ഗൗരിയേച്ചിക്ക് സിഗരറ്റ് വലിച്ചിട്ടാണോ കാൻസർ വന്നത് “
അപ്പുവിന്റെ വർത്തമാനം കേട്ട് ഗായത്രിദേവി അമ്പരപ്പോടെ അവനെ നോക്കി. എത്ര നിസ്സാരമായിട്ടാണ് അവൻ ഇതൊക്കെ നോക്കി കാണുന്നത്… തന്റെ മകൾ അനുഭവിച്ചതൊക്കെ ഇവൻ കണ്ടിട്ടില്ല കണ്ടിരുന്നുവെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു.
” എനിക്കു നിന്നോട് തർക്കിക്കാൻ വയ്യ അപ്പു.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട “
” ന്നാൽ വാ നമുക്ക് പുറപ്പെടാം.. പ്രകാശൻ സാർ വിളിച്ചിട്ടുണ്ടായിരുന്നു.. “
” ലേഖമ്മ എപ്പോഴേ വിളിക്കുന്നു… പുറപ്പെടാം നമുക്ക് “
കോളേജ് ഓഡിറ്റോറിയം..
നിറഞ്ഞ കയ്യടിക്ക് നടുവിൽ
ഗൗരിയുടെ പോരാട്ടത്തിന്റെ കഥ.. “പുനർജ്ജനി” അതിജീവന രാജകുമാരൻ നന്ദു മഹാദേവയുടെ അമ്മ ലേഖ പ്രകാശനം ചെയ്തു
എല്ലാവരും അവളെ അഭിനന്ദിച്ചു…
ലേഖമ്മ അവളെ ചേർത്തു പിടിച്ചു.പുത്രീ സമാനമായ വാത്സല്ല്യത്തോടെ, അഭിമാനത്തോടെ…
അന്ന് രാത്രി…
അപ്പുവിന്റെ വീട്
പുനർജ്ജനിയുടെ അവസാന പേജും വായിച്ചു തീർത്തപ്പോൾ അവനിൽ നിന്നും ഒരു നെടുവീർപ്പ് ഉതിർന്നു…
അവൻ മെല്ലെ എഴുന്നേറ്റു…
മുറിയിലെത്തിയ അപ്പു ഏറെ ചിന്തിതനായിരുന്നു.. അവനു ഉറക്കം വന്നതേയില്ല.. ഗൗരിയേച്ചി അനുഭവിച്ച നരകയാതനകൾ അവന്റെ ഉള്ളുലച്ചുകൊണ്ടിരുന്നു…
പിറ്റേന്ന് അപ്പുവിന്റെ മുറി അടിച്ചു വാരാൻ അമ്മ സന്ധ്യ മുറിയിലെത്തിയപ്പോഴാണ് കണ്ടത്. വേസ്റ്റ് ബിന്നിലെ ചുരുട്ടിയ സിഗരറ്റുപാക്കറ്റുകൾ…..