രചന : രാജേഷ് ദീപകം ✍️
കിറ്റ്ബോക്സ് പോലീസ് ട്രെയിനിങ്ങിൽ തുടങ്ങി സന്തതസഹചാരിയായി കൂടെകൂടിയ അനുഭവങ്ങളുടെ ഓർമകളുടെ, രഹസ്യങ്ങളുടെ ഒരു ചെപ്പ് കൂടിയാണ്. നീണ്ടമുപ്പത്തിയഞ്ച് വർഷം കഴിഞ്ഞ് ഞങ്ങൾ ഒരു സ്മരണിക തയ്യാറാക്കാൻ ആലോചിച്ചപ്പോൾ പയ്യന്നൂർ മുരളി നിർദേശിച്ച പേരും മറ്റൊന്നായിരുന്നില്ല. അതിന്റെ പണിപ്പുരയിൽ നിൽക്കുമ്പോൾ ആണ് എന്തായിരുന്നു ഞങ്ങൾ പോലീസുകാർക്ക് ‘കിറ്റ്ബോക്സ് ‘എന്ന ചിന്ത മനസ്സിൽ നിറഞ്ഞത്. ട്രെയിനിങ്ങിന്റെ ആദ്യനാളിൽ തന്നെ മുടിമുറിച്ച് മൊട്ടതലയന്മാരായി ക്യു നിന്ന് വാങ്ങിച്ച കുറെ സാധനങ്ങൾ ഉണ്ട്. ബൂട്ട്, സോക്സ്തുടങ്ങി പ്രാഥമികകൃത്യത്തിന് ഉൾപ്പെടെ ഒരാൾക്ക് നിത്യജീവിതത്തിൽ വേണ്ടതായ എല്ലാം ആ ബോക്സിൽ അച്ചടക്കത്തോടെ കഴിഞ്ഞു. പരേഡ് മുന്നോട്ട് പോകവേ കിറ്റ് ബോക്സിൽ പുതിയ അതിഥികൾ എത്താൻ തുടങ്ങി. സേനാചട്ടങ്ങൾക്ക് വിരുദ്ധമായ പലതും അതിൽ ഇടം പിടിച്ചു…………
ഒരു പ്രഭാതം. ഗുരുവായൂരപ്പന്റെ സ്തുതിഗീതം കേട്ട് ഞാനുണർന്നു… തൊട്ടടുത്തുള്ളസച്ചി കിറ്റ്ബോക്സിനുള്ളിലേക്ക് നോക്കി പ്രാർത്ഥിക്കുന്നു. “”എന്റീശ്വരാ….. എന്റെ കാലുവേദന മാറ്റണെ…..എന്നെ രക്ഷിക്കണേ…… മനമുരുകും വേദനയിൽ……”ബൂട്ടിട്ട് പൊട്ടിയ കാലുകൾ നോക്കി സച്ചി പ്രാർത്ഥിക്കുന്നു. അന്നാണ് കിറ്റ് ബോക്സ് ഒരു ദേവാലയമാണെന്ന് എനിക്ക് മനസ്സിലായത്. അതിന്റെ അകത്ത് ഗുരുവായൂരപ്പന്റെ വർണ്ണചിത്രം. ചന്ദനതിരിയുടെ സുഗന്ധം. ബാരക്കിൽ അത് പടർന്ന് ഉന്മേഷം നൽകുന്നു………….. അടുത്താഴ്ച കോവളം ഗോപന്റെ കിറ്റ് ബോക്സ് റെയിഡിന് വിധേയമാകുന്ന ഭീകരകാഴ്ചയും ഞാൻ കണ്ടു. പ്ലട്ടൂൺ കമാണ്ടറുടെ നേതൃത്വത്തിൽ അന്ന് നടന്ന റെയിഡിൽ രണ്ട് കവർ ദിനേശ് ബീഡി,ഒരു കവർ കാജാ,തീപ്പെട്ടികൊള്ളിയുടെ മരുന്ന് തേച്ചഭാഗത്തിന്റെ മൂന്നുകഷണങ്ങൾ, ഒരു പൊതി വാസനപാക്ക് എന്നിവ പിടിക്കപ്പെട്ടു.
പ്രതിയായ ഗോപന്റെ മൊഴി രേഖപെടുത്തിയതിൽ അതിൽ നിന്നും പങ്ക് പറ്റിയ രാജേഷ്, മെഴുവേലി വേണു, ചന്തു, സുരേഷ്, ഉണ്ണൂണ്ണി എന്നിവർ യഥാക്രമം രണ്ടും, മൂന്നും, നാലും, അഞ്ചും പ്രതികളായി. ശിക്ഷ വിധിക്കപ്പെട്ടു. ഒരു കൂട് ബീഡി മുഴുവനായി കത്തിച്ചുവായിൽ തിരുകി തന്നു.അതുമായി വരാന്തയിൽ സ്ലോ മാർച്ച്…. രണ്ട് പുക മാത്രമേ തനിക്ക് കിട്ടിയുള്ളൂ എന്നഉണ്ണൂണ്ണിയുടെ എതിർവാദം അച്ചടക്കലംഘനമായി വിധിച്ചതിനാൽ, തലകീഴായി കിടന്ന് ബീഡി വലിക്കാനുള്ള സൗഭാഗ്യവും ഉണ്ണൂണ്ണി അച്ചായൻ കരസ്ഥമാക്കി. എതിർ അഭിപ്രായം പറഞ്ഞ സുരേഷ് പിൽക്കാലത്ത് തവളചാട്ടത്തിൽ കേരളത്തിന്റെ മെഡൽപ്രതീക്ഷയായി. ……..
ബീഡി വാങ്ങുന്നതിൽ മെസ്സിലെ ശ്രീധരേ ട്ടന്റെ പങ്ക് തെളിഞ്ഞെങ്കിലും കുഴപ്പം ഒന്നും ഉണ്ടായില്ല (ഈ ശ്രീധരേട്ടൻ ചപ്പാത്തി, കോഴിക്കറി കുംഭകോണകേസിൽ പ്രതിയാണ്. സ്കഡ് സുരേന്ദ്രണ്ണൻ ടി കേസിൽ കൂറ് മാറി, ശനിയാഴ്ചറോൾ കോൾ സമയം മതിലിന് അപ്പുറം ഉള്ള തരിവളകൈയ്യിൽ ചപ്പാത്തിയും കോഴിക്കറിയും കൈമാറുന്ന ദൃശ്യം കണ്ടത് സു രേന്ദ്രണ്ണ ൻ )……………….
ഏപ്രിൽ മെയ് മാസം മാങ്ങാട്ട്പറമ്പ് വേനലിൽ പൊള്ളുന്ന സമയം. വെള്ളത്തിന് ക്ഷാമം നേരിട്ട കാലം. കിറ്റ്ബോക്സിൽ ചെറിയബക്കറ്റുകളിൽ വെള്ളം നിറച്ച് ഗോദ്റേജ് പൂട്ടിട്ട് പൂട്ടിയ കാലം.ജലമോഷണം പതിവായിരുന്നു. ആദ്യം ഉണരുന്നവൻ ആരുടെയെങ്കിലും നിറഞ്ഞ ബക്കറ്റുമായി അഭയകേന്ദ്രത്തിലേക്ക് പ്രയാണം തുടങ്ങും. അവകാശി ഉണർന്ന് നോക്കുമ്പോൾ കാലിയായ ബക്കറ്റ്. ചങ്ക് തകർന്ന നിമിഷങ്ങൾ. അങ്ങനെ എന്റെ ബക്കറ്റ് കണ്ടോ? എന്ന് പാട്ട് പാടി,ചെമ്മീനിലെ പരീക്കുട്ടിയെ പോലെ നടന്ന സദാശിവൻ പിൽക്കാലത്ത് ‘ബക്കറ്റ് സദാശിവൻ “എന്നറിയപ്പെട്ടു…… ….
ഇതിനിടയിൽ ക്യാമ്പിന് അടുത്തുള്ള കാട്ടിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടി ബാരക്കിൽ കയറിയ മുയലിനെ കിറ്റ്ബോക്സിലിട്ടു പൂട്ടിയ സുരേന്ദ്രനെ വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റം ചുമത്തി നൂറ്റിയൊന്നുതവണ തവളചാട്ടത്തിനും, അരകിലോമീറ്റർ മുട്ടേൽ ഇഴയാനും വിധിച്ചു.വിധി കേട്ട സുരേന്ദ്രൻ പറശ്ശിനി മുത്തപ്പന് എന്തോ നേർച്ചനേർന്നതിലാകണം ശിക്ഷ വിധിച്ച ഓഫീസർക്ക് പനിയും, കിടുങ്ങലുമായി രണ്ടാഴ്ച ആശുപത്രിവാസം അനിവാര്യമായി. അതിൽ പിന്നെ സുരേന്ദ്രനെ ആരും ശിക്ഷിച്ചില്ല……………
ആള് മാറി നടരാജൻ സാറിനോട് ബീഡി ചോദിച്ച അച്ചൻ കുഞ്ഞ് ഒരു രാത്രി മുഴുവൻ കിറ്റ് ബോക്സും ചുമന്ന് ബാരക്കിന്റെ തെക്കുവടക്ക് നടന്ന് ബോധം കെട്ട് വീണു.അത് അഭിനയമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പരേഡ് ഗ്രൗണ്ടിലെ നാല് മൂലയിൽ നിന്നും ഓരോ കല്ല് മുട്ടേൽ ഇഴഞ്ഞ് എടുത്തുകൊണ്ട് വരുവാനുള്ള നിയോഗവും അച്ചൻകുഞ്ഞിന് ലഭിച്ചു. ……. ……
ഇതിനിടയിൽകുര്യന്റെ കിറ്റ്ബോക്സിൽ നിന്നും ആയിരത്തിയൊന്ന് പ്രേമലേഖനങ്ങൾ പിടിക്കപ്പെട്ടതായി റോൾകോളിൽ വാർത്ത പരന്നു.കൈക്കൂലി വാങ്ങി അരവിന്ദന്റെ പ്രണയലേഖനം പോസ്റ്റ് ചെയ്യാൻ പുറത്തേക്ക് പോയ മെസ്സ് ജീവനക്കാരൻപിടിക്കപ്പെട്ടു(രാത്രിയിൽ മെഴുകുതിരി വെട്ടത്തിൽ കിറ്റ് ബോക്സിൽ തല കടത്തി എഴുതിയതാണ് പ്രേമ ലേഖനങ്ങൾ. പിടിക്കപ്പെട്ടാൽ തീർന്നു കഥ ).തുടർന്ന് കിറ്റ് ബോക്സ് കേന്ദ്രമാക്കി നടന്ന വ്യാപകപരിശോധനയിൽ ഒട്ടേറെ ചെറുപുസ്തകങ്ങൾ, ചിത്രങ്ങൾ, നിരോധിക്കപ്പെട്ട ലഘുരേഖകൾ പിടിക്കപ്പെട്ടു. അക്കാരണത്താൽ മൊത്തം പേരും പാതിരാത്രിയിൽ നല്ല ഉറക്കത്തിൽ വിസിൽ പ്രകാരം ഉണർത്തപ്പെട്ടു. ഒരു മണിക്കൂർ റോൾകോൾ പോലെ ബാരക്കിന്റെ മുറ്റത്ത് നിർത്തപ്പെട്ടു. എന്തിനെന്ന് അറിയാതെ ദയാനന്ദനെ, ഉണ്ണിയെ, അശോകനെ, സുരേന്ദ്രനെ, പോലെ ഏറെ പേരും ഉണ്ടായിരുന്നു……………
ബാരക്കിൽ നടന്ന ചെറിയ ഉരസലിൽ പകൽകുറി സജിയും, ജിം ജയനും കിറ്റ്ബോക്സിന് മുകളിലേക്ക് മറിഞ്ഞുവീണെങ്കിലും പരിക്ക് പറ്റിയില്ല. രണ്ട് പേർക്കും അത് വഴി തോക്ക് തലയ്ക്ക് മുകളിൽ പിടിച്ച് കടൽ പോലെ പരന്ന പരേഡ് ഗ്രൗണ്ട് മുഴുവൻ ഓടുവാൻ സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. …………
കിറ്റ്ബോക്സിനെ സ്യുട്ട്കേസോളം സ്നേഹിച്ചവർ തന്നെ ഉണ്ടായിരുന്നു. അവർ പിൽക്കാലം സ്യുട്ട്കേസ് എന്ന നാമത്തിൽ അറിയപ്പെട്ടു……………വ്യാഴം ഫെറ്റിക് ദിവസമാണ്. അന്ന് ക്യാമ്പിന്റെ പറമ്പിൽ നിന്നും കശുവണ്ടി കിറ്റ്ബോക്സിൽ നിറച്ച് ഇടവേളകളിൽ വീട്ടിൽ എത്തിച്ച് ചിലർ ഗിന്നസ് റിക്കാർഡ് ഇട്ടു. …. ……….. എം. എസ്. പി യിൽ വന്നപ്പോൾ കിറ്റ് ബോക്സ് മറ്റൊരു വലിയ ദുഖമായി. കരുണേട്ടന്റെ കിറ്റ് ബോക്സ്. തന്റെ സമ്പാദ്യം മുഴുവൻ കിറ്റ് ബോക്സിൽ നിക്ഷേപിച്ച് അത് ചങ്ങല കൊണ്ട് വരിഞ്ഞുകെട്ടി ജനലിൽ ബന്ധിച്ചു പൂട്ടിട്ടു പൂട്ടി താക്കോൽ ഉടുമുണ്ടിന്റെ കോന്തലയിൽ തിരുകി കുന്നുമ്മലേക്ക് പോകുന്ന കരുണേട്ടൻ,…. ഒരിക്കൽ രമണനുമായി പണം കടം(ഇരുന്നൂറ് രൂപ )ചോദിക്കാൻ ചെന്നപ്പോൾ ആ പെട്ടി തുറന്നത്, അഞ്ചിന്റെ, പത്തിന്റെ, നൂറിന്റെ നോട്ടുകൾ അടുക്കി വെച്ചിരിക്കുന്നു.. (കരുണേട്ടൻ എന്ന കഥ എഴുതിയത് വായിച്ചവർ ഓർക്കുമല്ലോ…..)…….എന്തിനേറെ പറയണം.
കിറ്റ് ബോക്സ് ഒരു ജീവിതം തന്നെയായിരുന്നു. ചിരിയും, ചിന്തയും, ദുഖവും നിറഞ്ഞ ഓർമ്മകളുടെ പെട്ടി……….. ഇന്നും ഓർമിച്ചി രിക്കയാണ്….. ഒപ്പം ഹൃദയത്തിൽ ഒത്തിരി നൊമ്പരവുമായ “കിറ്റ്ബോക്സ് “.
